മാൾബോറോ, ന്യു ജേഴ്‌സി: ദേവീ ചൈതന്യവും തീക്ഷണമായ ഭക്തിയും തുടിച്ചു നിന്ന അന്തരീക്ഷത്തിൽ മാൾബോറോയിലെ ശ്രീ ഗുരുവായൂർപ്പൻ ക്ഷേത്രത്തിൽ പൊങ്കാലയുടെ പുണ്യവും ആത്മീയ നന്മകളും പ്രാപിച്ച് 350 -ൽ പരം വനിതകൾ ആറ്റുകാൽ പൊങ്കാല ഇട്ടു. കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ പൊങ്കാല ആഘോഷത്തിന് സംഘാടകരായത് കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി (കെഎച്ച്എൻജെ) ആണ്.
ചടങ്ങുകൾ എല്ലാം നാട്ടിലേതു പോലെ തന്നെ പിന്തുടർന്നു. ആറ്റുകാൽ ഭഗവതിയെ ധ്യാനിച്ച് ഏഴാംകടലിനക്കരെ ഒരുക്കിയ പൊങ്കാല ചടങ്ങുകളിൽ ദീപ്തമായ ഭക്തി പങ്കെടുത്തവരുടെ ഹൃദയങ്ങളിൽ നിറഞ്ഞു തുളുമ്പി.
ഈ വർഷത്തെ പൊങ്കാലയിൽ ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഒഹായോ, പെൻസിൽവേനിയ, കണക്ടിക്കട്ട്, ബോസ്റ്റൺ, മസാച്യുസെറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾ പങ്കെടുത്തു.
കെഎച്ച്എൻജെ ട്രസ്റ്റി ചെയർമാൻ അജിത് ഹരിഹരനും കെഎച്ച്എൻജെ പ്രസിഡന്റ് രഞ്ജിത്ത് പിള്ളയും പരിപാടികൾ ഏകോപിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്തു. കെഎച്ച്എൻജെ എക്സ്-ഒഫീഷ്യോ സഞ്ജീവ് നായർ, ജനറൽ സെക്രട്ടറി രൂപ ശ്രീധർ, എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആശ അജയ്, സുജ വിമൽ, ലിഷ ഐശ്വര്യ ചന്ദ്രൻ, സിന്ധു സുരേഷ് , എന്നിവർ ഈ പരിപാടി മികച്ച വിജയമാക്കാൻ പ്രവർത്തിച്ചു.
2019 ൽ 20 പേരുമായാണ് പൊങ്കാല ആരംഭിച്ചത് . കഴിഞ്ഞ 3 വർഷമായി 150 ൽ കൂടുതൽ പേർ വീതം പൊങ്കാല ഇടാൻ എത്തി. ഈ വർഷം ഇത് 350-ൽ പരം ആയി.
ഭക്തിസാന്ദ്രമായ ചടങ്ങുകൾ രാവിലെ 9:00 മണിക്കാരംഭിച്ചു. ഉച്ചയ്ക്ക് 1:30 നു ലഞ്ചോടെ ആഘോഷങ്ങൾ സമാപിച്ചു.
ദേവീകൃപ കൊണ്ട് എല്ലാ ചടങ്ങുകളും ഒന്നിനൊന്നു മെച്ചപ്പെട്ടു നിന്നതിൽ ഭാരവാഹികളും സംതൃപ്തി പ്രകടിപ്പിച്ചു.