അന്നും എനിക്ക് എൻ്റെ വീടെന്നു വച്ചാൽ വല്ലാത്തൊരു ' ലഹരി ' തന്നെയായിരുന്നു.
വീടിനടുത്തുള്ള തോട്ടിലെ വെള്ളത്തിൽ കളിക്കുകയും കുളിക്കുകയും ചെയ്യുന്നതും മറ്റൊരു ' ലഹരി ' തന്നെയായിരുന്നു.
വീടിനു മുന്നിലെ കുഞ്ഞു പൂന്തോട്ടത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളെ കാണുന്നതും വേറിട്ടൊരു ' ലഹരി ' തന്നെയായിരുന്നു.
ചെടികൾ തോറും പൂക്കൾ തേടി പല വർണ്ണങ്ങളിലുള്ള പൂമ്പാറ്റകൾ പാറി നടക്കുന്നതുമെല്ലാം മറ്റൊരു
' ലഹരി 'യായിരുന്നു.
പല രൂപത്തിലും ഭാവത്തിലും വന്നു പോകുന്ന കാറ്റും മഴയുമൊക്കെ ' ലഹരി' പിടിപ്പിക്കുന്നവയായിരുന്നു.
സ്കൂൾ തുറക്കുന്ന ദിവസം പുത്തനുടുപ്പിട്ട് വിദ്യാലയ മുറ്റത്തെത്തുന്നത് വല്ലാത്തൊരു
' ലഹരി ' തന്നെയായിരുന്നു.
കൗമാര പ്രണയത്തിൻ്റെ കളിചിരിയിൽ മിഴിയാഴങ്ങളിലാരുമറിയാതെ കനവുകൾ നെയ്ത് നടന്നതും അപൂർവ്വമായ മറ്റൊരു
' ലഹരി ' യായിരുന്നു.
അമ്പലവും ഉത്സവവും താളമേളങ്ങളുമൊക്കെ അനിർവചനീയമായ വേറൊരു ' ലഹരി ' തന്നെയായിരുന്നു.
ജീവിത പ്രാരാബ്ധങ്ങളിൽ മുഴുകി ഒഴുക്കിനെതിരേ നീന്താൻ പഠിച്ചതും ഒരു
' ലഹരി ' തന്നെയായിരുന്നു.
ഒടുവിൽ അക്ഷരങ്ങളെന്ന സത്യത്തിനോട് അടങ്ങാത്ത പ്രണയമായതിൽപ്പിന്നെ ജീവിതം തന്നെ വല്ലാത്തൊരു
' ലഹരി 'യിലാണെന്നു പറയാം....
പക്ഷേ.......... നന്മകളേറെ വിതയ്ക്കാൻ കഴിയുന്ന നമ്മുടെ മക്കൾ കൈവിരൽത്തുമ്പിലൊക്കെ ഉണ്ടായിട്ടും
" ലഹരി " തേടിയലയുന്നത് കാണുമ്പോൾ മുന്നിലൊരായിരം ചോദ്യങ്ങൾ......??
അവർ തേടുന്ന 'ലഹരി 'ക്ക് എല്ലാം തകർക്കാനല്ലാതെ ഒന്നിനേയും പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല എന്നവരറിയാതെ പോകുന്നു.
നമുക്കുള്ളതും നമ്മുടെ മക്കൾക്കില്ലാത്തതുമായ ഒന്നുണ്ട്, അതാണ് ക്ഷമ. ഒന്നിനു വേണ്ടിയും കാത്തിരിക്കാനവർക്ക് കഴിയുന്നില്ല. മക്കളുടെ ഏതാഗ്രഹവും നിറവേറ്റുന്ന മാതാപിതാക്കൾക്കാണ് ആദ്യം വഴി തെറ്റുന്നത്. പണ്ടുള്ളവർ പറയും 'ഒന്നേ ഉള്ളൂ എങ്കിലും ഉലക്കയ്ക്ക് അടിച്ചു വളർത്തണം " എന്ന്.. അല്ലെങ്കിലും പഴഞ്ചൊല്ലിൽ പതിരില്ല എന്നാണല്ലോ....?