ബാങ്കോക്ക്: മ്യാൻമറിൽ തുടർച്ചയായുണ്ടായ 2 ഭൂകമ്പങ്ങളിൽ 25 പേരോളം മരണപ്പെട്ടതായി വിവരം. വെള്ളിയാഴ്ച രാവിലെ 11.50 ഓടെയാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടാകുന്നത്. ഇതിനു തൊട്ടുപിന്നാലെ 12.50 ഓടെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നാണ് റിപ്പോർട്ട്.
മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റർ കിഴക്കായി മധ്യ മ്യാൻമറിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി. തായ്‌ലൻഡിന്‍റെ പല ഭാഗങ്ങളിലും ഭൂകമ്പത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രൊ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചു.