തണുപ്പ്
ഒരു ഗസലായി മാറുന്ന സായാഹ്നത്തിൽ
ടിക്കറ്റോ പാസ്പോർട്ടോ ഇല്ലാത്ത
യാത്ര
കൂടെയൊരു കൂട്ട്
തോളിലൊരു തുണിസഞ്ചി
ഒന്നുമില്ലാത്ത
നിശ്ചല സഞ്ചാരം
പാഥേയമായ് പൊതിഞ്ഞെടുക്കേണ്ടത് മറവിയാണ്
അണിയാൻ ജിപ്സിയുടെ വസ്ത്രം
ഇന്നിൽ നിന്നും കൊത്തിയെടുത്ത
ആയുസ്സോളം നീളുന്ന
നിമിഷം
അതിർത്തി കടക്കുമ്പോൾ
വേദനകളോ സ്വപ്നങ്ങളോ
കൂടെയില്ലെന്നുറപ്പു വരുത്തണം
തിരിച്ചറിയൽ രേഖയായ്
നെഞ്ചിൽ കൊരുത്തൊരു വാക്കു വേണം.
ഹൈബർനേഷൻ സത്യത്തിൽ
ഒരു സാങ്കൽപിക രാജ്യമല്ല
ഋതുക്കളില്ലാത്ത
ഒരു വൻകര തന്നെയാണ്.