ട്രംപ് ഭരണകൂടം നാടു കടത്തിയ 259 കുറ്റവാളി സംഘ അംഗങ്ങളെ എൽ സാൽവദോറിൽ കുപ്രസിദ്ധമായ സെക്കോട്ട് ജയിലിൽ അടച്ചു. വെനസ്വേലൻ ട്രെൻ ഡേ അറഗ്വാ സംഘത്തിലെ 238 പേരും എൽ സാൽവദോറിന്റെ എം എസ്-13 ലെ 21 പേരും 15,000 പേരെ പാർപ്പിച്ചിട്ടുള്ള ജയിലിൽ പ്രവേശിച്ചത് ശനിയാഴ്ച്ച രാത്രിയാണ്.
യുദ്ധകാല ഉപയോഗത്തിനായി യുഎസ് 1798ൽ കൊണ്ടുവന്ന ഏലിയൻ എനിമീസ് ആക്റ്റ് ഉപയോഗിച്ചുള്ള നാടുകടത്തൽ ശനിയാഴ്ച്ച വൈകിട്ട് 7 മണിയോടെ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് ജെയിംസ് ബോസ്‌ബർഗ് തടഞ്ഞിരുന്നു. നാടുകടത്തുന്നവരെ കയറ്റിയ വിമാനങ്ങൾ ഉടൻ തിരിച്ചിറക്കാൻ ഉത്തരവിട്ട ജഡ്‌ജ് 14 ദിവസത്തേക്കാണ് നടപടി തടഞ്ഞത്.
കോടതി ഉത്തരവ് വന്നപ്പോഴേക്കു വിമാനങ്ങൾ യുഎസ് അതിർത്തിക്കപ്പുറം പോയതിനാൽ ഉത്തരവ് അപ്രസക്തമായി എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് ഞായറാഴ്ച്ച പറഞ്ഞത്.
വിമാനങ്ങൾ യുഎസ് വ്യോമാതിർത്തി കടന്നു കഴിഞ്ഞിരുന്നുവെന്നും ഉത്തരവ് അനുസരിക്കാൻ നിവൃത്തിയില്ലായിരുന്നുവെന്നും 'ആക്‌സിയോസ്' പറയുന്നു. യുഎസ് ടൈം സോണിനു രണ്ടു മണിക്കൂർ പിന്നിലുള്ള എൽ സാൽവദോറിൽ ശനിയാഴ്ച്ച രാത്രിയാണ് വിമാനം ഇറങ്ങിയതെന്നു സാൽവദോർ പ്രസിഡന്റ് നയീബ് ബുക്കളെ പുറത്തു വിട്ട ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.
കോടതികളിൽ ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാനാണ് നാലു പ്രാവശ്യം മാത്രം ഉപയോഗിച്ചിട്ടുള്ള നിയമം ട്രംപ് ഭരണകൂടം എടുത്തു പ്രയോഗിച്ചത്. അതേപ്പറ്റി വിശദമായ വാദങ്ങൾ കേൾക്കുന്നതു വരെയാണ് ജഡ്‌ജ് തടഞ്ഞത്.
ഏതു കുറ്റവാളിയെയും സാൽവദോർ സ്വീകരിക്കും
എൽ സാൽവദോറിൽ കുറ്റവാളികളെ സ്വീകരിക്കാൻ കഴിഞ്ഞ മാസം യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയുമായി (53) നടത്തിയ ചർച്ചയിൽ പ്രസിഡന്റ് ബുക്കളെ (43) സമ്മതിച്ചിരുന്നു. ഇപ്പോൾ അവിടെ ജയിലിൽ കയറിയ 21 പേർ അന്നാട്ടിലെ കുപ്രസിദ്ധ കുറ്റവാളികളാണെന്നു അദ്ദേഹം പറയുന്നു. ഒരാൾ സംഘത്തലവനുമാണ്. യുഎസിലേക്കു കടന്നു കളഞ്ഞ അവരെ തിരിച്ചു എത്തിച്ചതിൽ യുഎസിന് അദ്ദേഹം നന്ദി പറഞ്ഞു.
ഏതു രാജ്യത്തു നിന്നുള്ള കുറ്റവാളികളെയും എൽ സാൽവദോർ സ്വീകരിക്കുമെന്നാണ് ധാരണ. ഭക്ഷണം പോലും നൽകാതെ തടവുകാരെ പീഡിപ്പിക്കുന്ന കുപ്രസിദ്ധി ഈ ജയിലിനുണ്ട്. തടവുകാർ തമ്മിലടിച്ചു മരിക്കുന്നതും അപൂർവമല്ല.
ജഡ്‌ജ് ബോസ്‌ബെർഗിന്റെ ഉത്തരവ് വൈകിപ്പോയെന്നു ബുക്കളെയും സോഷ്യൽ മീഡിയയിൽ കുറിച്ചു. കൈകളിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ട തടവുകാരെ ജയിലിൽ കടന്നയുടൻ തല മൊട്ടയടിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം പോസ്റ്റ് ചെയ്തു.
അമേരിക്കൻ സിവിൽ ലിബേർട്ടിസ് യൂണിയനാണ് ട്രംപിന്റെ നടപടിക്കെതിരെ കോടതിയിൽ പോയത്.
Deported gang members jailed in Salvador