തിരുവനന്തപുരം: സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ തങ്ങൾക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിർമ്മിതികൾക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാർ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും എമ്പുരാൻ സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
സിനിമ ഒരു കൂട്ടം കലാകാരൻമാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിൻ്റെയും ഭീരുത്വത്തിൻ്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ചരിത്ര സത്യങ്ങൾ തെളിഞ്ഞുതന്നെ നിൽക്കുമെന്നത് മറക്കരുതെന്നും എമ്പുരാനും അണിയറ പ്രവർത്തകർക്കുമൊപ്പമാണ് എന്നുമാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചത്.
അതേസമയം, എമ്പുരാൻ’ രാഷ്ട്രീയ വിവാദമായിരിക്കെ സിനിമയെ തള്ളിപറഞ്ഞിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. എമ്പുരാൻ സിനിമ കാണില്ലെന്ന് ആണ് ചന്ദ്രശേഖർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി സംസ്ഥാന ബിജെപിയിൽ ആശയക്കുഴപ്പം വന്നപ്പോഴും ‘എമ്പുരാൻ’ കാണുമെന്ന് പറഞ്ഞ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. എന്നാൽ ചിത്രം കാണുമെന്ന പ്രഖ്യാപനം ആർഎസ്എസിന്റെ എതിർപ്പ് സമ്പാദിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കണ്ണിലെ കരടായി മാറുമെന്ന് ഉറപ്പായതോടെയുമാണ് ചന്ദ്രശേഖർ ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുന്നത് എന്നാണ് ഉയരുന്ന വിമർശനം.