കാത്തുകാത്തെത്ര യര്‍ത്ഥനയ്ക്കുത്തരമായ്
പൗത്രനോമലാള്‍ ജാതനായ് ദൈവേശ്ചയാ!
'ഗ്രാന്‍പാ' തന്‍ പുനര്‍ജനിയെന്ന പോലിതാ
വാര്‍തിങ്കള്‍ക്കതിര്‍പോലൊരു പേലവാംഗന്‍ ?
'ആയില്യം' നാളില്‍ പിറന്നൊരാ പൈതലാള്‍
'ഐശായാ' നാമാഖ്യന്‍ കണ്ണിനു കുളിരായ ്
മഞ്ഞുതുള്ളികള്‍ തിങ്ങും നിര്‍മ്മലപ്രഭാത
രശ്മിയാ ലോചനപുടങ്ങളില്‍ തങ്ങി
സൗവ്വര്‍ണ്ണ രശ്മീ വര്‍ണ്ണരാജികള്‍ ചേര്‍ന്നു
സുസ്‌മേര രൂപം പൂണ്‍ട കോമളിമയോ?
നീയാണെന്‍ മാനസം കവര്‍ന്നതെന്‍ പൈതലേ
നീയെന്റെ ചിത്തം കുളിര്‍പ്പിച്ച ദൈവദാനം
നാളുകള്‍ ഞാന്‍ നിനക്കായ് കാത്തിരുന്നൊരെന്‍
കണ്ണിന്റെ കരളിന്റെ കുളിരാണോമനേ !
സര്‍വ്വജ്ഞനാം പരമകാരുണ്യശക്തി
സാര്‍ത്ഥനായാപ്പൈതലിനെ പാലിക്കുകേ!
ദൈവിക ദാനമായ ് ചിത്തത്തിനമൃതായ്
ആശിതവര്‍ഷിതമായാപതിച്ചതാല്‍
നന്ദിയോടീശ്വരാ തൃപ്പാദം കൂപ്പുന്നേന്‍
തന്നിച്ഛപോലെന്നെ നടത്തുകേ സര്‍വ്വജ്ഞാ !
എന്റെ ഹൃദയനാഥസ്മൃതികള്‍ ദീപ്തമായ് , ജ്വലനമായ് ഹൃദയതന്ത്രികളില്‍മന്ദ്രനാദമായ് തുടിച്ചുനില്‍ക്കവേ, ഒരു സാന്ത്വനമെന്നപോല്‍ ഒരു പിഞ്ചോമനയുടെ,
എന്റെ പൗത്രന്റെ, കരച്ചിലിന്‍ കളനാദം എന്റെ ഭവനത്തിന്റെയകത്തളങ്ങളില്‍ ഈദിനങ്ങളില്‍ കുളിര്‍മഴയായ ് പെയ്തിറങ്ങി. ദൈവത്തിന്റെ അത്ഭുത കൃപയില്‍ നന്ദിസ്തവങ്ങളര്‍പ്പിക്കുന്നു.
മരണം നിയതിയുടെ നിയമമാണ്, മൃതിതന്‍ മാറാലയ്ക്കുള്ളില്‍ മറയുന്ന പ്രിയപ്പെപ്പട്ടവരുടെ ഓര്‍മ്മ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ മങ്ങാതെ, മായാതെ തുടിച്ചു
നില്‍ക്കും. പ്രാര്‍ത്ഥനാ മന്ത്രണങ്ങളോടെ എന്റെ ആ പുണ്യാത്മാവിന്റെ നിത്യശാന്തിക്കായി മുടങ്ങാത്ത അര്‍ത്ഥനകള്‍ സര്‍വ്വേശ്വരസവിധത്തില്‍ അര്‍പ്പിക്കുന്നു. കണ്ണീര്‍മുത്തുകളാല്‍ പ്രണാമമര്‍പ്പിക്കുന്നു. ഇന്ന് മാര്‍ച്ച ് 20 ന് നാലു നീണ്‍ട വര്‍ഷങ്ങള്‍ പിന്നിടുന്നു ആ വിയോഗവ്യഥയിലൂടെ.
- എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍