കരവിരുതിനാൽ
ചെറു പുഞ്ചിരിതൻ നിഗൂഢതയൊളിപ്പിച്ച്
നീ നടന്നകന്ന ഫ്ലോറൻസ് വീഥികൾ
നിനക്കായ് കാത്തിരിപ്പു
തിരികെ വരിക സുന്ദരി
ആർണോ നദീ തീരങ്ങളിൽ സായഹ്നക്കാറ്റേൽക്കാൻ വരിക
വിഞ്ചിയിലെ ചായക്കൂട്ടുകൾ
നിൻ്റെ മുടിയിഴകളെ തഴുകാനായി കാത്തു നിൽക്കുന്നു!
അരികു തെളിയാത്ത ഉടയാടകൾ
നിന്നെ ആശ്ലേഷിക്കാൻ
നൂലുകൾ പാകി
കാത്തു നിൽക്കുന്നു
വരിക ....
നിൻ്റെ അമ്മയുടെ
മടിത്തട്ടിലേക്ക് വരിക
ചുവന്ന പരവതാനി വിരിച്ച
മിലാനിലെ പദനിസ്വനങ്ങൾ
നിനക്കായ് വഴിയൊരുക്കി
കാത്തു നിൽക്കുന്നു
നീറോയുടെ സംഗീത ധാരയല്ല
നിനക്കായ്
സ്വാഗത ഗാനമാലപിക്കുന്നത്
വിശുദ്ധ നഗരത്തിൽ
നിന്നുയരുന്ന
സങ്കീർത്തനങ്ങളാണ്
പീറ്റേഴ്സിലെ
പരിശുദ്ധ ചത്വരവീഥികളിൽ
സമാധാനത്തിൻ്റെയും
സമർപ്പണത്തിൻ്റെയും കരങ്ങൾ
നിനക്കായൊരു കുറിമാനം കൊരുത്തുവച്ചിരിക്കുന്നു
കോളോസിയത്തിലെ
ആരവങ്ങളാൽ
കരിങ്കൽ പാളികളിൽ
ഇപ്പോഴാ ബ്രൂട്ടസൊളിഞ്ഞതില്ല എന്നറിയുക നീ
നിൻ്റെ വരവിനാൻ
പിസ്സയിലെ ഗോപുരങ്ങൾ
നാണിച്ച് നമ്രശിരസണിയുമ്പോൾ
ആ മഞ്ഞിൽ വിരിഞ്ഞ
മീസോസ പൂക്കളുമായി
ചുണ്ടിലൊരു
മോണാലിസ ചിരിയുമായി
ഞാനിവിടെ കാത്തുനിൽക്കാം
മോണാലിസ ലൂവ്രിൻ്റെ ദത്തുപുത്രി
ജാലകങ്ങൾ തകർത്ത്
നീ തിരികെ വരിക........