Image
Image

ഗൈഡൻസ് ബ്യൂറോ...(കഥ: നൈന മണ്ണഞ്ചേരി)

Published on 22 March, 2025
ഗൈഡൻസ് ബ്യൂറോ...(കഥ: നൈന മണ്ണഞ്ചേരി)

ജീവിതം വല്ലാതെ പ്രതിസന്ധിയിലായ ഘട്ടത്തിൽ എന്തു ചെയ്യണമെന്നറിയാതെ അയാൾ ആലോചനകളിൽ മുഴുകി. ഏറെ നേരത്തെ ആലോചനകളുടെ ഒടുവിലാണ് അയാളുടെ തലയിൽ ഒരു വെള്ളി വെളിച്ചം മിന്നിയത്. അതെ, അതു തന്നെയാണ് ഇപ്പോൾ ചെയ്യാവുന്ന ഏറ്റവും നല്ല ജോലി എന്നതിൽ ഒരു സംശയവുമില്ല. ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നതെന്തേ എന്ന് അയാൾ ആലോചിച്ചു, പിന്നെ ആരോ പറഞ്ഞതു പോലെ ഓരോന്നിനും അതിന്റെ സമയമുണ്ടല്ലോ..  

ജീവിതത്തിലെ എല്ലാ വഴികളും അടഞ്ഞപ്പോൾ ആത്മഹത്യയെക്കുറിച്ചും അയാൾ ആലോചിക്കാതിരുന്നില്ല. ഈ ബുദ്ധി ഇപ്പോൾ തോന്നാതിരുന്നെങ്കിൽ ഇതിനകം അയാൾ കഥാവേശനായിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളഞ്ഞു കൂടാ..പല തൊഴിലുകളും ചെയ്ത് ഒടുവിൽ നാട്ടിൽ ഗതി പിടിക്കാതെ ഗൾഫിൽ പോയി അവിടെയും രക്ഷപെടാതെ തിരിച്ചു വന്ന് കറങ്ങി നടക്കുമ്പോഴാണ് ഈ ബുദ്ധി തോന്നുന്നത്,  ഒരു അപൂർവ്വ ജന്മം വെറുതെ ഒടുങ്ങിപ്പോകേണ്ട എന്ന് വിചാരിച്ച് ദൈവമായിട്ട് തോന്നിച്ചതാകാനും മതി.

ഗൾഫിൽ നിന്ന് തിരിച്ചു വന്ന ദിവസം ഇന്നലെയെന്നപോലെ അയാൾക്ക് ഓർമ്മയുണ്ട്. സ്വീകരിക്കാൻ ആരുമുണ്ടായിരുന്നില്ല, ആകെ ഉണ്ടായിരുന്നത് ഭാര്യ മാത്രം. കൈക്കുഞ്ഞിനെയും തോളിലിട്ട് കയ്യിൽ തൂങ്ങുന്ന മകളെയും ചേർത്തു പിടിച്ച് അവൾ നിന്ന ദൃശ്യം അയാൾ മറന്നിട്ടില്ല. ചിരിക്കാൻ ശ്രമിച്ചെങ്കിലും ദു;ഖത്തിന്റെ ആവരണം അതിനു മേൽ കിടന്നു.  ഇനിയും പരീക്ഷണങ്ങൾ നടത്താൻ അയാൾക്ക് ആവുമായിരുന്നില്ല. പുകച്ചു കൂട്ടിയ സിഗററ്റുകൾക്കിടയിൽ തെളിഞ്ഞു വന്ന പരിഹാരമോർത്ത് അയാൾ ചിരിച്ചു. അതോടു കൂടി തന്റെ പ്രശ്നങ്ങൾ എല്ലാം തീരും..

പിന്നെ  ഒന്നും അറിയേണ്ട, ബാക്കി കാര്യങ്ങൾ ജീവിച്ചിരിക്കുന്നവർ നോക്കി കൊള്ളും.. എങ്കിലും അനാഥമായിപ്പോകുന്ന കുഞ്ഞു മക്കളുടെ ഓർമ്മകളാണ് അയാളെ പിന്നോട്ട് വലിച്ചു കൊണ്ടിരുന്നത്..  അങ്ങനെ നിദ്രാവിഹീനമായ ഒരു രാവിൽ, അയാളുടെ തലച്ചോറിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിച്ച നിമിഷത്തിൽ പുതിയ ബിസിനസ്സിന്റെ അനന്ത സാദ്ധ്യതകൾ അയാളുടെ മനസ്സിൽ  മിന്നി മറഞ്ഞു..          

അങ്ങനെയാണ് ഗൈഡൻസ് ബ്യൂറോയുടെ പിറവി. നമ്മുടെ നാട്ടിൽ വർത്തമാന കാലത്ത് ഏറ്റവും പറ്റിയ ജോലി ഇത് തന്നെ എന്നതിൽ സംശയമില്ലായിരുന്നു. അതു കൊണ്ടു തന്നെ അയാൾ പുതിയ സ്ഥാപനത്തിന്റെ പരസ്യം കൊടുത്തപ്പോൾ തന്നെ  രജിസ്റ്റർ ചെയ്യാൻ ആളുകൾ ഇടിച്ചു കയറി., ജീവിക്കാനുള്ള തിരക്കിനെക്കാൾ തിരക്കാണല്ലോ ജീവിതം അവസാനിപ്പിക്കാനുള്ള അന്വേഷണത്തിനായുള്ള തിരക്കെന്ന് അയാൾ അത്ഭുതപ്പെട്ടു  ജീവിതം അവസാനിപ്പിക്കാൻ റെഡിയായി വന്നവർക്ക് അയാൾ ശരിയായ വഴി പറഞ്ഞു കൊടുത്തു. ദയവായി എങ്ങനെ മരിച്ചാലും ട്രെയിന് മുന്നിൽ ചാടരുത്. അത് ചാടുന്നവർക്ക് എളുപ്പമാണെങ്കിലും മറ്റുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ്..

മരിക്കാൻ വഴി തേടി അയാളുടെ സെന്ററിൽ വന്നവരിൽ ചിലർ അയാളുടെ ഇത്തരം നർമ്മ മധുരമായ ഉപദേശങ്ങൾ കേട്ട് ജീവിതത്തിലേക്ക് തിരിച്ചു പോയി.ജീവിതത്തിലേയ്ക്ക് പോയാലും ജീവിതത്തിൽ നിന്ന് പോയാലും  രജിസ്ട്രേഷൻ ഫീസ് ആദ്യം തന്നെ കക്ഷികളിൽ നിന്ന് വാങ്ങി വെക്കാൻ അയാൾ ശ്രദ്ധിച്ചു.

.ഏതായാലും നാൾക്കു നാൾ അയാളുടെ സെന്ററിൽ തിരക്കു വർദ്ധിച്ചു വന്നു, അങ്ങനെ പ്രാർത്ഥിക്കുന്നത് ശരിയല്ലെങ്കിലും ആളുകളുടെ പ്രശ്നങ്ങളൊക്കെ  ഇങ്ങനെ തന്നെ നിൽക്കട്ടെ എന്നതു മാത്രമായിരുന്നു അയാളുടെ പ്രാർത്ഥന, അല്ലെങ്കിൽ തനിക്ക്  ആത്മഹത്യ മാത്രമേ പോംവഴിയുള്ളു എന്നറിയാൻ അയാൾക്ക് ഒരു ഗൈഡൻസ് ബ്യൂറോയുടെയും സഹായം ആവശ്യമുണ്ടായിരുന്നില്ല..
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക