Image
Image

കനൗജില്‍ അഖിലേഷ് യാദവ് മത്സരിക്കും ; നാളെ പത്രിക നൽകും

Published on 24 April, 2024
കനൗജില്‍ അഖിലേഷ് യാദവ്  മത്സരിക്കും ; നാളെ പത്രിക നൽകും

ലക്‌നൗ: എസ്പി ശക്തികേന്ദ്രമായ കനൗജില്‍ പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് മത്സരിക്കും. വ്യാഴാഴ്ച അഖിലേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി എക്സിലൂടെ അറിയിച്ചു.

കനൗജില്‍ നേരത്തെ അഖിലേഷിന്റെ ബന്ധു തേജ്പ്രതാപ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. മുലായം സിങ് യാദവിന്റെ സഹോദരന്‍ രത്തന്‍ സിങിന്റെ ചെറുമകനാണ് തേജ്പ്രതാപ്. അദ്ദേഹത്തെ മാറ്റിയാണ് അഖിലേഷിന്റെ സ്ഥാനാര്‍ഥിത്വം എസ്പി പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ മുഴുവന്‍ മണ്ഡലങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ടത് അനിവാര്യമായ സാഹചര്യത്തില്‍ അഖിലേഷ് ഇത്തവണ മത്സരത്തിനില്ലെന്നായിരുന്നുവെന്നാണ് എസ്പി ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ കനൗജില്‍ തേജ്പ്രതാപ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ടായ സാഹചര്യത്തിലാണ് അഖിലേഷ് ഇവിടെനിന്ന് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സമാജ് വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കനൗജില്‍ കഴിഞ്ഞ തവണ പാര്‍ട്ടിക്ക് അടിത്തെറ്റിയിരുന്നു. അഖിലേഷിന്റെ ഭാര്യ ഡിമ്പിള്‍ യാദവിനെ ബിജെപിയുടെ സുബ്രത് പതക് പരാജയപ്പെടുത്തി. അതിന് മുമ്പ് രണ്ടുത്തവണ ഡിമ്പിള്‍ യാദവ് ഇവിടെ ജയിച്ചിട്ടുണ്ട്. 2000 മുതല്‍ ഒരു പതിറ്റാണ്ടിലേറെ അഖിലേഷും ഇവിടെ എംപിയായിരുന്നിട്ടുണ്ട്. സിറ്റിങ് എംപി സുബ്രത് പതക് തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം നടക്കുന്ന മെയ് 13-നാണ് കനൗജില്‍ വോട്ടെടുപ്പ്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക