ലോകമെങ്ങും അമേരിക്കൻ സഹായം എത്തിച്ചിരുന്ന യുഎസ് എയ്‌ഡ് അടച്ചു പൂട്ടിയ നടപടി നിയമവിരുദ്ധമാണെന്നു ഫെഡറൽ കോടതി വിധിച്ചു. പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ വലംകൈയ്യായ എലോൺ മസ്‌കും ആഘോഷമാക്കിയ അടച്ചുപൂട്ടൽ നടപടികൾ നിർത്തി വയ്ക്കാൻ മേരിലാൻഡ് യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് തിയഡോർ ചുവാങ് ഉത്തരവിട്ടു.
പിരിച്ചു വിടലിന്റെ ചുമതല വഹിക്കുന്ന ഡി ഓ ജി ഇ മേധാവി മസ്‌ക് നിയമവിരുദ്ധമായാണ് നടപടി എടുത്തതെന്നു ചുവാങ് ചൂണ്ടിക്കാട്ടി. യുഎസ് എയ്ഡിലെ എല്ലാ ജീവനക്കാർക്കും ഇമെയിൽ, കമ്പ്യൂട്ടർ എന്നിവ വീണ്ടും ലഭ്യമാക്കണം. ഇക്കാര്യം ഏഴു ദിവസത്തിനകം വൈറ്റ് ഹൗസ് കോടതിയെ അറിയിക്കണം. അവധിയിൽ അയച്ചവർക്കും ഇത് ബാധകമാണ്.
യുഎസ് എയ്‌ഡ് അതിന്റെ ആസ്ഥാനം എവിടെ ആയിരുന്നോ അവിടേക്കു തിരിച്ചെത്താൻ ഭരണകൂടം രണ്ടാഴ്ചയ്ക്കുള്ളിൽ സൗകര്യം ചെയ്‌തു കൊടുത്തിരിക്കണമെന്നും ചുവാങ് ഉത്തരവിൽ പറഞ്ഞു.
യുഎസ് എയ്‌ഡ് അധികൃതരുടെ വ്യക്തമായ നിർദേശം ഇല്ലാതെ അവിടെ ഒരു നടപടിയും എടുക്കാൻ മസ്കിനും ഡി ഓ ജി ഇക്കും അധികാരമില്ലെന്നു ചുവാങ് ചൂണ്ടിക്കാട്ടി.
68 പേജുള്ള വിധിന്യായത്തിൽ അദ്ദേഹം കുറിച്ചു: "യുഎസ് എയ്‌ഡ് പൂട്ടാനുള്ള കുറ്റാരോപിതന്റെ ഏകപക്ഷീയമായ നടപടികൾ യുഎസ് ഭരണഘടനയെ ലംഘിച്ചുവെന്നു കോടതി കാണുന്നു."
യുഎസ് എയ്‌ഡിന്റെ 92% ഗ്രാന്റുകളും മുറിച്ചു
ഡി സി യിലെ യുഎസ് എയ്‌ഡ് ആസ്ഥാനം അടച്ചു പൂട്ടിയത് ട്രംപ് ഭരണകൂടത്തിന്റെയും മസ്‌കിന്റെയും ശക്തമായ നടപടികളിൽ ഒന്നായിരുന്നു. എല്ലാ ജീവനക്കാരെയും പിരിച്ചു വിടുകയും ചെയ്‌തു. യുഎസ് എയ്‌ഡ് വിതരണം ചെയ്ത പണം അനർഹർക്കാണ് പോയതെന്നു കാണിക്കാനുള്ള വാദങ്ങളും ഉണ്ടായി. ലോകമൊട്ടാകെ അവരുടെ ക്ഷേമ പദ്ധതികൾ മരവിച്ചു.
യുഎസ് എയ്‌ഡിന്റെ 92% ഗ്രാന്റുകളും ട്രംപ് മുറിച്ചു. $60 ബില്യൺ വിദേശസഹായം പാഴ്വ്യയമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
രണ്ടു ഡസനോളം യുഎസ് എയ്‌ഡ് ജീവനക്കാർ ട്രംപിന്റെ നടപടിക്കെതിരെ കോടതിയിൽ പോയി.
ഗവൺമെന്റ് ഉദ്യോഗസ്ഥനോ തിരഞ്ഞെടുപ്പിൽ ജയിച്ചയാളോ അല്ലാത്ത മസ്‌ക് കൈയാളുന്ന അമിതാധികാരം ശക്തമായ വിമർശനവും ചെറുത്തു നിൽപ്പും വിളിച്ചു വരുത്തിയിട്ടുണ്ട്.
കേവലം ഉപദേഷ്ടാവല്ല മസ്‌ക്
യുഎസ് എയ്‌ഡ് അടച്ചു പൂട്ടാനുള്ള ഉപദേശം നൽകുക മാത്രമേ മസ്‌ക് ചെയ്തിട്ടുള്ളൂ എന്ന വാദം ജഡ്‌ജ് തള്ളി. മസ്‌ക് ആണ് യുഎസ് എയ്‌ഡ് ആസ്ഥാനവും വെബ്സൈറ്റും അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നു കോടതിക്ക് മുന്നിൽ തെളിഞ്ഞിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. മസ്കിനു അതിനുള്ള അധികാരം ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.
കൺസ്യുമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യുറോ ആസ്ഥാനം അടച്ചു പൂട്ടാനുളള തീരുമാനത്തിലും മസ്കിനു പങ്കുണ്ടായിരുന്നുവെന്നാണ് തെളിയുന്നതെന്നു ചുവാങ് പറഞ്ഞു. "മസ്‌കും ഡി ഓ ജി ഇയും ഏജൻസി അധികൃതരുടെ അനുമതി കൂടാതെ പല നടപടികളും ഏകപക്ഷീയമായി എടുത്തുവെന്നു തെളിയുന്നു."
മസ്‌ക് കോടതിയെ പുച്ഛിച്ചപ്പോൾ കോടതിയിൽ പോയ സ്റേറ് ഡെമോക്രസി ഡിഫെൻഡേഴ്‌സ് ഫണ്ട് എക്സിക്യൂട്ടീവ് ചെയർ നോം ഐസൻ പറഞ്ഞു: "എലോൺ മസ്‌കും ഡി ഓ ജി ഇയും യുഎസ് എയ്‌ഡിനും യുഎസ് ഗവൺമെന്റിനും ഭരണഘടനയ്ക്കും എതിരെ നടത്തിയ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടുന്ന സുപ്രധാന വിധിയാണിത്‍."
Musk actions illegal, unauthorized: Court