Image

കഥപറയുന്ന വാടകവീട്; ബുക് റിവ്യൂ, മോഹൻ ദാസ്

Published on 26 March, 2025
കഥപറയുന്ന വാടകവീട്; ബുക് റിവ്യൂ,  മോഹൻ ദാസ്

 

ചെറുകഥയിലും, കവിതയിലും തന്‍റെ കയ്യൊപ്പ് പതിപ്പിച്ച വീണാസുനിലിന്‍റെ രണ്ടാമത്തെ പുസ്തകവും ആദ്യകഥാസമാഹാരവുമാണ് വാടകവീട്. 2023 ല്‍ പ്രസിദ്ധീകരിച്ച നോവാഴങ്ങളില്‍ എന്ന കവിതാസമാഹാരം വായനക്കാരുടെ മനസ്സുകളില്‍ ഈ എഴുത്തുകാരിയുടെ പേരും ആഴത്തില്‍ കോറിയിട്ടു.

പെണ്‍മനസ്സിന്‍റെ വിഹ്വലതകളും ലോലതലങ്ങളും അനന്യസാധാരണമായ അനുഭൂതിതീവ്രതയോടെ അവതരിപ്പിക്കാനുള്ള സവിശേഷമായ കയ്യടക്കം ഈ കഥാകാരിക്കുണ്ട്.  

ആള്‍ക്കൂട്ടത്തിന്‍റെ കോലാഹലങ്ങളില്‍ നിന്നും പെരുമയുടെ വെള്ളിവെളിച്ചങ്ങളില്‍ നിന്നും എപ്പോഴും ഒഴിഞ്ഞുമാറിനടക്കാന്‍ ഇഷ്ടപ്പെടുന്ന  ഈ എഴുത്തുകാരിയുടെ കഥകളില്‍ നിശബ്ദമായ ദുഃഖത്തിന്‍റെ തേങ്ങലുകളുണ്ട്. മനുഷ്യമനസ്സിനെ ആഴത്തില്‍, എന്നാല്‍ ആര്‍ദ്രമായി  സ്പര്‍ശിക്കുന്ന, കഥയെ കവിതയോടടുപ്പിച്ച സാഹിത്യകാരിയാണ് വീണാസുനില്‍.

ജീവിതത്തിന്‍റെ നാല്‍ക്കവലകളില്‍ ഒറ്റയ്ക്കായ, ഒപ്പം നടക്കാന്‍ തുണ നഷ്ടപ്പെട്ട പെണ്‍മനസ്സിന്‍റെ നീറ്റലുകളെ തീഷ്ണനൊമ്പരത്തോടെ പറയുന്ന ഈ കഥാകാരിയുടെ ഇരുപത്തൊന്ന് കഥകളുടെ ഒരു കൂട്ടായ്മയാണ് വാടകവീട്. 

ഊഷരമാവുന്നമനസ്സുകളെ കുറിച്ചുള്ള ആകുലതകള്‍ വീണയുടെ കഥകളില്‍ കാണാം. ആദ്യകഥയായ ഓര്‍മ്മപ്പെയ്ത്തുകളിലെ ദേവി  ഭസ്മം മണക്കുന്ന അമ്മയുടെ നെറ്റിയില്‍ ഉമ്മവെച്ചുകൊണ്ട് സ്വന്തം ലോകത്ത് കാലുകളുറപ്പിച്ച് നില്‍ക്കാന്‍ വെമ്പുന്ന പുതിയ കാലത്തിന്‍റെ പ്രതീകമാണ്. 

ശവപ്പറമ്പ് എന്ന കഥ സ്ത്രിയുടെ ചങ്കൂറ്റത്തിന്‍റെ ഉറച്ച പ്രഖ്യാപനം കൂടിയാണ്.

…നിന്‍റെ വികാരങ്ങള്‍ എരിച്ചുകളയാനുള്ള ശവപ്പറമ്പല്ല ഞാന്‍… എന്ന ഹിരണ്‍മയിയുടെ ഉറച്ച ശബ്ദത്തിന് വല്ലാത്തൊരു മുഴക്കവും ചൂടുമുണ്ട്. ഈ വരികളെ സ്പര്‍ശിക്കുമ്പോള്‍ എം. ടിയുടെ രണ്ടാമൂഴത്തിലെ ഒരു വരി ഓര്‍മ്മകളില്‍ തെളിയുന്നു.

''....സ്ത്രീ…രേതസ്സ് ഹോമിക്കാന്‍ ജ്വലിപ്പിച്ച അഗ്നിജ്വാലകള്‍ മാത്രം….''

പെണ്ണിനെ ഉപഭോഗവസ്തുവായി കാണുന്ന മനസ്സുകള്‍ക്കെതിരെയുള്ള ഒരു പൊട്ടിത്തെറികൂടിയാണ് ഹിരണ്‍മയി നടത്തുന്നത്. 

….അല്ലെങ്കിലും കാശിന് ആവശ്യം വരുമ്പോഴല്ലേ നീ എന്നെ സ്നേഹിച്ചിട്ടുള്ളു….

നട്ടെല്ലിലൂടെ മരണത്തിന്‍റെ നൊമ്പരം അരിച്ചിറങ്ങുമ്പോള്‍ ഒരഭയത്തിന് തലചായ്ക്കാനെത്തിയ സംഗീതയ്ക്ക് കിട്ടിയ,നോവാഴങ്ങളിലെ വിഷ്ണുവിന്‍റെ ഈ നീറ്റിക്കുന്ന മറുപടി അനുവാചകര്‍ക്കും ഒരു നീറ്റലാണ്.

നിഴല്‍ജീവിതങ്ങളിലെ ശ്രീകല പേരറിയാത്തൊരു നൊമ്പരം പോലെ അനുവാചകമനസ്സിനെ പൊള്ളിക്കുന്ന കഥാപാത്രമാണ്. അത്താണി നഷ്ടമായ ഒരു പെണ്ണിന് ജീവിതം ഒരു മരുഭൂമിയായിമാറുന്നതിന്‍റെ ചിത്രം ശ്രീകലയിലൂടെ വായിച്ചെടുക്കാം.

വീടിനു പറയാന്‍ ഒരുപാട് കഥകളുണ്ട്. പ്രശസ്ത കഥാകൃത്തായ അഷ്ടമൂര്‍ത്തിയുടെ ആര്‍ദ്രസ്പര്‍ശമായ സുധാകരന്‍റെ വീട് എന്ന കഥ വീണയുടെ വാടകവീടിനൊപ്പം ചേര്‍ത്തുവയ്ക്കുന്നത് അനൗചിത്യമാവില്ല. തന്‍റെ ജീവിതത്തിന്‍റെ പൂമുഖത്തേക്ക് ഉറ്റവരും ഉടയോരുമില്ലാതെ കടന്നു വരുന്നവര്‍ക്ക് അഭയത്തിന്‍റെ വാതിലുകളും കാരുണ്യത്തിന്‍റെ ജാലകങ്ങളും തുറന്നുകൊടുക്കുന്ന സുധാകരന്‍റെ വീട്. ഇവിടെ വീട് സന്തോഷിക്കുകയാണ്വീ. ണയുടെ വാടകവീടിലെത്തുമ്പോള്‍ എല്ലാം തകിടം മറിയുന്നു. ആത്മഹത്യ ചെയ്തവരുടെ വീടിന്‍റെ ഭയാനകമായ ചിത്രമാണ് കാണുന്നത്.

കേതുര്‍ദശ, ചിലതിരിച്ചറിവുകള്‍, ഈര്‍മ്മിള, മരണം വിരുന്നെത്തിയ വീട്, കണ്ണീരോര്‍മ്മകള്‍, സഹയാത്രികര്‍, ജീവിതം, പുഴയോരം, ബെഡ്റൂം പറഞ്ഞത് തുടങ്ങി ഈ സമാഹാരത്തിലെ എല്ലാ കഥകളും മൗലികത കൊണ്ടും ഭാവുകത്വം കൊണ്ടും ശ്രദ്ധേയമായ രീതിയിലാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

വായനക്കാരന്‍റെ ഹൃദയത്തോടു സംസാരിക്കുന്ന ഭാഷയില്‍ രചിച്ച കഥകള്‍.

എടുത്താല്‍ പൊങ്ങാത്ത ഭാരിച്ച ഒരു കാര്യവും ഈ കഥകള്‍ അനുവാചകനോടു പറയുന്നതേയില്ല. കുഞ്ഞുകുഞ്ഞുകാര്യങ്ങള്‍ കാതോടുകാതോരം പറഞ്ഞുകൊണ്ട് മനസ്സുകളിലേക്ക് പാലം നിര്‍മ്മിക്കുകയാണ് കഥാകാരി. മഴയുടെ താളവും പുഴയുടെ കുളിരും നാട്ടുപൂക്കളുടെ സുഗന്ധവും ഈ കഥകളിലൂടെ വായിച്ചെടുക്കാം.

….അവള്‍ നിനക്കൊപ്പമുണ്ട്….

സ്നേഹത്തിന്‍റെ, കാരുണ്യത്തിന്‍റെ , പ്രണയത്തിന്‍റെ നനവാര്‍ന്ന അധരങ്ങളോടെ….അവളെ ഹൃദയത്തോടുചേര്‍ത്തുപിടിക്കാം എന്ന് ആണ്‍മനസ്സിനോട് നിശബ്ദം മന്ത്രിക്കുന്ന ഒരു മനസ്സ് ഈ കഥകളില്‍ കാണാം.

പ്രസാധകർ : മഞ്ജരി ബുക്സ്

വില : 140 രൂപ


 

വീണാ സുനില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക