ടെല്‍ അവീവ്: ഗാസയുടെ തെക്കേയറ്റത്തെ റാഫാ നഗരം പിടിച്ചെടുത്ത് ഇസ്രയേല്‍ സൈന്യം. നഗരം പൂര്‍ണമായി വളഞ്ഞ ഇസ്രയേല്‍ സൈന്യം സുരക്ഷാ ഇടനാഴിയൊരുക്കിയതായി പ്രഖ്യാപിച്ചു. ഗാസയിലെമ്പാടും സൈന്യമിറങ്ങുന്നതിനു മുന്നോടിയായാണ് മൊറാഗ് എന്ന സുരക്ഷാ ഇടനാഴി സൃഷ്ടിച്ചത്. ഇതോടെ ഗാസയുടെ മറ്റുഭാഗങ്ങളും റാഫായുമായുള്ള ബന്ധം വേര്‍പെട്ടു പലസ്തീന്‍കാരോട് ഒഴിയാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് ആവശ്യപ്പെട്ടു. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതുവരെ യുദ്ധം തുടരുമെന്നും പറഞ്ഞു.
ഇതിനിടെ, ഹമാസ് സായുധവിഭാഗമായ ഖാസം ബ്രിഗേഡ് ബന്ദിയായ ഇസ്രയേലി സൈനികന്റെ വിഡിയോ പുറത്തുവിട്ടു. ഇസ്രയേല്‍-യുഎസ് പൗരത്വമുള്ള ഈഡന്‍ അലക്‌സാണ്ടര്‍ തന്റെ മോചനം സാധ്യമാക്കാതിരുന്ന ഇസ്രയേല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിഡിയോയാണിത്.