കടല് കണ്ട് നടക്കവേ കാറ്റിൻ്റെ
മുടിയിലുണ്ടായിരുന്നൊരു പൊൻകതിർ
തിരിതെളിച്ചൊരു നക്ഷത്രജാലകപ്പടി-
യിലല്പമിരുന്നു സായന്തനം
ജലകണങ്ങൾ കുടഞ്ഞ് പോകും മേഘ-
നിഴലിനെ കടന്നെഴുതുന്ന മഴയിലായ്
ഇരുളുവീഴ്ത്താനൊരുങ്ങിയമാവാസി
പതിയെ വന്ന് നിൽക്കുന്നുണ്ട് പിന്നിലായ്
കഥ പറയുന്നു ഹസ്തിനാലിംഗന-
ച്ചതിപടർത്തുന്നരക്കില്ലശില്പികൾ
മുഖപടമിന്ന് ബുദ്ധൻ്റെയോ, വഴി
യ്ക്കരികിലായ് കണ്ട മാരിചമായയോ?
ഇരുളിലെന്നുമശ്വത്വമാവിൻ കുലം
പതിയിരിക്കുന്നു പകതീർക്കുവാനായി
എഴുതിവായിച്ചിതെത്ര മുഷിഞ്ഞവ
പഴകിയാകെ തുരുമ്പിൽ കുതിർന്നവ
ചിരിയതൊന്നുണ്ട് ഭൂമിക്കിതേ പോലെ
പഴയ നാട്യങ്ങൾ കാണവേ മനസ്സിലായ്
പറയുവാനൊന്നുമില്ലെങ്കിലോർമ്മതൻ
സ്മരണിക തീയിലിട്ട് പോയീടുക
വഴിയിൽ നിന്നൊന്ന് മാറി നിന്നീടുക
പ്രകൃതിയെ ഒളി വയ്ക്കാതിരിരിക്കുക..
പുഴകളെത്ര കയങ്ങളൊരുക്കിലും
കടലതിൻ കൗശലങ്ങളറിഞ്ഞിടും
ജലമൊഴുക്കാൻ ശ്രമിച്ച വാക്കൊക്കെയും
കടൽമണൽത്തരി തിരികെയേകീടവേ
ഇത് വസന്തകാലത്തിൻ്റെ കവിതകൾ
എഴുതി നിൽക്കുന്നൊരുദ്യാന തൂലിക
ഇത് പ്രപഞ്ചസ്നേഹത്തിൻ്റെ ലിപികളെ
എഴുതുവാൻ വന്ന ഋതുവതാണോർക്കുക
ചിരികളിൽ മൗനമുണ്ടെങ്കിലിന്നത്
ഗഹനസാഗരത്തിൻ ഗൂഢലിപിയത്