വടക്കന്‍ കളരിയുടെ കരുത്തുറ്റ പാരമ്പര്യമുള്ള കടത്തനാടിന്റെ മണ്ണില്‍, കളരിപ്പോരിനേക്കാള്‍ വീറും വാശിയും മുറ്റിയ അങ്കം നടക്കാന്‍ പോവുകയാണ്. പിടിച്ചെടുക്കാനും നിലനിര്‍ത്താനുമുള്ള തീപാറും പോരാട്ടത്തിന് ഇടതു മുന്നണിയും ഐക്യ മുന്നണിയും വാളും പരിചയുമെടുക്കുമ്പോള്‍ വോട്ട്നില ഗണ്യമായി ഉയര്‍ത്തി പ്രബല ശക്തിയാണെന്ന് തെളിയിക്കാനാണ് ബി.ജെ.പി കച്ചമുറുക്കുന്നത്.
സോഷ്യലിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് വടകര. എന്നാല്‍ സോഷ്യലിസ്റ്റുകളെയും കമ്യൂണിസ്റ്റുകളെയും കോണ്‍ഗ്രസിനെയും ഒരുപോലെ പിന്തുണച്ച പാരമ്പര്യമുള്ള മണ്ഡലത്തില്‍ സിറ്റിങ് എം.പിയും മണ്‍മറഞ്ഞ കോണ്‍ഗ്രസ് ലീഡര്‍ കെ കരുണാകരന്റെ പുത്രനുമായ കെ മുരളീധരനും മുന്‍ ആരോഗ്യ മന്ത്രി, സി.പി.എമ്മിന്റെ കെ.കെ ശൈലജയും തമ്മില്‍ മല്‍സരിക്കുമ്പോള്‍, 12 വര്‍ഷമായിട്ടും പ്രമാദമായ ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ അലയൊലികള്‍ നിലയ്ക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വടകര ഒഞ്ചിയം സ്വദേശിയായ ടി.പി ചന്ദ്രശേഖരന്‍ 2012 മെയ് നാലാം തീയതിയാണ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് നടന്ന തിരഞ്ഞടുപ്പുകളെ നിര്‍ണായകമായി സ്വാധീനിച്ച വിഷയമാണ് ടി.പി വധം. ടി.പി കൊല്ലപ്പെട്ട ശേഷം നടന്ന രണ്ടു ലോകസഭാ തിരഞ്ഞെടുപ്പിലും രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തെ ഞെട്ടിച്ച ഈ സംഭവം വലിയ ചര്‍ച്ചയായി. 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം തവണയും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടി.പിയുടെ ഭാര്യ കെ.കെ രമ ആര്‍.എം.പി (റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി) സ്ഥാനാര്‍ഥിയായതോടെ വീണ്ടും വടകരയില്‍ ടി.പിയുടെ രാഷ്ട്രീയ കൊലപാതകം പ്രചാരണ ആയുധമായി.
അന്ന് രമ 20,000 വോട്ട് നേടിയെങ്കിലും എല്‍.ഡി.എഫാണ് വിജയിച്ചത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം നേതാവ് പി ജയരാജന്‍ വടകരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായതോടെ ടി.പി വധം ആളിക്കത്തി. ആര്‍.എം.പി. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പില്‍ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ മുരളീധരന്‍ വിജയിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര ശ്രദ്ധേയമായത് യു.ഡി.എഫ് പിന്തുണയോടെയുള്ള കെ.കെ രമയുടെ സ്ഥാനാര്‍ഥിത്വമാണ്. ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന് വടകര നഷ്ടമായ തിരഞ്ഞെടുപ്പായിരുന്നു അത്. ഈ തിരഞ്ഞെടുപ്പിലും ചര്‍ച്ചയായത് ടി.പി. വക്കേസും അക്രമരാഷ്ട്രീയവുമായിരുന്നു.
ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളില്‍ താരതമ്യേന വലിയ പ്രാധാന്യം ടി.പി കേസിന് ഇല്ലാതിരുന്ന ഘട്ടത്തിലാണ് ഹൈക്കോടതി വിധി വരുന്നത്. കേസില്‍ നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്ന ആറു പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയതുള്‍പ്പെടെയുള്ള വിധി സി.പി.എമ്മിന് ക്ഷീണമുണ്ടാക്കുന്നതാണ്. അപ്പീല്‍ വിധി എന്നതിലുപരി ഏറെ രാഷ്ട്രീയ മാനങ്ങളുള്ള വിധിയായി ഇത് മാറിക്കഴിഞ്ഞിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് വടകര പാര്‍ലമെന്റ് മണ്ഡലം. ഇതില്‍ ടി.പി ഫാക്ടര്‍ നിര്‍ണായ വിധിയെഴുതിയ വടകര ഒഴിച്ച് ബാക്കി എല്ലാമണ്ഡലങ്ങളും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്വന്തമാക്കി.
വടകര ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രമൊന്ന് പരിശോധിക്കാം. കേരളപ്പിറവിക്ക് ശേഷം 1957-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സഖ്യത്തിന്റെ പിന്തുണയോടെ മല്‍സരിച്ച പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ (പി.എസ്.പി) സ്ഥാനാര്‍ത്ഥി കെ.ബി മേനോനെയാണ് വടകരക്കാര്‍ ജയിപ്പിച്ചത്. 1962-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സ്വതന്ത്രനായ എ.വി രാഘവന്‍ വിജയിച്ചു. 1967-ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സഥാനാര്‍ത്ഥി അരങ്ങില്‍ ശ്രീധരനായിരുന്നു വിജയം. 1971 മുതല്‍ '91 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ വിവിധ പാര്‍ട്ടികളുടെ കീഴില്‍ കെ.പി ഉണ്ണികൃഷ്ണനാണ് തുടര്‍ച്ചയായി പാര്‍ലമെന്റില്‍ വടകരയെ പ്രതിനിധീകരിച്ചത്.
1971-ല്‍ ഇന്ദിരാഗാന്ധിയുടെ പ്രത്യേക താത്പര്യ പ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.പി ഉണ്ണികൃഷ്ണന്‍ സോഷ്യലിസ്റ്റുകാരില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തു. 1977-ലും കോണ്‍ഗ്രസുകാരനായി ഉണ്ണികൃഷ്ണന്‍ വടകരയങ്കം വിജയിച്ചു. എന്നാല്‍ 1980-ലെ തിരഞ്ഞെടുപ്പായപ്പോഴേക്ക് ചിത്രം മാറി. ഇന്ദിരയുടെ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുവന്നവര്‍ രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു) എന്ന പാര്‍ട്ടിയില്‍ നിന്ന് അങ്കത്തിനിറങ്ങിയ കെ.പി കമ്യൂണിസ്റ്റുകളുടെ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പിച്ചു. അതോടെ ഒരു ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി വിജയിച്ചതിന്റെ റെക്കോഡ് കെ.പി. ഉണ്ണികൃഷ്ണന്‍ സ്വന്തമാക്കി.
1996-ല്‍ ഏഴാം അങ്കത്തിനായി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ഉണ്ണികൃഷ്ണനെ മലര്‍ത്തിയടിച്ച്, ഒ ഭരതനിലൂടെയാണ് സി.പി.എം വടകര ലോക്സഭാ മണ്ഡലം പിടിച്ചെടുത്തത്. വടകരയില്‍ സി.പി.എം. ആദ്യമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ തിരഞ്ഞെടുപ്പായിരുന്നു അത്. തുടര്‍ന്ന് 2004 വരെ സി.പി.എമ്മിന്റെ കൈവശമായിരുന്നു വടകര. സി.പി.എമ്മിന്റെ ബാനറില്‍ എ.കെ പ്രേമജം 1998-ലും '99-ലും വിജയിച്ചു. 2004-ല്‍ സി.പി.എമ്മിന്റെ പി സതീദേവി കോണ്‍ഗ്രസിലെ എം.ടി പതിമയെ തോല്‍പ്പിച്ച് ലോക്സഭയിലെത്തി. സി.പി.എം. നേതാക്കള്‍ പോലും പ്രതീക്ഷിക്കാത്ത 1,30,583 വോട്ടിന്റെ വന്‍ ഭൂരിപക്ഷമാണ് സതീദേവിക്ക് ലഭിച്ചത്.
പക്ഷേ, 2009-ലെ പൊതുതിരഞ്ഞെടുപ്പായപ്പോഴേക്കും വടകരയിലെ രാഷ്ട്രീയാന്തരീക്ഷം അമ്പേ മാറിയിരുന്നു. സി.പി.എമ്മിലെ അഭിപ്രായവ്യത്യാസം പാരമ്യത്തിലെത്തി. ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍.എം.പി രൂപീകരിക്കപ്പെട്ടു. അതിനുശേഷം നടന്ന ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. പിന്നീട് ടി.പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകവും തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യവും കോണ്‍ഗ്രസിനെ സഹായിച്ചു. 2014-ലും 2019-ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ അനായാസ വിജയമാണ് കോണ്‍ഗ്രസ് നേടിയതെന്ന് ആവര്‍ത്തിച്ച് സൂചിപ്പിക്കട്ടെ.
2019 ആയപ്പോഴേക്കും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പിന്നെയും മാറി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയത്തോടെ എല്‍.ഡി.എഫ് അധികാരത്തിലെത്തുകയും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കെ മുരളീധരന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതാണ് രാഷ്ട്രീയ കേരളം കണ്ടത്.
അതേസമയം 2021-ലെ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ഇടതു മുന്നണി ഭരണത്തുടര്‍ച്ച നേടി. വടകര ലോക്സഭാ മണ്ഡലത്തിലെ ഏഴില്‍ ആറ് നിയമസഭാ മണ്ഡലങ്ങളും ഇട തുമുന്നണിക്കൊപ്പം നിന്നപ്പോള്‍ യു.ഡി.എഫ്. പിന്തുണയോടെ ആര്‍.എം.പിയുടെ കെ.കെ രമ മത്സരിച്ച വടകര നിയമസഭാ മണ്ഡലം മാത്രമാണ് യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്നത്.
ചരിത്രവും പാരമ്പര്യവും ആവോളമുള്ള മണ്ഡലമാണ് വടകര. നിരവധി കര്‍ഷക സമരങ്ങളും ധീര രക്തസാക്ഷിത്വങ്ങളുടെയും അനുഭവമുള്ള വടകര എന്നും കടുത്ത മത്സരങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലും വടകര ലോക്സഭാ മണ്ഡലം വാര്‍ത്തകളില്‍ നിറയും. സി.പി.എം-കോണ്‍ഗ്രസ് പോരിനപ്പുറം ആര്‍.എം.പിയുടെ സാന്നിധ്യവും, രാഷ്ട്രീയപ്പകയുടെ വടിവാള്‍ മൂര്‍ച്ചയ്ക്കിരയായ ടി.പിയുടെ ഭാര്യ രമയുടെ നിയമ പോരാട്ടങ്ങളുമാണ് മണ്ഡലത്തിലെ ചൂടുള്ള ചര്‍ച്ചാ വിഷയയം. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലം എന്ന പ്രത്യേകതയും വടകരയ്ക്കുണ്ട്. രമയ്ക്ക് അവരിലുള്ള സ്വാധീനം ഇക്കുറി വോട്ടായി മാറുമോയെന്നാണ് കണ്ടറിയേണ്ടത്.