ആകമാന സുറിയാനി സഭയുടെ 81-മത് കാതോലിക്കാ സ്ഥാനാരോഹണം, 2025 മാര്‍ച്ച് 25(ചൊവ്വ), ലെബനനിലെ അച്ചാനെയിലെ പാത്രിയര്‍ക്കാ അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വെച്ച്, ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യകഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.
യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപോലീത്തായും, പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപോലീത്തായാണ് ഈ ശ്രേഷ്ഠ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. മലങ്കര സഭാ ചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ ചേര്‍ക്കപേടേണ്ട ചരിത്ര നിമിഷത്തിനായി സുറിയാനി സഭ ഒന്നടങ്കം കാതോര്‍ത്തിരിക്കുന്ന ഈ അനുഗ്രഹീത ചടങ്ങില്‍ പങ്കുചേരുവാന്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനാധിപന്‍, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ നേതൃത്വത്തില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘം ലെബനോനിലേക്ക് യാത്ര പുറപ്പെടുന്നു. പ്രതിനിധി സംഘത്തില്‍ അഭിവന്ദ്യ മെത്രാപോലീത്താക്ക് പുറമെ, റവ.ഫാ.ജെറി ജേക്കബ്ബ്(ഭദ്രാസന സെക്രട്ടറി), ശ്രീ.ജോജി കാവനാല്‍(ഭദ്രാസന ട്രഷറര്‍), റവ.ഫാ.പോള്‍ തോട്ടക്കാട്ട്, റവ.ഫാ.കുരിയാക്കോസ് പുതുപ്പാടി, റവ.ഫാ.ജോസഫ് വര്‍ഗീസ്, ശ്രീ.ജെനു മഠത്തില്‍, ശ്രീ.ജിന്‍സ് മാത്യു(കൗണ്‍സില്‍ മെംബേഴ്‌സ്) എന്നിവരും, വിവിധ ഇടവകളെ പ്രതിനിധീകരിച്ച് വന്ദ്യ കോര്‍ എപ്പിസ്‌ക്കോപ്പാമാര്‍, ബഹുമാനപ്പെട്ട വൈദീകര്‍, മറ്റു സഭാംഗങ്ങളും ഉള്‍പ്പെടുന്നു.
ലബനോന്‍ പ്രസിഡന്റ് ജനറല്‍ ജോസഫ് ഔണ്‍ വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന ചടങ്ങളില്‍ ലബനോനിലെ മറ്റു വിശിഷ്ട വ്യക്തികള്‍ക്ക് പുറമേ ആകമാന സുറിയാനി സഭയിലെ മെത്രാപോലീത്താമാര്‍, ഇതര സഭാ മേലദ്ധ്യക്ഷന്‍മാര്‍, മെത്രാപോലീത്താമാര്‍, കേരള സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതിനിധി സംഘം, കേന്ദ്രമന്ത്രി സഭയുടെ പ്രതിനിധികള്‍, കേരളത്തില്‍ നിന്നും വിദേശത്തുനിന്നുമുള്ള നൂറുകണക്കിന് വിശിഷ്ട വ്യക്തികളും പങ്കുചേരുന്നു.
നിയുക്ത കാതോലിക്കാ, അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപോലീത്ത, 1990-91 കാലഘട്ടത്തില്‍, വൈദീകനായിരിക്കുമ്പോള്‍, അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നുള്ളതും ഏറെ ചാരിതാര്‍ത്ഥ്യത്തോടെ ഇത്തരണത്തില്‍ സ്മരിക്കുകയാണ്.
അമേരിക്കന്‍ മലങ്ക അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.