തെലങ്കാന തുരങ്ക ദുരന്തത്തിൽ കാണാതായ ഏഴ് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഫെബ്രുവരിയിലായിരുന്നു തെലങ്കാന തുരങ്കദുരന്തവാർത്ത വന്നത്. തെലങ്കാനയിലെ നാഗർകുർണൂലിൽ ഫെബ്രുവരി 22 ന് എസ്‌എൽബിസി പ്രോജക്ട് ടണലിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് എഞ്ചിനീയർമാരും തൊഴിലാളികളും അടങ്ങുന്ന എട്ട് പേരാണ് അന്ന് തുരങ്കത്തിൽ കുടുങ്ങിയത്. ഭാഗികമായി തകർന്ന എസ്‌എൽബിസി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ 21-ാം ദിവസവും പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെട്ട വിദഗ്ദ്ധർ ആവശ്യമായ ഉപകരണങ്ങൾ എടുത്തുകൊണ്ട് തുരങ്കത്തിനുള്ളിൽ കടന്നതായാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ഇത് അല്പമെങ്കിലും ആശ്വാസം പകരുന്ന റിപ്പോർട്ട് തന്നെയാണ്.
ദുരന്തത്തിൽ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളായി തിരിച്ചറിഞ്ഞ ഭാഗങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഖനി കമ്പനിയായ സിംഗരേണി കൊളിയറീസിലെ രക്ഷാപ്രവർത്തകരും ഖനന തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.
കേരള പോലീസിന്റെ സ്‌നിഫർ ഡോഗുകളും (HRDD) ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു റോബോട്ടിക് കമ്പനിയുടെ റോബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. മനുഷ്യർക്ക് എത്തിച്ചേരാൻ കഴിയാത്ത “അപകടകരമായ സ്ഥലങ്ങളിലേക്ക്” (തുരങ്കത്തിനുള്ളിൽ) റോബോട്ടുകൾക്ക് പ്രവേശിക്കാൻ കഴിയുമെന്നും 15 മടങ്ങ് കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.