തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവ് ഭാര്യ സഹോദരനെ വെട്ടിക്കൊന്നു. വര്‍ക്കല പുല്ലാനിക്കോട് സ്വദേശി സുനില്‍ ദത്ത് ആണ് കൊല്ലപ്പെട്ടത്. സുനില്‍ ദത്തിന്റെ സഹോദരി ഉഷ കുമാരിയുടെ ഭര്‍ത്താവ് ഷാനി ആണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്.
ഉഷാകുമാരിയും ഷാനിയും കുറച്ചുനാളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് വര്‍ക്കല പൊലീസ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം രണ്ട് സുഹൃത്തുക്കളുമായി ഉഷ കുമാരി താമസിക്കുന്ന കുടുംബ വീട്ടിലെത്തി പ്രതി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതേ തുടര്‍ന്ന് സഹോദരന്‍ സുനില്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.
പിന്നാലെ ഷാനി ഉഷ കുമാരിയെയും സുനില്‍ ദത്തിനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സുനില്‍ ദത്തിന്റെ കഴുത്തിനും കാലിനും ഗുരുതരമായി വെട്ടേറ്റു. ഉഷയുടെ തലയ്ക്കാണ് വെട്ടേറ്റിരിക്കുന്നത്. ഇരുവരെയും ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുനിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.