Image

മാനക്കിൾ (രമാ പിഷാരടി)

Published on 27 March, 2025
മാനക്കിൾ (രമാ പിഷാരടി)

ഒരു വിലങ്ങഴിച്ചുലയിലെ-

വിപ്ളവക്കനലിലേക്കിട്ട്

പോകാനൊരുങ്ങവേ;

ഉയിരിനുള്ളിലേക്കമ്പെയ്ത്

നിഴൽവഴിക്കുഴികൾ

ചക്രവ്യൂഹങ്ങൾ, സമസ്യകൾ

 

പലവിലങ്ങുണ്ട് ചുറ്റിലും-

വാക്കിൻ്റെ തരികളെ

ചുറ്റിവരിയുന്ന മുള്ളഴി

നിറുകയിൽ ഒറ്റിനാണി-

വീഴും തുളയ്ക്കൊരു

കിരീടം പകർന്ന രക്തപ്പുഴ!

 

മൊഴികളിൽ വന്ന് വീഴുന്ന-

കൽച്ചീളിലുരസി നീറുന്ന-

മൂവന്തിമുറിവുകൾ!

തിരികളിൽ കരികരിങ്കനൽ

പടർന്നാധികൾ തിമിര-

മിറ്റിച്ച രാവിൻ്റെ ചങ്ങല

 

സഹനമൗനമുൾനോവിൻ്റെ

ഭാഷയെ ബലികൊടുക്കുന്ന

കാരാഗൃഹപ്പകൽ

കലിപുരണ്ട നാൽക്കവലകൾ

ലഹരിപൂണ്ടിടറിവീഴുന്ന

സ്കൂളിൻ വരാന്തകൾ

 

ലിപിയിടക്കിടെ തെറ്റി-

ക്കടുംകെട്ട് മുറുകി ശ്വാസം

നിലച്ച് പോകുന്നുവോ?

നിലവിളിക്കുന്ന നേരിൻ്റെ

പക്ഷിയെ ചിറകരിഞ്ഞ്

തീക്കുള്ളിലേക്കിട്ടുവോ?

 

കിലുകിലുങ്ങും

വിലങ്ങുമായ്

ഭ്രാന്തനാ മലകടന്ന്

മറഞ്ഞ് പോകുന്നുവോ?

തിരികെ വന്നുവോ

തീത്തെയ്യമൊന്ന്

വന്നടിമയെന്ന്

പറഞ്ഞ് പോകുന്നുവോ...?

 

നെടുകെ വെട്ടിപ്പിളർന്ന-

കാലത്തിൻ്റെ പകുതിയിൽ

നിന്ന് പൂക്കൈത പൂത്തുവോ?

കുരുതിമണ്ഡപക്കല്ലിലായ്

സൂക്ഷ്മാണുലിഖിതമുണ്ടെന്ന്

നമ്മൾ മറക്കവെ

പതിയെ നമ്മളെ ചുറ്റുന്നു-

വ്യാളികൾ ചിറകടിക്കുന്നു

തീക്കനൽ തുപ്പുന്നു

പലവിലങ്ങിലോടാമ്പലിൽ

ഭൂമിയെ തഴുതിലിട്ട്

സാമ്രാജ്യങ്ങൾ തീർക്കവേ

ജലമൊഴുക്കിക്കളഞ്ഞ

വിലങ്ങുകൾ

ഒഴുകിയെത്തുന്നു

കോരകപ്പുല്ല് പോൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക