Image

വീടിനോടുള്ള ആർത്തി ( റൂബിയുടെ ലോകം : റൂബി എലിസ )

Published on 26 January, 2025
വീടിനോടുള്ള ആർത്തി ( റൂബിയുടെ ലോകം : റൂബി എലിസ )

കേരളത്തിൽ നീളെയുള്ള വീടുകൾ കാണുമ്പോൾ  എപ്പോഴും ചിന്തിക്കാറുണ്ട് , ഒരു മനുഷ്യന്റെ ശരാശരി ജീവിത സമയത്തെപ്പറ്റി.

വെറും വീട് വെക്കാൻ മാത്രം ജീവിച്ചു മരിക്കുന്ന ജന്മങ്ങൾ ആയി മാറുകാണോ മലയാളികൾ എന്ന്. എന്നിട്ട് എത്ര കുറഞ്ഞ സമയം മാത്രമാണ് നമ്മൾ അതിൽ ചിലവഴിക്കുന്നത്.
പണ്ട് ഏഴും എട്ടും മക്കളുള്ള വീട്ടിൽ മക്കളെല്ലാം കൂടി ഒന്നിച്ച് ഒരു മുറിയിൽ കിടന്നിരുന്ന കാലം. ഉണ്ടായിരുന്നത് ഒരു മുറിയും അടുക്കളയും വരാന്തയും, കക്കൂസും കുളിമുറിയും പുറത്ത് എവിടെയോ മാറി .... ചില വീടുകളിൽ ആൺ മക്കൾ പത്തായപ്പുറത്തോ, അല്ലെങ്കിൽ ബെഞ്ചിൻമേലോ കിടന്നുറങ്ങിയിരുന്ന കാലം. പിന്നീട് മക്കൾ പഠിച്ചു വിദേശത്ത് പോയതോടെ ചില്ലിട്ട കൊട്ടാരങ്ങൾ ആയി കൂണുപോലെ..
അയലോക്കത്തെ വീട് നോക്കി അതിന്റെ ഡബിൾ വീട് പണിയുക എന്നൊരു വാശി കൂടി...
എന്നിട്ട് അതിൽ കിടന്നുറങ്ങാൻ വല്യപ്പനും വല്യമ്മയും മാത്രം.. ചിലയിടത്ത് ഒരാൾ മാത്രം. വീടുകരം  അടയ്ക്കുന്നതൊന്നും ഒരു പ്രശ്നമേ അല്ല....
ഒരു വീടിന്റെ  ചിലവിന്റെ  പകുതി പണവും മറ്റുള്ളവർക് കണ്ടു കണ്ണ് തള്ളാൻ വേണ്ടി  ആണ്  ചിലവാക്കുന്നത്.
രണ്ടുവർഷം കൂടുമ്പോൾ പെയിന്റ് അടി തന്നെ ആറുമാസത്തേക്ക്, അതിന് ചിലവാകുന്ന പൈസയൊക്കെ ഒരു പ്രശ്നവുമില്ല... കാരണം വിദേശ പണമാണ്.. സാധാരണക്കാരും മോശമല്ല ലോണെടുത്ത് വീട് പണിയും മറ്റവന്റെ വീടിനേക്കാൾ ഡബിൾ....
പ്രതീക്ഷിച്ചതു പോലെ മറ്റുള്ളവരുടെ കണ്ണ് തള്ളുകയും  ചെയ്യുന്നു അതോടു കൂടി അവന്റെ   കടബാധ്യതയും കൂടുന്നു. പെണ്ണിനേയും മക്കളെയും രക്ഷിതാക്കളെയും വിട്ട് അവൻ ജോലി ചെയ്യാൻ വേണ്ടി മാത്രം ദൂരത്ത് ജീവിക്കുന്നു... ലോൺ അടച്ചു തീർക്കണ്ടേ...
വീടിന്റെ മഹിമ നോക്കിയാണ് കല്യാണങ്ങളും വരിക...
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആകരുത് വീട്.
പല സ്വപ്നങ്ങളും സമാധാനത്തോടെ ഇരുന്നു കാണാനുള്ള ഒരു ഇടമാകണം വീട്..
ലൈഫ് എന്ന് പറയുന്നത് മനോഹാരിത കൊണ്ട് കണ്ണ് തള്ളിപ്പിക്കുന്ന ഒരു വീടല്ല  എന്ന് നാം ഇനി എന്നാണ് മനസിലാകുന്നത്.
ലക്ഷങ്ങൾ ചിലവഴിച്ചു മതില് പണിഞ്ഞു, നാല് ഭാഗവും ചുമര് കെട്ടിപ്പോകി കോൺക്രീറ്റ് ചെയ്ത്  വീട് പണിഞ്ഞിട്ടും  ഓരോ റൂമിലും  ബാത്ത് റൂം പണിഞ്ഞിട്ടും നമ്മൾ ആ റൂമിന്റെ  പ്രൈവസിയെക്കുറിച്ചു ചിന്തിച്ചു അതിലേക് കടക്കാൻ പ്രത്യേക  ഒരു "loby"  ഉണ്ടാകുന്നു. 
മുറ്റത്ത് ടൈൽ ഒട്ടിച്ചു മിനുക്കി, ചെടികൾ വെക്കാൻ വീടിനുള്ളിൽ ഒരു കോർട്ടിയാർഡ്.
നമ്മുടെ  അച്ഛൻ പണിത വീട് നമുക്ക് പിടിക്കുന്നില്ല. അതുകൊണ്ട് നമ്മളത് പൊളിച്ചു പുതിയത് പണിയുന്നു. നാളെ നമ്മുടെ മക്കളായും ഇത് തന്നെ ചെയ്യും... 
മക്കൾക്ക്  പൊളിച്ചു കളയാൻ വേണ്ടി ഇത്രയും ലക്ഷങ്ങൾ  ചിലവഴിക്കേണ്ടതുണ്ടോ ? പ്രത്യേകിച്ചു നമ്മുടെ ആകെയുള്ള ജന്മം പഴാക്കി കൊണ്ട്.
മറ്റുള്ളവരുടെ വീടാകരുത് നമുക്ക് ഒരു വീടുവെക്കാൻ ഉള്ള പ്രചോദനം..
കടം മേടിച്ചു  വീടുവെച്ചോളൂ.. അത് രണ്ടോ മൂന്നോ കൊല്ലത്തിനുള്ളിൽ വീട്ടാവുന്ന കടം മാത്രം  ആണ് എങ്കിൽ.
വലിപ്പം കൂടുന്തോറും അടുപ്പം കുറയും.
മറ്റുള്ളവന്റെ കണ്ണ് തള്ളാൻ  വേണ്ടി ചിലവഴിക്കുന്ന പണം കൊണ്ട് കെട്ടിയോളും മക്കളും ആയി ഒന്ന് ലണ്ടനിൽ പോയി സ്വന്തം കണ്ണുകൾ  ഒന്ന് തള്ളിക്കൂ....
എന്നിട്ട്  ഈ സ്വപ്നഭൂമിയിലെ  അടുത്ത യാത്ര എങ്ങോട്ട് എന്ന് വീട്ടിലിരുന്നു സ്വപ്നം കാണൂ...
ലോണുകൾ കുറയട്ടെ ..!!അക്കാണ്ടുകൾ നിറയട്ടെ...!! 
പലരുടെയും സ്വപ്നങ്ങൾ വീട് വെച്ചതോടു കൂടി ഇല്ലാതാകുന്ന കാഴ്ചയാണ് ഇപ്പോൾ കൂടുതലും കണ്ടുവരുന്നത്‌... വലിയ കൊട്ടാരം പോലെ വീട് വെച്ചിട്ട് കുടുംബനാഥന് ഒരു രാത്രി പോലും കിടന്നുറങ്ങാൻ പറ്റാതെ ആവുന്നു... പെട്ടെന്ന് ഉണ്ടായ അറ്റാക്ക്, ആ വീടിന് മൂകതയേകുന്നു... പിന്നീട് അവിടെ ഉള്ളവർ ജീവിതം തള്ളി നീക്കുന്നു... 

ഇതൊക്കെ തന്നെയല്ലേ ഇപ്പോൾ കേരളക്കരയിൽ കാണുന്ന വീടുകളുടെ കഥകൾ .... ചിന്തിക്കുക .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക