കേരളം കണ്ട ഏറ്റവും ഭീരകമായ പ്രകൃതി ദുരന്തമായിരുന്നു വയനാട്ടിലുണ്ടായ ഉരുള്‍ പൊട്ടല്‍. മുണ്ടക്കൈ-ചൂരല്‍മല പ്രദേശവാസികളുടെ ജീവനും സ്വത്തും ഉള്‍പ്പെടെ സര്‍വതും നശിച്ച് മണ്ണോടുമണ്ണടിഞ്ഞ സ്ഥലത്ത് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ പണിയുന്ന ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. ഉരുള്‍ പൊട്ടിയ മേഖല ശ്മശന ഭൂമിയായി മാറിക്കഴിഞ്ഞിട്ട് എട്ട് മാസസമായെങ്കിലും ടൗണ്‍ഷിപ്പിന്റെ നിര്‍മാണം തുടങ്ങുന്നത് ഭവനരഹിതരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. ഇതിനിടെ സന്നദ്ധ സംഘടനകള്‍ നിര്‍മിച്ച് നല്‍കിയ കുറച്ച് വീടുകളില്‍ കുടുംബങ്ങള്‍ താമസം തുടങ്ങിയിട്ടുണ്ട്.
ദുരന്തമുഖത്ത് പുനരധിവാസത്തിന് വലിയ സ്രോതസായി പ്രതീക്ഷച്ചത് കേന്ദ്ര സഹായമായിരുന്നു എന്നാല്‍ ഇതുവരെ ഒന്നും ലഭിച്ചിച്ചില്ലെന്ന് ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണോദ്ഘാടനം, ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ''നാടിന്റെ ഒരുമയുടെ കരുത്താണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് ജനങ്ങളുടെയാകെ യോജിച്ച സഹകരണം, അതിലൂടെ അസാധ്യമായത് സാധ്യമാകുമെന്നാണ് അനുഭവമാണ് വയനാട് ടൗണ്‍ഷിപ്പ്. ഈ പദ്ധതി ഏറ്റെടുത്തത് ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കത്തിനിടയിലാണ്. പക്ഷേ അത് ബാധകമാകാത്ത വിധം മുന്നോട്ട് പോകാനായി. എങ്ങനെ ഇതൊക്കെ സാധ്യം ആയി എന്ന ചോദ്യത്തിനു ഒറ്റ ഉത്തരം മാത്രമേയുള്ളു. നമ്മുടെ നാടിന്റെ മനുഷ്യത്വം. അതാണ് അസാധ്യമായത് സാധ്യമാക്കിത്...'' മുഖ്യമന്ത്രി പറഞ്ഞു.
കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയില്‍ ഒറ്റനിലയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. കെട്ടിടം ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. വീടുകള്‍ക്ക് പുറമെ ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ടൗണ്‍ഷിപ്പിലെ വീടുകളിലുള്ളത്.
ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്‌സിനേഷന്‍-ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയവ സജ്ജീകരിക്കും. ക്ലാസ് മുറി, കളി സ്ഥലം, ഡൈനിങ് റൂം, സ്റ്റോര്‍, അടുക്കള, അങ്കണവാടിക്ക് അകത്തും പുറത്തും കളിസ്ഥലം എന്നിവയാണ് അങ്കണവാടിയിലുണ്ടാവുക. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളിസ്ഥലം, പാര്‍ക്കിങ് എന്നിവ സജ്ജീകരിക്കും. മള്‍ട്ടി പര്‍പ്പസ് ഹാള്‍, കളിസ്ഥലം, ലൈബ്രറി, സ്പോര്‍ട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മ്മിക്കും.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്കാണ് ടൗണ്‍ഷിപ്പിന്റെ നിര്‍മാണത്തിന്റെ ചുമതല. ഇക്കൊല്ലം ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് നീക്കം. പുനര്‍നിര്‍മ്മാണത്തിലെ ലോകമാതൃകയ്ക്കാണ് തുടക്കമിടുന്നതെന്നും ഒരു ദുരന്തബാധിതനും ഒറ്റപ്പെടില്ലെന്നും റവല്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ജനങ്ങളെ ഒരുമിച്ച് നിര്‍ത്താനാണ് ടൗണ്‍ഷിപ്പ് ആശയം നടപ്പാക്കുന്നത്. കോടതി വ്യവഹാരങ്ങളില്‍പ്പെട്ടതിനാലാണ് വീട് നിര്‍മ്മാണം വൈകിയതെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിടങ്ങളില്‍ 2024 ജൂലൈ 30-ന് പുലര്‍ച്ചയുണ്ടായ ഒന്നിലധികം ഉരുള്‍പൊട്ടലുകളില്‍ കുറഞ്ഞത് 417 (227 മൃതദേഹങ്ങളും 190 ശരീരഭാഗങ്ങളും, മൊത്തം 417) മരിക്കുകയും 378 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. 47 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചൊഴുകിയ മണ്ണും മരവും ഏതാണ്ട് ആറ് ദശലക്ഷം ക്യുബിക് മീറ്റര്‍ വരും എന്നാണ് ഒരു പഠനം വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ മണ്ണിടിച്ചില്‍ മൂന്നു ദശലക്ഷം ക്യുബിക് മീറ്ററാണെന്നിരിക്കെ ഈ ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. രണ്ടു ഗ്രാമങ്ങള്‍ മുഴുവനായും ഒലിച്ചുപോയി. ഏതാണ്ട് 2000 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു.
സ്‌കൂളുകളും, കമ്പോളവും ആരാധനാലയങ്ങളും തുടങ്ങി സകലതും ഈ കുത്തൊഴുക്കില്‍ ഇല്ലാതെയായി. സ്റ്റേറ്റ് ഹൈവേ അടക്കം 15 കിലോമീറ്ററിലധികം റോഡും മൂന്നു പാലങ്ങളും ഒലിച്ചുപോയി. ഈ പ്രകൃതിക്ഷോഭത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന പൊതു ആവശ്യത്തെ, അത്തരമൊരു വകുപ്പില്ല എന്നു പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചു. ദുരന്തത്തെത്തുടര്‍ന്ന് പുനര്‍നിര്‍മാണ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം നല്‍കിയ 2219.033 കോടി രൂപയുടെ പാക്കേജില്‍ 600-700 കോടി രൂപയ്ക്ക് മുകളില്‍ നല്‍കാന്‍ വകുപ്പില്ലെന്നാണ് ദേശീയ ദുരന്ത നിവാരണ അതോരിറ്റി നിലപാടെടുത്തത്.
സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്ക് ധനകാര്യ കമീഷന്‍ ശുപാര്‍ശ ചെയ്തത് 1,28,122 കോടി രൂപയാണ്. അതില്‍ റിലീഫിനായി 64,061 കോടി രൂപയും വീണ്ടെടുപ്പിനും പുനര്‍നിര്‍മ്മാണത്തിനുമായി 48,046 കോടി രൂപയും തയ്യാറെടുപ്പ് ചെലവുകള്‍ക്കായി 16,015 കോടി രൂപയുമാണ് ധനക്കമീഷന്‍ ശുപാര്‍ശ ചെയ്തത്. ഇതുപോലെ കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള ദേശീയ ദുരന്ത പ്രതികരണ നിധിയിലെ 54,770 കോടി രൂപയില്‍ റിലീഫിനായി 27,385 കോടി രൂപയും വീണ്ടെടുപ്പിനും പുനര്‍നിര്‍മ്മാണത്തിനുമായി 20,539 കോടി രൂപയും തയ്യാറെടുപ്പ് ചെലവുകള്‍ക്കായി 6,846 കോടി രൂപയുമാണ് ധനക്കമീഷന്‍ ശുപാര്‍ശ ചെയ്തത്.
സാധാരണ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്ന് പരിഹരിക്കാവുന്ന നാശമല്ല വയനാടിന് സംഭവിച്ചത്. വയനാട്ടിലെ മനുഷ്യരുടെയും ആ നാടിന്റെയും ജീവിതം തിരിച്ചു പിടിക്കാന്‍ 1200 കോടി രൂപയെങ്കിലും വേണ്ടതുണ്ട് എന്ന് പറഞ്ഞ കേരളത്തോട്, ''അത് നടപ്പില്ല...'' എന്ന് മുഖത്തടിച്ചപോലെ പ്രതികരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. സമാനതകളില്ലാത്ത ഈ പ്രകൃതി ദുരന്തത്തെ അതിന്റെ ഗൗരവതരമായ അര്‍ത്ഥത്തിലും വ്യാപ്തിയിലും കണ്ട് മതിയായ ധനസഹായം ലഭ്യമാക്കാന്‍ തയ്യാറാകാത്ത വിധം കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വിദ്വേഷം കാണിക്കുന്നത് തികച്ചും വിവേചനപരമാണ്. കേവലം സാങ്കേതികമായ കാര്യങ്ങളില്‍ മനപ്പൂര്‍വം കുടുക്കി കേരളത്തിന്റെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് യാതൊരു തരത്തിലുമുള്ള നീതീകരണമില്ല.
ദുരന്ത പ്രതികരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ് എന്ന് കേന്ദ്രം പറയുന്നു. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. മഹാ പ്രളയം ഉള്‍പ്പെടെ സമീപകാല ദുരന്ത സംഭവങ്ങളില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആഗോളമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദുരന്ത മാനേജ്‌മെന്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ് എന്നതുപോലെ ദുരത്തിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിധി ലഭ്യമാക്കേണ്ടത് യൂണിയന്‍ സര്‍ക്കാരുകള്‍, അല്ലെങ്കില്‍ ഫെഡറല്‍ സര്‍ക്കാരുകളാണ് എന്ന് ധനകാര്യ കമീഷന്‍ വ്യക്തമാക്കുന്നുണ്ട്.
എന്നിട്ടും ബി.ജെ.പി സര്‍ക്കാര്‍ ഒരു മാനുഷിക പരിഗണനയും കേരളത്തോട് കാട്ടിയില്ല. ദുരന്തമുഖത്ത് പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന് കിട്ടിയത് വായ്പയായി തിരിച്ചടക്കേണ്ട തുകയാണ്. അസാധാരണ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കി അധിക സഹായം ലഭ്യമാക്കണം എന്ന് പത്താം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശയെ അപ്പാടെ തള്ളുന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. കേന്ദ്രം അംഗീകരിച്ച ശുപാര്‍ശയാണിതെന്നോര്‍ക്കണം. വയനാട്ടില്‍ സംഭവിച്ചത് അസാധാരണ ദുരന്തം തന്നെയാണെന്നകാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാവില്ല.