Image

നൊമ്പര മഴ (കവിത: അഞ്ചു അജീഷ്)

Published on 22 March, 2025
നൊമ്പര മഴ (കവിത: അഞ്ചു അജീഷ്)

മനസ്സിലെ വിങ്ങൽ തെല്ലൊന്ന് ഒതുങ്ങിയപ്പോൾ അവൾ തന്റെ ജനാലകൾ തുറക്കാൻ ശ്രമിച്ചു.

കണ്ണാടി ചില്ലിൽ മഴപ്പെയ്ത്തിൽ ചിതറി തെറിച്ച കുറെ മഴത്തുള്ളികൾ പറ്റി നിൽക്കുന്നു.

ഇരുട്ടിന്റെ മൂടലിൽ അവ മിന്നി തിളങ്ങി. കുറെ നേരം കൗതുകത്തോടെ നോക്കി നിന്നു.

മഴക്കുഞ്ഞുങ്ങളെ  നിങ്ങൾക്ക് ഒലിച്ചിറങ്ങണ്ടെ? നൊമ്പര മഴ പെയ്തു തോർന്നിട്ടും അവളുടെ മനസിന്റെ ജാലക ചില്ലിൽ വിങ്ങലിന്റെ മഴത്തുള്ളി പൊട്ടുകൾ തങ്ങി നിൽക്കുന്നു.

പക്ഷേ ആ വിങ്ങലുകളാകുന്ന തുള്ളികൾക്കും ഉണ്ട് ഒരു ചേല്. പല നോവുകളും മണ്ണിൽഅലിയാൻ ഇഷ്ടപ്പെടുന്നില്ല.

ജനൽ പാളികൾ തുറന്നപ്പോൾ ആ മഴത്തു ള്ളികൾ പതുക്കെ ഒഴുകി. അവൾക്ക് തന്റെ മനസിന്റെ ജാലകം തുറന്ന് മഴത്തുള്ളികളെ ഒഴുക്കിവിടാൻ തോന്നി.

പക്ഷേ ഒലിച്ചു പോകാൻ അവയ്ക്ക് താല്പര്യം ഇല്ല.

ചില നോവുകൾ സുഖമുള്ള മഴത്തുള്ളികൾ ആയി മനസ്സിനെ തണുപ്പിക്കുമെങ്കിൽ ചുറ്റുമുള്ളവർക്ക് കൗതുകമാകുമെങ്കിൽ ഇരുട്ടിന്റെ ശുന്യതയിൽ മഴത്തുള്ളി പോലെ മിന്നുമെങ്കിൽ അത് ഒലിച്ചിറങ്ങാതെ അവിടെ തന്നെ ഇരിക്കട്ടെ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക