ബാള്‍ട്ടിമോര്‍: തിരുവനന്തപുരം പോലിസ് കമ്മിഷണറായ പി. വിജയന്‍ ഐ.പി.എസിനു ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം
വിദ്യാര്‍ത്ഥികളില്‍ നിയമബോധവും പൗരബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ
നടപ്പാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി), ലഹരി ഉപയോഗത്തിലും
മോഷണശ്രമത്തിലുംപെട്ട കുട്ടികുറ്റവാളികളെ ജീവിതത്തിലേക്ക്
മടക്കികൊണ്ടുവരാന്‍ ലക്ഷ്യമിട്ട് രൂപംനല്‍കിയ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി
ടു ചില്‍ഡ്രന്‍ (ഒ. ആര്‍. സി) എന്നീ പദ്ധതികളാണ് അമേരിക്കയിലെ പ്രശസ്തമായ
ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. രണ്ട് പദ്ധതികളുടെയും
നോഡല്‍ ഓഫീസര്‍ എന്ന നിലയില്‍ സര്‍വ്വകലാശാലയുടെ ഫെല്ലോഷിപ്പിന് അദ്ദേഹം
തിരഞ്ഞെടുക്കപ്പെട്ടു.
ഹോപ്കിന്‍സ് സര്‍വ്വകലാശാലയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ടുബാക്കോ
കണ്‍ട്രോള്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിലേയ്ക്ക് പ്രത്യേക ക്ഷണം ലഭിച്ച
അദ്ദേഹം ഇപ്പോള്‍ ബാള്‍ട്ടിമോറില്‍ നടന്നു കൊണ്ടിരിക്കുക്കുന്ന
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയാണ്.
സ്റ്റുഡന്റ് പൊലീസ് പദ്ധതി മുമ്പ് ദേശീയ തലത്തിലും ശ്രദ്ധ
ആകര്‍ഷിച്ചിരുന്നു. മാത്രമല്ല പദ്ധതി പ്രധാനമന്ത്രിയുടെ ശ്രദ്ധ
പിടിച്ചുപറ്റുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളും ഈ വര്‍ഷം മുതല്‍ പദ്ധതി
നടപ്പാക്കുകയാണ് എന്നതും കേരള പോലീസിന് അഭിമാനമാവുകയാണ്.
കുട്ടികളില്‍ കുറ്റവാസനയും ലഹരി ഉപയോഗവും വര്‍ദ്ധിച്ചുവന്ന സാഹചാര്യം
മുന്നില്‍ കണ്ടാണ് കോഴിക്കോട് കമ്മീഷണറായിരിക്കെ 2012 ല്‍ 'ഔവര്‍
റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍' എന്ന പദ്ധതിയ്ക്ക് തുടക്കമിട്ടത്.
പദ്ധതി വന്‍ വിജയമായതോടെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും
വ്യാപിപ്പിക്കുകയായിരുന്നു.
1999 ഐ.പി. എസ് ബാച്ച് കേരളാ കേഡര്‍ ഓഫീസറായ പി. വിജയന് മുമ്പും നിരവധി
അംഗീകാരങ്ങള്‍ ലഭിച്ചട്ടുണ്ട്. മലബാര്‍ കള്‍ച്ചറല്‍ സൊസൈറ്റി അവാര്‍ഡ്,
ലയണ്‍സ് ക്ലബ് അവാര്‍ഡ്, മലയാള മനോരമ അവാര്‍ഡ്, സെന്റ് ജോര്‍ജ്ജ് അവാര്‍ഡ്
തുടങ്ങിയവ മികച്ച സേവനത്തിന് ലഭിച്ച പുരസ്‌കാരങ്ങളില്‍ ചിലത് മാത്രമാണ്.
കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലെ വൈദഗത്യം മുന്‍നിര്‍ത്തി ഡി. ജി.പി,
എ.ഡി.ജി.പി, ഐ.ജി.പി, ഡി.ഐ.ജി എന്നിവരുടെ പ്രത്യേക പ്രശംസയ്ക്കും
പാത്രമായിട്ടുണ്ട്.
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പാമ്പിന്‍ വിഷംകടത്ത്, തീവ്രവാദ
സാന്നിധ്യത്താല്‍ ശ്രദ്ധിക്കപ്പെട്ട കളമശേരി ബസ് കത്തിക്കല്‍ കേസ്, ശബരിമല
തന്ത്രി കേസ്, തോപ്പുംപടി പെണ്‍വാണിഭ കേസ്, കോടാലി ശ്രീധരന്‍ കേസ്,
സംസ്ഥാനം കണ്ടിട്ടുള്ളത്തില്‍ വെച്ച് ഏറ്റവും വലിയ ബാങ്ക് മോഷണമായ ചേലമ്പ്ര
ബാങ്ക് കവര്‍ച്ച തുടങ്ങിയ നിരവധി പ്രമാദമായ കേസുകളുടെ വിജയകരമായ
അന്വേഷണത്തിനും നേതൃത്വം നല്‍കിയതിലൂടെ സംസ്ഥാനത്തെ പ്രഗല്‍ഭനായ പൊലീസ്
ഉദ്യോഗസ്ഥന്‍ എന്ന നിലയിലും അദ്ദേഹം വേറിട്ട് നിന്നു. കാസര്‍ഗോഡ് എസ്.പി,
തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, മലപ്പുറം എസ്.പി, കൊച്ചി സിറ്റി പൊലീസ്
കമ്മീഷണര്‍ തുടങ്ങിയ ഉന്നത പദവികള്‍ വഹിച്ച ശേഷമാണ് തലസ്ഥാന നഗരിയിലെ
കാക്കിപ്പടയുടെ നായകനായി എത്തുന്നത്. നേട്ടങ്ങളുടെ പടവുകള്‍ ചവിട്ടുമ്പോള്‍
ജീവിതത്തിലും പ്രവര്‍ത്തനവീഥിയിലും താങ്ങും തണലുമായി സഹധര്‍മ്മിണി ഡോ. എം.
ബിനാ ഐ. എ. എസ് (നാഷണല്‍ റൂറല്‍ ഹെത്ത്മിഷന്‍ ഡയറക്ടര്‍) കൂടെയുണ്ട്.
പരാജയത്തെ വിജയത്തിന്റെ ചവിട്ടുപടിയെന്ന് നിര്‍വചിക്കാമെങ്കില്‍ അത്
സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ചുരുക്കം പേരില്‍ ഒരാളാണ് അദ്ദേഹം.
പത്തിന്റെ പടിവാതിക്കല്‍ പഠനം നിര്‍ത്തേണ്ട ഗതികേടില്‍ നിന്നും
കൈവിട്ടുപോകാവുന്ന ജീവിതത്തെ നിശ്ചയദാര്‍ഡ്യം ഒന്നുകൊണ്ടുമാത്രം
കൈയ്യെത്തിപിടിച്ചു. ആ മനക്കരുത്തിന്റെ പിന്‍ബലത്താല്‍ വിദ്യാലോകത്തെ
പടികള്‍ റാങ്കിന്റെ പൊന്‍ശോഭയോട് കൂടിതന്നെ പിന്നിട്ടു.
നേട്ടങ്ങളുടെ പടവുകള്‍ പിന്നിടുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്റെ
കുപ്പായത്തിനൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പിന്‍ബലവും അദ്ദേഹത്തെ
ധീരമായി നയിക്കുന്നു.
ക്രമസമാധാനവും സാമൂഹ്യ താല്പര്യങ്ങളും ഒരുപോലെ കാത്ത് രക്ഷിക്കുക
എന്നതിനുപരി വരുംതലമുറയെ ലക്ഷ്യമാക്കി നാടിന്റെ സമഗ്ര നന്മയ്ക്ക് വേണ്ടി
നടപ്പിലാക്കിയ സേവനങ്ങള്‍ക്കുള്ള പ്രശംസയാണ് ഈ അംഗീകാരം. നിയമവ്യവസ്ഥയുടെ
ചട്ടകൂടില്‍ നില്‍ക്കുന്ന വ്യക്തിയുടെ മനസോടെയല്ല വിജയന്‍ എന്ന പോലീസ്
ഉദ്യോഗസ്ഥന്‍ സമൂഹത്തെ നോക്കികണ്ടത്. സാമൂഹിക നന്മ എന്ന കാഴ്ചപ്പാടോടെ
സമൂഹത്തെ വീക്ഷിച്ചപ്പോള്‍ തഴയപ്പെട്ട ചില മനുഷ്യമുഖങ്ങളാണ് അദ്ദേഹത്തിന്റെ
മനസ്സിനെ മാടിവിളിച്ചത്. ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെയും പോലീസ്
ഉദ്യോഗസ്ഥന്റെയും റോളില്‍ സാമൂഹ്യപ്രതിബദ്ധത മുന്‍നിര്‍ത്തി നവീന
പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.