Image
Image

സ്ത്രീകളുടെ മാറിടത്തില്‍ തൊടുന്നത് ബലാത്സംഗ ശ്രമമല്ല; ജഡ്ജിയുടെ പരാമര്‍ശം വിവാദമാവുന്നു (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 20 March, 2025
സ്ത്രീകളുടെ മാറിടത്തില്‍ തൊടുന്നത് ബലാത്സംഗ ശ്രമമല്ല; ജഡ്ജിയുടെ പരാമര്‍ശം വിവാദമാവുന്നു (എ.എസ് ശ്രീകുമാര്‍)

ബലാല്‍സംഗം സംബന്ധിച്ച് ഏറെ വിവാദമുണ്ടാക്കുന്നതും പ്രതിഷേധാര്‍ഹവുമായ ഒരു പരാമര്‍ശം നടത്തിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി രാം മനോഹര്‍ നാരായണ്‍ മിശ്ര. സ്ത്രീയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ കുറ്റമോ ബലാത്സംഗ ശ്രമമോ ആകില്ലെന്നാണ് ജഡ്ജിയുടെ വിചിത്രമായ നിരീക്ഷണം. ഈ കൃത്യങ്ങള്‍ 'ഗുരുതരമായ ലൈംഗികാതിക്രമം' എന്ന പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന് കീഴിലാണെന്ന് ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതികളില്‍ ഒന്നായ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ചൂണ്ടിക്കാട്ടുന്നു.

ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മില്‍ നിയമപരമായി വ്യത്യാസമുണ്ടെന്നാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വാദം. ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള നിയമപരമായ അന്തരം ജഡ്ജി വിശദീകരിക്കുന്നുണ്ട്. ഒരു കുറ്റം ചെയ്യാനുള്ള തയ്യാറെടുപ്പ് ഒരു പ്രത്യേക ഘട്ടം വരെ മാത്രമാണ്. എന്നാല്‍ ബലാത്സംഗശ്രമം എന്നത് അതിനപ്പുറം, കുറ്റം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ളതും അതിലേക്കുള്ള നിര്‍ണായകമായ ചുവടുവയ്പ്പാണ് എന്നും ബെഞ്ച് നിരീക്ഷിച്ചു.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ 2021-ല്‍ നടന്ന ബലാല്‍സംഗ ശ്രമമെന്ന് പ്രഥമദൃഷ്ട്യാ വിശ്വസിക്കാവുന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പ്രസ്തുത പരാമര്‍ശം. പവന്‍, ആകാശ് എന്നീ പ്രതികള്‍ ചേര്‍ന്ന് 11 വയസുള്ള പെണ്‍കുട്ടിയെ വാഹനത്തില്‍ ലിഫ്റ്റ് നല്‍കി കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും, അവളുടെ പൈജാമയുടെ ചരട് പൊട്ടിക്കുകയും, അവളെ ഒരു കലുങ്കിനടിയിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സംഭവം കണ്ടുനിന്ന ആളുകള്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാകുന്നു.

പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് (ബലാത്സംഗം), പോക്സോ നിയമത്തിലെ 18-ാം വകുപ്പ് എന്നിവയാണ് കീഴ്ക്കോടതി ചുമത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ കേസ് പരിഗണിച്ച അലഹബാദ് ഹൈക്കോടതി, പ്രതികളെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ബി വകുപ്പ് (സ്ത്രീയെ വസ്ത്രം മാറ്റാന്‍ നിര്‍ബന്ധിതരാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലം പ്രയോഗിക്കല്‍) പ്രകാരവും, പോക്സോ നിയമത്തിലെ 9/10 വകുപ്പുകള്‍ (ഗുരുതരമായ ലൈംഗികാതിക്രമം) പ്രകാരവും വിചാരണ ചെയ്യാനാണ് ഉത്തരവിരിക്കുന്നത്.

ബലാത്സംഗം തെളിയിക്കാന്‍ വ്യക്തമായ തെളിവുകള്‍ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ഈ പ്രവൃത്തി കാരണം ഇര നഗ്നയാവുകയോ വസ്ത്രം നഷ്ടപ്പെടുകയോ ചെയ്തു എന്ന് സാക്ഷികള്‍ ആരും പറഞ്ഞിട്ടില്ല. പ്രതികള്‍ ഇരയെ ലൈംഗികമായി കടന്നു കയറാന്‍ ശ്രമിച്ചതായി യാതൊരു ആരോപണവുമില്ല. പ്രതികള്‍ ബലാത്സംഗം ചെയ്യാന്‍ ഉറച്ചു എന്ന് സൂചിപ്പിക്കുന്ന യാതൊരു തെളിവുകളും രേഖകളിലില്ലെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, ക്രിമിനല്‍ നിയമപ്രകാരം, ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ പൂര്‍ണ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികമായ സമ്പര്‍ക്കത്തെയാണ് ബലാത്സംഗം അഥവാ റേപ്പ് എന്ന് പറയുന്നത്. ഇക്കാര്യം ജഡ്ജി മനപ്പൂര്‍വം വിസ്മരിച്ചതാണോ..?

ബലം പ്രയോഗിച്ചോ ഭയപ്പെടുത്തിയോ നടത്തുന്ന ലൈംഗിക കീഴ്പ്പെടുത്തലുകളെല്ലാം ബലാത്സംഗം ആണെന്ന് പറയാം. ലൈംഗികമായ ആക്രമണങ്ങളേയും, മറ്റ് സമ്മതമില്ലാതെയുള്ള ലൈംഗിക അതിക്രമങ്ങളെയും ബലാത്സംഗമായി കണക്കാക്കുന്നു. വിവാഹബന്ധത്തിന് ഉള്ളിലായാലും ധാരാളം ബലാത്സംഗങ്ങള്‍ നടക്കുന്നു എന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ചുണ്ടുകള്‍, മാറിടം മറ്റു ശരീരഭാഗങ്ങള്‍ തുടങ്ങിയവ കടിച്ചു പൊട്ടിക്കുക, ഇടിക്കുക, സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിക്കുക, വേദനിപ്പിക്കുക തുടങ്ങി പല രീതിയില്‍ ഉള്ള ലൈംഗിക അതിക്രമങ്ങള്‍ അല്ലെങ്കില്‍ ക്രൂരതകള്‍ ബലാത്സംഗത്തിന് ഇരയാകുന്ന വ്യക്തി അനുഭവിക്കേണ്ടി വരാറുണ്ട്.

പലപ്പോഴും ഇത് ഇരയെ മരണത്തിലേക്ക് നയിച്ചേക്കാം. ഇതില്‍ ലിംഗഭേദം ഇല്ല, ഏതു ലിംഗഭേദങ്ങളും ഇരകളും, കുറ്റവാളികള്‍ ആകാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ, വളര്‍ച്ചയുടെ വൈകല്യയമുള്ളവരെ ഒരു മുതിര്‍ന്ന വ്യക്തി വിവാഹം ചെയ്തോ അല്ലാതെയോ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ബലാത്സംഗത്തിന്റെ പരിധിയില്‍ വരുന്നു. പലപ്പോഴും ദുര്‍ബലരായി മറ്റുള്ളവര്‍ കാണുന്ന വ്യക്തികള്‍ ആണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്. ഇത്തരം ഇരയെ എളുപ്പം കീഴ്പ്പെടുത്താം എന്ന ചിന്തയാണ് ഇതിന്റെ കാരണം. അതുകൊണ്ട് തന്നെ സ്ത്രീകളും, കുട്ടികളും, വൃദ്ധജനങ്ങളും ബലാത്സംഗത്തിന് വളരെയധികം ഇരയാക്കപ്പെടുന്നതായി കാണപ്പെടുന്നു.

അലഹബാദ് ഹൈക്കോടതി പരിഗണിച്ച കേസിലെ പ്രതികളായ പവനും ആകാശും ബലാല്‍സംഗം എന്ന ഉദ്ദേശത്തോടുംകൂടി തന്നെയയാണ് പെണ്‍കുട്ടിയെ കലുങ്കിനടിയിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചത്. സംഭവം കണ്ടുനിന്ന ആളുകള്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ സംഭവം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലായിരുന്നുവെങ്കില്‍  എന്ത് സംഭവിക്കുമായിരുന്നു..? തീര്‍ച്ചയായും ആ പെണ്‍കുട്ടി റേപ്പ് ചെയ്യപ്പെട്ടേനെ. കൊലപാതകത്തിന് പ്രേരിപ്പിക്കുന്നത് കൊലപാതകത്തോളം തന്നെ ഗൗരവതരമായ കുറ്റമാണെങ്കില്‍ റേപ്പ് ചെയ്യാന്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്  ബലാല്‍സംഗ കുറ്റം തന്നെയാണ്.  കുട്ടികളുടെ നേര്‍ക്കുള്ള ലൈംഗിക അതിക്രമങ്ങള്‍ അവര്‍ക്ക് ശാരീരികവും മാനസികവുമായ ആഘാതം ഏല്‍പ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇവിടെ അലഹബാദ് ഹൈക്കോടതി ജഡ്ജി തന്റെ വിവദാ പരാമര്‍ശത്തിലൂടെ, റേപ്പ് ശ്രമങ്ങളെ പ്രേരിപ്പിക്കുന്ന തരത്തില്‍ സമൂഹത്തിന് തെറ്റായ ഒരു സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒരു റേപ്പ് ശ്രമത്തെ ആരും തടസപ്പെടുത്താതിരുന്നാല്‍ അത് റേപ്പിലേ കലാശിക്കുകയുള്ളൂ. ഇവിടെ ആളുകള്‍ കണ്ടതുകൊണ്ട് പ്രതികള്‍ ഓടിപ്പോയത് അവര്‍ക്ക് പോലീസിനെയും നിയമത്തെയും ഭയമുള്ളതുകൊണ്ടല്ല, പിടിക്കപ്പടും എന്നതിനാലാണ്. എന്നാല്‍ നിയമഭയം ലഘൂകരിക്കുന്നതാണ്, സ്ത്രീയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ കുറ്റമോ ബലാത്സംഗ ശ്രമമോ ആകില്ലെന്ന ജഡ്ജിന്റെ വാക്കുകള്‍.

പോക്സോ നിയമപ്രകാരം ഗുരുതരമായ ലൈംഗികാതിക്രമത്തിന് പ്രതികള്‍ വിചാരണ നേരിടണമെന്നാണ് ജഡ്ജി ഉത്തരവിട്ടിരിക്കുന്നത്. ലൈംഗിക ആക്രമണം എന്ന വാക്ക് തന്നെ ബലാത്സംഗവുമായി വളരെ അടുത്തുനില്‍ക്കുന്ന ഒന്നാണ്.  ലൈംഗികമായി മറ്റൊരാളെ പീഡിപ്പിക്കുന്നതില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്ന ആളുകളില്‍ സാമൂഹിക വിരുദ്ധമായതും സ്വന്തം താത്പര്യത്തില്‍ അധിഷ്ടിതമായതുമായ മാനസികാവസ്ഥയും, സാമാന്യ പൗരബോധത്തിന് നിരാകാത്തതായ ചിന്താഗതികളും ഉണ്ടായിരിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഒരു വ്യക്തിയുടെ സഹജാവബോധം യുക്തിസഹമായ ചിന്തയെ കീഴടക്കുമ്പോഴാണ് ആ വ്യക്തി ലൈംഗിക ആക്രമണം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് മുതിരുന്നത്. ഒരു പ്രവൃത്തി ബലാത്സംഗം ആകുന്നത് ലിംഗം യോനിയില്‍ പ്രവേശിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണെന്നാണ് നിയമപുസ്തകങ്ങളില്‍ പണ്ടേ എഴുതിവച്ചിരിക്കുന്നത്. ഇത്തരം വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്ന പഴുതുകളിലൂടെ കാമകിങ്കരന്‍മാര്‍ക്കും ബലാല്‍സംഗ വീരന്‍മാര്‍ക്കും ഞരമ്പ് രോഗികള്‍ക്കും പകല്‍മാന്യന്‍മാര്‍ക്കും  വേഗത്തില്‍ രക്ഷപെടാന്‍ സാധിക്കുന്നുവെന്നത് നിയമസുരക്ഷയുള്ള ഒരു രാജ്യത്തിന് ഭൂഷണമല്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക