Image
Image

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ നിറത്തെ അവഹേളിച്ച അധമ വികാരം (എ.എസ് ശ്രീകുമാര്‍)

Published on 26 March, 2025
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ നിറത്തെ അവഹേളിച്ച അധമ വികാരം (എ.എസ് ശ്രീകുമാര്‍)

ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും ചില മനുഷ്യരുടെ മനസ് പ്രാചീന ഇരുണ്ട യുഗത്തില്‍ത്തന്നെയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കേരളത്തിലും അരങ്ങേറുന്നത്. കറുപ്പ് നിറത്തിന്റ പേരില്‍ തനിക്ക് വിവേചനം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നതാണ്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വി വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശാരദ മുരളീധരന്റെ വൈകാരികമായ കുറിപ്പ്. ഇതിന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പിന്തുണ ലഭിക്കുന്നുണ്ട്. 'കറുപ്പിനെന്താ കുഴപ്പം...' എന്ന ടാഗ് ലൈനോട് കൂടി സമൂഹ മാധ്യമങ്ങളിലടക്കം വലിയ സ്വീകാര്യതയാണ് ശാരദാ മുരളീധരന് ഇപ്പോള്‍ ലഭിക്കുന്നത്.

ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവര്‍ത്തനം കറുപ്പും മുന്‍ ചീഫ് സെക്രട്ടറിയായ ഭര്‍ത്താവിന്റെ പ്രവര്‍ത്തനം വെളുപ്പുമായിരുന്നുവെന്ന തരത്തില്‍ ഒരാള്‍ താരതമ്യം ചെയ്തത് അപ്രതീക്ഷിതമാണെന്ന് പറഞ്ഞ ശാരദ മുരളീധരന്‍, മുന്‍പും താരതമ്യങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. തനിക്കുനേരെ ഉണ്ടായ പരാമര്‍ശം ഒരു നിമിത്തം മാത്രമാണ്. ആരാണ് പരാമര്‍ശം നടത്തിയതെന്ന് പറയില്ല. അത് അറിയാതിരിക്കുന്നതാണ് നല്ലത്. നമ്മളുടെ പ്രതികരണം മൂലം ഇത് ചര്‍ച്ചാ വിഷയമാകുകയാണെങ്കില്‍ പ്രതികരിക്കേണ്ടതല്ലേ. വിഷയം ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന് കുറച്ചുപേര്‍ തന്നോട് പറഞ്ഞുവെന്നും ശാരദ മുരളീധരന്‍ പറഞ്ഞു.

ഭര്‍ത്താവായ വേണുവിന്റെ പ്രചോദനമാണ് എഫ്.ബി പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്. വിഷയം തങ്ങള്‍ തമ്മില്‍ സംസാരിച്ചു. പ്രതികരിക്കാനുള്ള ധൈര്യം നല്‍കിയത് വേണുവാണ്. മക്കളുമായും ഇക്കാര്യം പങ്കുവെച്ചു. ആത്മവിശ്വാസം നല്‍കുന്ന തരത്തിലാണ് മക്കള്‍ പലപ്പോഴും പ്രതികരണം നടത്തുന്നത്. തനിക്ക് ചേരില്ലെന്ന് പറഞ്ഞ് ഒരു വസ്ത്രം ഒഴിവാക്കുമ്പോള്‍, ''ഇല്ല അമ്മാ... അമ്മ സ്മാര്‍ട്ടാണ്...'' എന്ന് പറഞ്ഞ് മക്കള്‍ ആത്മവിശ്വാസം നല്‍കും. വ്യത്യസ്തമായി ചിന്തിക്കാന്‍ കഴിയുന്ന ഒരു ജനത നമ്മുടെ ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ട്. അത് സന്തോഷം നല്‍കുന്നതാണെന്നും ശാരദ മുരളീധരന്‍ പറഞ്ഞു.

നിറത്തിന്റെ പ്രശ്‌നം അനുഭവിക്കാത്തവര്‍ക്ക് ഇത് ചെറിയ കാര്യമാണെന്ന് തോന്നും. പക്ഷേ, അത് അനുഭവിച്ചവരെ സംബന്ധിച്ച് സ്വന്തം വ്യക്തിത്വത്തെ ഉള്‍പ്പെടെ ചോദ്യംചെയ്യുന്ന വലിയ വിഷയമാണ്. ഈ വിഷയത്തെ മൊത്തത്തില്‍ നമുക്ക് മാറ്റിമറിക്കണം. ''കറുപ്പിന് ഏഴഴക്...'' എന്ന് കുട്ടിക്കാലം മുതല്‍ പറയുന്നത് ആശ്വസിപ്പിക്കുന്ന പോലെയാണ്. കറുത്ത കുട്ടിയെ കിട്ടുമ്പോള്‍ ''സാരമില്ല കറുപ്പിന് ഏഴഴകാണല്ലോ...'' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നത് പതിവാണെന്നും ശാരദ മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഭര്‍ത്താവ് ഡോ. വി വേണുവില്‍ നിന്നാണ് കേരളത്തിന്റെ 49-ാമത്തെ ചീഫ് സെക്രട്ടറിയായി ശാരദ മുരളീധരന്‍ സ്ഥാനം ഏറ്റെടുത്തത്. സെക്രട്ടറിയേറ്റില്‍ അതൊരു അപൂര്‍വ നിമിഷമായിരുന്നു. കേരള ചരിത്രത്തില്‍ ആദ്യത്തേതും.

മനുഷ്യ ചര്‍മ്മത്തിലെ എപിഡെര്‍മിസിലും (പുറം തൊലി) കണ്ണുകളിലെ റെറ്റിനയിലെ യുവിയയിലും ഉള്ള കോശങ്ങളാണ് മെലനോസൈറ്റുകള്‍. മെലാനോജെനിസിസ് എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ മെലനോസൈറ്റുകള്‍ 'മെലാനിന്‍' എന്ന പിഗ്മെന്റ് ഉല്‍പ്പാദിപ്പിക്കുന്നു. ത്വക്കിനും കണ്ണുകള്‍ക്കും, രോമങ്ങള്‍ക്കും നിറം കൊടുക്കുന്നത് മെലാനിന്‍ ആണ്. വെളുത്ത നിറമുള്ളവരില്‍ മെലാനോജെനസിസ് താരതമ്യേന കുറവായിരിക്കും. കറുത്തവരില്‍ അത് കൂടുതലായിരിക്കും, അത്രമാത്രം.  ഈ ശാസ്ത്രീയ വശം അറിയാതെയോ, അറിയില്ലെന്ന് നടിച്ചോ ആണ് കറുത്ത നിറമുള്ളവരെ മെലാനോജെനസിസ് കുറഞ്ഞവര്‍ വല്ലാതെ അധിക്ഷേപിക്കുന്നത്.

ഇതാണ് വര്‍ണ വിവേചനം അഥവാ അപര്‍തേയ്ഡ്. ദക്ഷിണാഫ്രിക്കയിലെ കറുത്തവരും വെള്ളക്കാരുമായുള്ള വിവേചനം, നാസി ജര്‍മ്മനിയിലെ ആര്യന്മാരും ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷം, ഇന്ത്യയിലെ സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള വേര്‍തിരിവ് തുടങ്ങിയവയിലെല്ലാം വംശമഹിമയുടെയും വര്‍ണ്ണവിവേചനത്തിന്റെയും വ്യത്യസ്ത തലങ്ങള്‍ അടങ്ങിയിരിക്കുന്നു. വര്‍ണവിവേചനത്തിനെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് അമേരിക്കയില്‍ നടത്തിയ സ്വാതന്ത്ര്യ സമര ഘോഷങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ് ഭാരതീയര്‍. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും ഒരു കറുത്ത വര്‍ഗ്ഗക്കാരനായിരുന്നു. വര്‍ണ്ണ വിവേചനത്തിനെതിരെ പൊരുതി മരിച്ച നെല്‍സണ്‍ മണ്ഡേലയുടെ ജീവചരിത്രത്തിലെ കറുത്ത അധ്യായങ്ങള്‍ മനുഷ്യനെ നിറത്തിന്റെ പേരില്‍ വേര്‍തിരിച്ച് കാണാന്‍ നമുക്ക് പ്രാപ്തി നല്‍കുന്നില്ല.

ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയുടെ നിറം എന്തായിരുന്നു എന്നുള്ളതിനെ പറ്റി പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലല്ലോ. സൗത്ത് ആഫ്രിക്കയില്‍ പഠനത്തിനു പോയ മഹാത്മജി തൊലി നിറത്തിന്റെ പേരില്‍ വെളുത്തവരാല്‍ ചവിട്ടി പുറത്താക്കപ്പെട്ടപ്പോഴും അവിടെ സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിക്കൊണ്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി വന്നത്. അങ്ങനെ തൊലിവെളുപ്പുള്ളവന്‍ ആക്രമിച്ചു കീഴടക്കിയ ഭാരതത്തെ അവറ്റകളുടെ കൈയില്‍ നിന്നും വിമോചിപ്പിച്ച് ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന് ജന്മം കൊടുത്ത വ്യക്തിയാണ് കൃശഗാത്രനും കറുത്ത നിറമുള്ളവനുമായ മഹാത്മാ ഗാന്ധി.

ഒരു വ്യക്തിയുടെ കറുപ്പു നിറത്തെ അടിസ്ഥാനമാക്കി അവരെ ഇകഴ്ത്തുന്നത് അധമ വികാരത്തിന്റെ പ്രതിഫലനമാണ്. മഹത്തായ പാരമ്പര്യത്തെയോ അതുവഴി അവര്‍ സമൂഹത്തിന് പ്രദാനം ചെയ്യുന്ന പ്രകടനത്തെയോ വിലയിരുത്തുന്നത് പരിഷ്‌കൃത സമൂഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വ്യക്തിക്കും ചേര്‍ന്നതല്ല. കലാഭവന്‍ മണിയുടെ സഹോദരനും  നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യാഭാമ ഉറഞ്ഞു തുള്ളിയത് അടുത്ത കാലത്താണ്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും ഇയാളെ കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ലെന്നും കലാമണ്ഡലം സത്യഭാമ ഒരു യൂട്യൂബ് ചാനലിലൂടെ പറഞ്ഞപ്പോള്‍ ആവരുടെ ഇരുളടഞ്ഞ മനസിന്റെ വൈകൃതമാണ് നമ്മള്‍ കണ്ടത്.

നിറത്തിന്റെ പേരിലുള്ള വിവേചനം എന്നത് ലോകമെമ്പാടുമുള്ള സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ഒരു സാമൂഹിക പ്രശ്‌നമാണ്. നിറത്തിന്റെ അടിസ്ഥാനത്തില്‍ പലരെയും വേര്‍തിരിച്ച് നിര്‍ത്താറുണ്ട്. ഈ വിവേചനം വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ കാണാന്‍ സാധിക്കും. ഇത് വ്യക്തികളുടെ ആത്മാഭിമാനത്തെയും അവസരങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ ബോധവല്‍ക്കരണം നടത്തുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്.

യൂറോപ്യന്മാരില്‍ ഭൂരിഭാഗത്തിനും 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കറുത്ത നിറത്തിലുള്ള ചര്‍മ്മമായിരുന്നുവെന്ന് വാദിക്കുന്ന പുതിയ പഠനത്തെ ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇറ്റലിയിലെ ഫെറാറ സര്‍വകലാശാലയിലെ ഗുയിഡോ ബര്‍ബുജാനിയുടെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനമാണ് യൂറോപ്യന്മാരുടെ ചര്‍മ്മത്തിന്റെ നിറത്തെക്കുറിച്ചുള്ള ദീര്‍ഘകാല വിശ്വാസങ്ങളെ പൊളിച്ചെഴുതിയത്. വെളുത്ത ചര്‍മ്മത്തിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് നടന്നതെന്നും പഠനത്തില്‍ കണ്ടെത്തി. ചെമ്പ്, ഇരുമ്പ് യുഗങ്ങളില്‍ പകുതിയോളം വ്യക്തികള്‍ ഇരുണ്ടതോ ഇരുനിറത്തിലുള്ളതോ ആയ ചര്‍മ്മത്തിന്റെ നിറങ്ങള്‍ കാണിച്ചുവെന്നും പഠനത്തില്‍ പറയുന്നു.

പൂര്‍വികരായ യൂറോപ്യന്മാരുടെ അസ്ഥികളില്‍ നിന്നും പല്ലുകളില്‍ നിന്നും ഡി.എന്‍.എ വേര്‍തിരിച്ചെടുത്തുകൊണ്ടാണ് ഗവേഷകര്‍ അവരുടെ പിഗ്മെന്റേഷന്‍ സ്വഭാവവിശേഷങ്ങള്‍ അന്വേഷിച്ചത്. ഒരുപക്ഷേ ഇന്ത്യക്കാരുടെ കാര്യത്തിലും ഇതുതന്നെയായിരിക്കും സ്ഥിതി. അതുകൊണ്ട് തൊലിവെളുപ്പില്‍ അഹങ്കരിക്കുകയും കറുത്തവരെ അവഹേളിക്കുകയും ചെയ്യുന്നവര്‍ ഓര്‍ക്കുക...നിങ്ങളുടെ പൂര്‍വികരും കറുത്തവരായിരുന്നു. അവരെ പുച്ഛിച്ച് തള്ളുന്നത് നിങ്ങളുടെ പാരമ്പര്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. മനുഷ്യന്‍ എത്ര ആധുനികതയില്‍ എത്തിച്ചേര്‍ന്നാലും അതിജീവനത്തിനായി കല്ലും കമ്പും ഉപകരണങ്ങളാക്കി മൃഗങ്ങളെ വേട്ടയാടി നടന്ന ഒരു പൂര്‍വചരിത്രം നമുക്കുണ്ടായിരുന്നെന്ന് കാലം നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. 

Join WhatsApp News
(Dr.K) 2025-03-26 23:22:34
Stay away from making the irrelevant relevant. She is wasting precious time and space! As a chief secretary, she has to take stringent action against the person instead of publicizing it. What a disappointment from a chief secretary!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക