വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയു എം സി) അതിന്റെ മുപ്പതാം വയസ്സിൽ എത്തിനിൽക്കുന്നു. ബാല്യകൗമാരത്തിലെ തെറ്റുകുറ്റങ്ങൾ പരിഹരിച്ചും യൗവനത്തിൽ നേടിയെടുത്ത അറിവുകൾ പക്വതയോടെ ഉപയോഗപ്പെടുത്തുന്നതുമായ പ്രായം! ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളി പ്രവാസികളിൽ ഒരു സാംസ്കാരിക ഉണർവ് സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ 1995 ലാണ് ഡബ്ലിയു എം സി രൂപീകൃതമായത്. 1995 ഏപ്രിൽ 7-ന് ആദ്യത്തെ ആഗോള കൺവൻഷൻ ന്യൂജേഴ്‌സിയിൽ വച്ച് അമേരിക്കയിലെ പ്രഥമ മലയാളി മേയർ ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്നതാണ് സംഘടനയുടെ ബീജാവാപം.
1994 ൽ വേൾഡ് മലയാളി കൺവൻഷൻ സംഘടിപ്പിക്കുക എന്നുള്ള ആശയം സാമൂഹിക പ്രവർത്തകനായ വറുഗീസ് തെക്കേക്കരയുടെയും പത്നി മറിയാമ്മ വറുഗീസിന്റെയും മനസ്സിലാണ് ഉദിച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന കൺവൻഷന്റെ സമാപന ദിവസമായ 1995 ജൂലൈ 3-ന് വേൾഡ് മലയാളി കൗൺസിൽ ഇൻകോർപ്പറേറ്റഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ടി എൻ ശേഷനായിരുന്നു ആദ്യ ചെയർമാൻ. പ്രസിഡന്റ് കെ.പി.പി. നമ്പ്യാർ, ജനറൽ സെക്രട്ടറി അലക്സ് വിളനിലം കോശി, ആൻഡ്രൂ പാപ്പച്ചൻ (വി.പി. അഡ്മിൻ), ഡോ. ജോർജ് ജേക്കബ് (വി.പി.), ഡോ. എ.കെ.ബി. പിള്ള (വി.പി.), ജോൺ എബ്രഹാം (വി.പി.), ജോൺ പണിക്കർ (വി.പി.), തോമസ് ജേക്കബ് വടക്കേമണ്ണിൽ (ട്രഷറർ), പി.റ്റി.ചാക്കോ, ശോശാമ്മ ജോൺ,പി.ജെ.മാത്യു,ജോൺ പണിക്കർ, ലേഖ ശ്രീനിവാസൻ, സക്കറിയ പി.തോമസ് എന്നിവർ ചേർന്ന് സംഘടനയ്ക്ക് ഊടുംപാവും നൽകി.
ഇതിൽ അലക്സ് വിളനിലം കോശി ഇന്നും ഡബ്ലിയു എം സി യുടെ സന്തതസഹചാരിയാണ്. നിലവിലെ പ്രസിഡന്റ് തോമസ് മൊട്ടയ്‌ക്കലുമായി ചേർന്ന് ബാങ്കോക്കിൽ വച്ച് ഈ ബൃഹത് സംഘടനയുടെ മുപ്പതാം വാർഷികം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
ഡബ്ലിയുഎംസി -യിലെ ഓരോ അംഗത്തിന്റെയും ഏറെക്കാലത്തെ സ്വപ്നമാണ് സംഘടനയ്ക്ക് ആഗോളതലത്തിൽ ഒരു ആസ്ഥാനം പണികഴിപ്പിക്കുക എന്നുള്ളത്. 30-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂജേഴ്‌സിയിൽ (വുഡ്രിഡ്ജ്) ആസ്ഥാനമന്ദിരം പണികഴിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണസമിതി.
കേരളീയരുടെ പരസ്പര സഹായത്തിനും സാമൂഹിക - സാമ്പത്തിക പുരോഗതിക്കും വേണ്ടി ആഗോളതലത്തിൽ നിലകൊള്ളുന്ന നെറ്റ്വർക്ക് എന്ന് വിശേഷിപ്പിക്കാവുന്ന തലത്തിലേക്ക് വേൾഡ് മലയാളി കൗൺസിൽ പടർന്ന് പന്തലിച്ചുകഴിഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികളുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക വളർച്ചയ്ക്ക് പുതിയ സാധ്യതകൾ തുറക്കുന്നതിനും നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള ഒരു സംഗമസ്ഥാനമാണ് ഇന്ന് ഈ സംഘടന.
വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും നിന്ന് മലയാളികൾ നേടിയെടുത്ത അനുഭവവും അറിവും കഴിവും സാമർത്ഥ്യവും ബുദ്ധിശക്തിയും വൈദഗ്ദ്ധ്യവും സംരംഭകത്വവും മറ്റൊരു മലയാളിക്കുകൂടി ഉപകരിക്കണമെന്നാണ് സംഘടന ലക്ഷ്യമിടുന്നത്. ഓരോ മലയാളിയും അവന്റെ കുടുംബവും മുന്നേറിയാൽ മാത്രമേ കേരളം എന്ന സംസ്ഥാനം മുൻനിരയിലേക്ക് എത്തൂ എന്നുള്ള ദീർഘവീക്ഷണമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പ്രൊഫഷണൽ രംഗത്തെ വികസനം, കരിയറിലെ പുരോഗതി, സാങ്കേതിക മുന്നേറ്റം എന്നിവയ്ക്കായി യുവാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ സംഘടനയിലെ മുതിർന്ന തലമുറ സദാസന്നദ്ധരാണെന്നതും എടുത്തുപറയേണ്ടതാണ്. വ്യത്യസ്ത പ്രായത്തിലുള്ള മലയാളികൾ അണിനിരന്നുകൊണ്ട് അറിവും ആശയങ്ങളും പങ്കെടുന്നതിന് ഇതിനോളം നാലൊരു വേദിയില്ല.
കേരളത്തിലും മറ്റിടങ്ങളിലുമുള്ള മലയാളികളുടെ സ്വത്തവകാശം, പൗരാവകാശങ്ങൾ, സുരക്ഷ, ന്യായമായ പങ്കാളിത്തം എന്നിവ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് പ്രവാസി സംഘടനകളുമായി കൈകോർത്ത് പ്രവർത്തിക്കാനും ഡബ്ലിയു എം സി മടികാണിച്ചിട്ടില്ല.
കഴിഞ്ഞ 30 വർഷത്തിനിടയിൽ ഡബ്ലിയു.എം.സി ശ്രദ്ധേയമായ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. കേരളത്തിന്റെ ഉൽപ്പാദനപരവും സുസ്ഥിരവുമായ ഭാവി മുൻനിർത്തിക്കൊണ്ടാണ് നാളിതുവരെയും സംഘടന പ്രവർത്തിച്ചിട്ടുള്ളത്.മറ്റ് സാംസ്കാരിക- സാമൂഹിക അസോസിയേഷനുകളിൽ നിന്ന് വ്യത്യസ്തമായി ചാരിറ്റിക്കും കലാപരിപാടികൾക്കും ആഘോഷങ്ങൾക്കുമപ്പുറം തൊഴിൽപരമായ മുന്നേറ്റത്തിനാണ് ഡബ്ലിയു എം സി ഊന്നൽ നൽകുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി മറ്റ് മലയാളി സംഘടനകളുമായും എല്ലാ രാജ്യങ്ങളിലെയും സമൂഹങ്ങളുമായും സർക്കാരുകളുമായും സഹകരിക്കാൻ ഡബ്ലിയു.എം.സി സന്നദ്ധമാണ്.
നാഴികക്കല്ലുകൾ:
1. കേരളം ആസ്ഥാനമായി പ്രിയദാസ് മംഗളേത്തിന്റെ നേതൃത്വത്തിലുള്ള കേരള ഗ്രാമങ്ങളെ ദത്തെടുക്കുകയും വികസിപ്പിക്കുകയും ചെയ്ത പദ്ധതി എടുത്തുപറയാവുന്ന ഒന്നാണ്.
2. എ.വി. അനൂപിന്റെയും ഡോ. കെ.എം. ചെറിയാന്റെയും നേതൃത്വത്തിൽ ചെന്നൈയിൽ 200-ലധികം സൗജന്യ പീഡിയാട്രിക് ഹൃദയ ശസ്ത്രക്രിയകൾ നടത്തി.
3. ദക്ഷിണേഷ്യൻ പഠനങ്ങളുടെ ഭാഗമായി അമേരിക്കയിലെയും ഇന്ത്യയിലെയും നിരവധി സർവകലാശാലകൾ ഇന്ന് ഉപയോഗിക്കുന്ന ' 'കേരള പഠനങ്ങളുടെ ആമുഖം(Introduction to Kerala studies)' പ്രസിദ്ധീകരിക്കാൻ IISAC-നെ സഹായിച്ചു.
4. പ്രൊഫ. അയ്യപ്പ പണിക്കർ തയ്യാറാക്കിയ 'അടിസ്ഥാന മലയാളം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
5. യുവാക്കൾക്കായി "ആൾട്ടിയസ് പ്രോഗ്രാം" അവതരിപ്പിച്ചു.
6. വിദേശ പൗരത്വം നേടിയ ഇന്ത്യൻ പ്രവാസികൾക്ക് ഒസിഐ കാർഡുകൾ ലഭ്യമാക്കുന്നതിന് സജീവമായ ഇടപെടൽ നടത്തി.
7. ലോകമെമ്പാടുമുള്ള 60-ലധികം പ്രവിശ്യകളിലും 6 ഭൂഖണ്ഡങ്ങളിലും സംഘടനയുടെ യൂണിറ്റുണ്ട്.
8. വികസിത രാജ്യങ്ങളിൽ ബിസിനസുകൾ സ്ഥാപിക്കാൻ നൂറുകണക്കിന് മലയാളി സംരംഭകരെ സഹായിച്ചു. കൂടാതെ കേരളത്തിലെ നൂറുകണക്കിന് പ്രൊഫഷണൽ യുവാക്കൾക്ക് ലാഭകരമായ തൊഴിൽ ലഭിക്കുന്നതിന് വഴികാട്ടിയായി.
9. യുവതലമുറയിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് മറ്റ് മലയാളി സംഘടനകളുമായി വിജയകരമായി കൈകോർത്തു.
10. കോവിഡ് മഹാമാരി, പ്രകൃതിദുരന്തങ്ങൾ,യുദ്ധങ്ങൾ തുടങ്ങി ഏത് കാരണംകൊണ്ടും ദുരിതത്തിലാവുകയും മറ്റു ദേശത്ത് കുടുങ്ങിപ്പോവുകയും ചെയ്ത മലയാളികൾക്ക് കൈത്താങ്ങ് നൽകി അവരുടെ രക്ഷകനായി.
11.ഡബ്ലിയു എം സി- യുടെ പരിസ്ഥിതി സംരക്ഷണ ചെയർമാൻ ജോർജ്ജ് കുളങ്ങരയുടെ നേതൃത്വത്തിൽ കേരളത്തിലെ നദികളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും കേരളത്തിൽ ലക്ഷക്കണക്കിന് പ്ലാവ് നട്ടുപിടിപ്പിക്കുകയും ചെയ്തു.
12. ലഹരി മുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള പുതിയ പദ്ധതി സംഘടനയുടെ സംസ്ഥാനതല നേതാക്കളും വനിതാ ഫോറവും ഏറ്റെടുത്തു നടത്തുന്നുണ്ട്.