നിർമാല്യത്തിലെ അതുല്യമായ അഭിനയത്തിന് 1974 ൽ ഭരത് അവാർഡ് നേടിയ ആന്റണിയെ ആദരിക്കാൻ അന്നത്തെ ചലച്ചിത്രകലാകാരന്മാരുടെ സംഘടനയായ ചലച്ചിത്ര പരിഷത്തിലെ അംഗങ്ങൾ നേരിട്ട് ചെന്ന് വിവരം പറഞ്ഞു. അന്ന് ഭരത് അവാർഡിന് സമ്മാന തുക ഉണ്ടായിരുന്നില്ല; ശിൽപ്പവും സർട്ടിഫിക്കറ്റുമേയുള്ളൂ. അതിനാൽ 25,000 രൂപ നൽകി ആദരിക്കാനായിരുന്നു പരിഷത്തിന്റെ തീരുമാനം. ആന്റണി പറഞ്ഞു, “എനിക്ക് അവരുടെ സൗജന്യമൊന്നും വേണ്ട. അഭിനയിച്ച വകയിൽ കിട്ടാനുള്ള കാശ് വാങ്ങിച്ച് തന്നാൽ മതി”. വ്യക്തികളായ നിർമാതാക്കൾ തരാനുള്ള കാശിന്റെ കാര്യത്തിൽ പരിഷത്തിന് എന്ത് ചെയ്യാൻ പറ്റും എന്നായിരുന്നു ഭാരവാഹികളുടെ മറുപടി...
“ഒരു കലാകാരന് കിട്ടേണ്ട കാശ് വാങ്ങി കൊടുക്കാൻ കഴിയില്ലെങ്കിൽ, പിന്നെന്തിനാണീ പരീഷത്തും പരിഷകളുമൊക്കെ?” ആന്റണി ചോദിച്ചു. ഏറെ നിർബന്ധിച്ചിട്ടും ആദരം ഏറ്റുവാങ്ങാൻ ആന്റണി തയാറായില്ല...
പനകൂട്ടത്തിൽ ജോസഫ് ആന്റണിയെന്ന
പി ജെ ആന്റണി ഒരിക്കലും ഒരു സ്ഥാപനത്തോടോ പ്രത്യയ ശാസ്ത്രത്തോടൊ പൂർണമായും സമരസപ്പെടാൻ കഴിയാത്ത കലാകാരനായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബോംബയിൽ നടന്ന നേവി കലാപത്തിൽ പങ്കെടുത്ത സൈനികനായിരുന്ന ആന്റണി, പിന്നീട് നാടകത്തിലും സിനിമയിലും അഭിനയിക്കാനെത്തിയപ്പോഴും തന്റെ കലാപവാസന തുടർന്നു. അജ്ഞതയെ പൊറുപ്പിക്കാൻ തയ്യാറായിരുന്നു. എന്നാൽ അത് അഹങ്കാരമാക്കി പ്രദർശിച്ചവരെ ആന്റണി വെറുതെ വിട്ടിരുന്നില്ല...
“സാവധാനത്തിൽ ഡയലോഗ് പറഞ്ഞ് ശീലിക്കണം. അല്ലെങ്കിൽ ഡബ്ബിങ്ങ് തീയറ്ററിൽ കഷ്ടപ്പെടും. ഇതൊന്നും ഇൻസ്റ്റിട്യൂട്ടിൽ പഠിപ്പിക്കില്ല മോനേ”.
നടൻ രവി മേനോനോട് ആന്റണി പറഞ്ഞു
നിർമ്മാല്യത്തിന്റെ സെറ്റിൽ വേഗത്തിൽ സംഭാഷണം പറഞ്ഞ പൂനെ ഇൻസ്റ്റിട്യൂട്ടിൽ അഭിനയം പഠിച്ച് വന്ന നടൻ രവി മേനോനോട് ആന്റണി പറഞ്ഞു, “സാവധാനത്തിൽ ഡയലോഗ് പറഞ്ഞ് ശീലിക്കണം. അല്ലെങ്കിൽ ഡബ്ബിങ്ങ് തീയറ്ററിൽ കഷ്ടപ്പെടും. ഇതൊന്നും ഇൻസ്റ്റിട്യൂട്ടിൽ പഠിപ്പിക്കില്ല മോനേ..”
ഒരു പടത്തിന്റെ ഷൂട്ടിങ്ങിനിടെ തന്റെ ഡയലോഗ് തിരുത്താൻ ശ്രമിച്ച നടിയോട് ആന്റണി പറഞ്ഞു, “നീ കോടംമ്പാക്കത്ത് കണ്ടമാനം നടക്കുമ്പോൾ ഞാൻ ഇവിടെ അഭിനയിക്കുകയായിരുന്നു.. എന്നെ തിരുത്താൻ വരല്ലേ..”
കൊച്ചിയിലെ പച്ചാളത്താണ് ആന്റണി ജനിച്ചത്. പിതാവ് ഒരു ബേക്കറിയുടമയായിരുന്നു. പഠിക്കുമ്പോൾ തന്നെ, നാടകങ്ങളിൽ താത്പ്പര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പ്അതിന് തടസമായി. ബോംബെയിൽ പോയി നേവിയിൽ ചേർന്നെങ്കിലും രണ്ടാം ലോക മഹായുദ്ധക്കാലത്ത് നടന്ന നാവിക കലാപത്തിൽ പങ്കെടുത്തവരെ പിരിച്ചുവിട്ടവരുടെ കൂട്ടത്തിൽ ആന്റണിയും ഉണ്ടായിരുന്നു. കൊച്ചിയിൽ തിരിച്ചെത്തിയ ആന്റണി കലാപ്രേമി നിലയം എന്നൊരു നാടക ട്രൂപ്പ് രൂപീകരിച്ച് ''തെറ്റിദ്ധാരണ' എന്നൊരു നാടകം അവതരിപ്പിച്ച് നാടകരംഗത്ത് പ്രവേശിക്കുകയായിരുന്നു...
പതിവ് കീഴ്‌വഴക്കങ്ങൾ തെറ്റിച്ച് സംവിധാനം ചെയ്ത തന്റെ ആദ്യ നാടകത്തിന് കേട്ട വിമർശനത്തെ കുറിച്ച് അദ്ദേഹം തന്റെ നാടക സ്മരണകളിൽ ഇങ്ങനെ കുറിച്ചു. “ഒരു നാടകം കളിച്ചതിന്റെ പേരിൽ അമ്മയ്ക്ക് വിളി കേട്ട ആ ദിവസം രാത്രി ഞാനുറങ്ങിയില്ല. ഒരു മനുഷ്യനും ഉണ്ടാകാത്ത ഒരപമാനം എനിക്കുണ്ടായിരിക്കുന്നത് പോലെ തോന്നി. ഒടുവിൽ ഞാനെടുത്ത തീരുമാനമിതാണ് - ''ഇനി ജീവിക്കണമെങ്കിൽ ഒരു നാടകകൃത്തും നടനുമായി ജീവിക്കണം. അതിനൊരംഗീകാരം കിട്ടാൻ എത്ര കൊല്ലം വേണ്ടമെങ്കിലും, ക്ലേശങ്ങൾ അനുഭവിക്കാൻ ഞാനൊരുക്കമാണ്”. ഏറെ താമസിയാതെ ആന്റണിയെ അംഗീകാരം തേടിയെത്തി.
1953 ൽ ആന്റണി എഴുതിയ ' ഇൻക്വിലാബിന്റെ മക്കൾ' എന്ന നാടകം ഏറെ കോളിളക്കം സൃഷ്ടിച്ചു. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മൂലം തിരു കൊച്ചിയും മദ്രാസ് ഭരണകൂടവും നാടകം നിരോധിച്ചു. ഒരുപാട് പ്രതിഷേധങ്ങൾക്ക് ശേഷം, നിരോധനം പിൻവലിച്ചപ്പോൾ ഇരുറൂറോളം സ്റ്റേജുകളിൽ ഈ നാടകം കളിക്കാൻ ക്ഷണിക്കപ്പെട്ടു. അതോടെ പി ജെ ആന്റണി നാടക രംഗത്ത് പ്രശസ്തനായി...