Image

കനകക്കുന്നില്‍ കലയുടെ ആഗോളവിരുന്ന് : (ജോസ് കാടാപുറം)

ജോസ് കാടാപുറം Published on 20 October, 2023
കനകക്കുന്നില്‍ കലയുടെ ആഗോളവിരുന്ന് : (ജോസ് കാടാപുറം)

കേരളീയം കളറാക്കി വിദേശ വിദ്യാര്‍ഥികള്‍. കേരളം നാളിതുവരെ കൈവരിച്ച നേട്ടങ്ങളും സംസ്‌കാരവും ആഗോള വേദിയിലെത്തിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരളീയം മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിദേശവിദ്യാര്‍ഥി സംഗമം കനകക്കുന്ന് കൊട്ടാരത്തെ ആഗോളകലയുടെ മഹാസംഗമ വേദിയാക്കി മാറ്റി.41 രാജ്യങ്ങളില്‍ നിന്നുള്ള 162 വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രൗഢമായ സംഗമത്തില്‍ വിദേശ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച തനത് കലാപ്രകടനങ്ങള്‍ സദസ്സിന് അപൂര്‍വ അനുഭവമായി. വിയ്റ്റ്‌നാം മുതല്‍ സാംബിയ വരെയുള്ള രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളാണ് വേദിയില്‍ അരങ്ങേറിയത്.

കനകക്കുന്ന് കൊട്ടാരത്തില്‍ വ്യാഴാഴ്ച വൈകിട്ട് 5 ന് സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള വിദേശ വിദ്യാര്‍ഥി സംഗമത്തില്‍ കേരള സര്‍വകലാശാലയില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന 41 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സംബന്ധിച്ചത്. പരമ്പരാഗത വേഷമായ സെഷോഷു അണിഞ്ഞെത്തിയ ദക്ഷിണ ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയിലെ വിദ്യാര്‍ഥികള്‍ മുതല്‍ പഷ്തൂണ്‍ വേഷം ധരിച്ച അഫ്ഗാനികള്‍ വരെ പരിപാടിയെ വര്‍ണാഭമാക്കി. യെമനി സ്വദേശി ഹുസൈന്‍ ഒമര്‍ അലി ഹുസൈന്‍ അജീദ്, കൊളംബിയക്കാരി അന ലിലിയാന എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദ്യാര്‍ഥി സംഘം പുഷ്പങ്ങള്‍ നല്‍കിയാണ് സംഗമത്തിനെത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. കനകക്കുന്നിലെ മൈതാനത്ത് ഫോട്ടോസെഷനുള്ള സൗകര്യവും സെല്‍ഫി പോയന്റും ലഘുഭക്ഷണത്തിന് തനി നാടന്‍ തട്ടുകടയുമൊക്കെ വിദേശ വിദ്യാര്‍ഥികള്‍ക്കായി കേരളീയം സംഘാടകര്‍ ഒരുക്കിയിരുന്നു.

ഉദ്ഘാടന ചടങ്ങുകള്‍ക്കും ശേഷം നടന്ന വിദേശ വിദ്യാര്‍ഥികളുടെ കലാവിരുന്നിന് അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ മുസ്തഫ സലീമിയും യെമനി വിദ്യാര്‍ഥിനിയായ ഷെയ്മ സാലെയും അവതാരകരായി. സാംബിയ സ്വദേശിയായ മൊആമി മിലിമോയുടെ ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ആഫ്രിക്കന്‍ സംഗീതത്തിന്റെ കരുത്തും സൗന്ദര്യവും വ്യക്തമാക്കുന്ന ഗാനത്തെ വലിയ ആരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് തജികിസ്താനി വിദ്യാര്‍ഥി ഫിര്‍ദൗസ് മൗല്യനോവിന്റെ നേതൃത്വത്തില്‍ താജിക്കിസ്ഥാനെക്കുറിച്ചുള്ള അവതരണം അരങ്ങേറി. വിയറ്റ്‌നാം ഗായകന്‍ ഫാക്വിന്‍ ആനിന്റെ ഗാനത്തിനൊത്ത് മനോഹരമായി ചുവടുവെച്ചെത്തിയ വിയറ്റ്‌നാമീ വിദ്യാര്‍ഥിനി ട്രാങ്ങും നോയയും ആ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതി. ദക്ഷിണ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയുടെ ഗ്രാമീണ കലാപൈതൃകം വ്യക്തമാക്കുന്ന നൃത്തവുമായാണ് ജൊഹാന്‍സ് മൊലാത്വയും സംഘവും തുടര്‍ന്നെത്തിയത്.രാജ്യത്തിന്റെ പതാക കയ്യിലേന്തി വേദിയിലെത്തിയ ഏഴംഗ സംഘം അവതരിപ്പിച്ച നൃത്തം ആഫ്രിക്കന്‍ നൃത്തത്തിന്റെ ലാളിത്യവും ചടുതലതയും വ്യക്തമാക്കുന്നതായിരുന്നു. ഇറാഖിന്റെ സമ്പന്നമായ ചരിത്ര പൈതൃകം വ്യക്തമാക്കുന്ന വീഡിയോയുമായി പരമ്പരാഗത വേഷത്തിലാണ് ഇറാഖി വിദ്യാര്‍ഥി അലി സാദി അല്‍ബേറെത്തിയത്. അഫ്ഗാനിസ്ഥാന്‍ സ്വദേശി ഫസീനിന്റെ അവതരണം, യെമനി വിദ്യാര്‍ഥി നവാര്‍ അബ്ദുല്‍ ഖൈര്‍ സെയ്ഫ് അല്‍ ഷമേരിയുടെ വീഡിയോ പ്രദര്‍ശനവും എന്നിവയും നടന്നു.

ജോസ് കാടാപുറം

കനകക്കുന്നില്‍ കലയുടെ ആഗോളവിരുന്ന് : (ജോസ് കാടാപുറം)
Join WhatsApp News
Philip 2023-10-20 13:09:06
പ്രജകൾ പട്ടിണിയും, ദാരിദ്രവും ആണെങ്കിലും ആര്ഭാടത്തിനും പൊങ്ങച്ചത്തിനും ഒരു കുറവും ഇല്ല. കുളിച്ചില്ലെങ്കിലും വസ്ത്രം അലക്കി പുറപ്പിറത്തിടാം .
Gokulan 2023-10-20 16:17:35
പ്രളയ കാലത്തു അമേരിക്കയിലെ പള്ളികളിൽ നിന്ന് പിരിവു എടുത്തു പുട്ടടിച്ചവന്മരമാണ് പിരിച്ചെടുത്ത തുകയിൽ 10 % കേരളത്തിലെ റോഡുകൾ നന്നാക്കാനും ഒലിച്ചു പോയ കെട്ടിടങ്ങൾ നന്നാക്കാനോ കൊടുക്കാതെ പോക്കറ്റിലിട്ടു മാന്യന്മാരാണ് കേരള ത്തിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് എഴുന്നിള്ളികുന്നത് ഗോകുലൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക