ആൻസി സാജൻ എഴുതിയ 'ഭാനുമതി'യെ സ്നേഹത്തോടെ പരിചയപ്പെടുത്തുന്നു.
വളരെ പരിചിതമായ ജീവിതാനുഭവങ്ങളുടെ തിളക്കത്തിൽനിന്നും പെറുക്കിയെടുത്ത 'ദിവസച്ചമയങ്ങളെ വർഷച്ചമയങ്ങളാക്കുന്ന' സ്വപ്നങ്ങളും പ്രതീക്ഷകളും തുളുമ്പിനിൽക്കുന്ന എന്നാൽ എവിടെയും സ്വന്തമായി ഒരിടം ഇല്ലാതെ പോകുന്ന സ്ത്രീകൾക്കുവേണ്ടിയാണ് ഈ കവിതകൾ. അവരുടെ മനസ്സിന്റെ സ്പന്ദനവും ജീവിതവുമാണ് ഭാനുമതി എന്ന കവിതാസമാഹാരം.
ഭാനുമതി എന്ന പേരിൽതന്നെ സ്നേഹവും അലിവും തന്റേടവും ഉണ്ട്.
ഏവരുടെയും ദിവസം തുടങ്ങുന്നത് ദിവസക്കൂറുകളിൽ നിന്നുമാണ്. എല്ലാവരും പ്രതീക്ഷയോടെ നാളെ എന്നതിലേക്ക് നോക്കുന്നു. പക്ഷെ ഇന്നിൽ ശ്രമിച്ചാൽ മാത്രമേ ' ആ നല്ല നാളെ ' വരികയുള്ളൂ എന്നും അവൾക്കറിയാം. അറിയാവുന്ന സന്തോഷങ്ങൾ ചെയ്യുവാനുള്ള സമയമില്ലാതെ കിടന്നോടുന്ന തടവറയായി മാറുന്ന അടുക്കള!
ഒരു ശരാശരി മനുഷ്യസ്ത്രീ ജീവിതത്തിന്റെ അവസാനപങ്ക് വരെ അടുക്കളയിൽ ചെലവഴിച്ചു മരിച്ചുപോകുന്നു. സ്വപ്‌നങ്ങൾ ഉണ്ട് അവൾക്ക്. അവൾക്ക് നല്ലൊരു ബാല്യവും ഉണ്ടായിരുന്നു. അമ്മയുടെ സാരിത്തുമ്പിലെ മീൻവറവ് ഓർക്കുന്ന ബാല്യം. അച്ഛന്റെ കരുതലുള്ള ബാല്യം. സഹോദരങ്ങളുടെ ഇണക്കവും പിണക്കവും നേടി നല്ലൊരു ജീവിതം സ്വപനം കണ്ട ബാല്യം!
പക്ഷെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ എത്തിയാലോ....
അവിടെ അടുക്കള അവളെ എങ്ങോട്ടും വിടുന്നില്ല.
'അത് പെറ്റുകൂട്ടും പാത്രങ്ങളെ കഴുകിക്കുളിപ്പിച്ചു പൊട്ടുതൊടീച്ചുറക്കാതെ...
അടുക്കള അവളെ എങ്ങോട്ടും വിടുന്നില്ല..'
വളരെ സത്യമാണ്. അടുക്കളയിൽ നടന്നുകൂട്ടുന്ന ദൂരങ്ങൾ... ജീവിതം കഴിയുന്നു.
എനിക്ക് എവിടേക്കെങ്കിലും പോകാൻ തോന്നുന്നു എന്ന് ചിന്തിക്കാത്ത ഒരു സ്ത്രീയും ഉണ്ടാവില്ല.
എവിടേക്കും പോകാനാവാത്ത തരത്തിൽ അവൾ പെട്ടുകിടക്കുന്നു. ഈ വരികൾ വായിക്കുന്ന ആരും സ്വയം ചോദിക്കും. എനിക്കും പോണം. എന്റെ ഇഷ്ടങ്ങളിലേക്ക്. പക്ഷെ എങ്ങനെ പോകും? നാലഞ്ചുപേരുടെ ഇഷ്ടങ്ങൾ സാധിക്കാൻ സ്വന്തം ഇഷ്ടങ്ങളെ കളഞ്ഞ പാഞ്ചാലിയെ പോലെ ഇഷ്ടങ്ങൾ വിവസ്ത്രയായി നിലത്തുകിടന്നു നിലവിളിക്കുന്നു! എങ്ങനെ പോകാനാണ് എന്ന നിലവിളി തൊണ്ടയിൽ കുരുങ്ങുന്നു.
എല്ലാം ഇട്ടെറിഞ്ഞു പോകുന്നത് മരണത്തിലേക്ക് മാത്രമാവുന്നു!
ഒരു കോഫിയുടെ നുരയിൽ പിണങ്ങുന്നവരും ഇണങ്ങുന്നവരും നിറഞ്ഞ ജീവിതം. വാലെന്റയിൻ ഡേ പിണങ്ങാനും ഉള്ള ദിവസമാകുന്നു കവിതയിൽ.
വീടുകൾ എന്ന കവിതയിൽ തിരിച്ചു നടക്കാൻ ഒരുങ്ങുന്ന സ്ത്രീയെ കാണാം. പക്ഷെ എവിടെ അവളുടെ വീട്? അവൾ ഇറങ്ങിയപ്പോൾ വഴി മറഞ്ഞുപോയ വീട്.... കല്ലും മുള്ളും താണ്ടി ചെന്നു മുട്ടി വിളിച്ചാലും ആരും തുറക്കാനില്ലാത്ത വീട്! പണ്ട് അവളുടേതേയാരുന്നു പോലും!
ആരും സ്വീകരിക്കാൻ ഇല്ല. അമ്മ വീട്ടിൽ ഇല്ല. ഇന്നത്തെ കാലത്തിനു ഏറ്റവും അനുയോജ്യമായ വരികളാണ് ആൻസി എഴുതിയത്. പെണ്മക്കളെ കല്യാണം കഴിച്ചു വിട്ടാൽ ചെന്നു കേറിയ വീട്ടിൽ പാമ്പിനെ ഊട്ടി വിഷം പുരട്ടുന്നവൻ ഉണ്ടെന്നു പറഞ്ഞാലും വാതിൽ തുറക്കാത്ത അച്ഛനമ്മമാർ എത്രയോ ഉണ്ട് ഇന്നത്തെ കാലത്ത്! അമ്മയും അച്ഛനും ഒരു വ്യക്തിയല്ല മക്കൾക്ക്. അവരുടെ ജീവിതമാണ്.
അമ്മയും അച്ഛനും എന്നും ഉണ്ടാകും എന്ന് കരുതുന്ന മക്കൾക്കും
'ഭാനുമതി'യുടെ താക്കീത് ഉണ്ട്. അമ്മയെ പിന്നീട് സ്നേഹിക്കാം അച്ഛനെ പിന്നീട് കാണാം എന്നുകരുതി തിരക്കിൽ സമയം മാറ്റി വെക്കാത്ത മക്കളോട് ഭാനുമതി പറയുന്നു. നമുക്ക് ഇന്നേ ഉള്ളു... നാളെ ഇല്ല.
തിരിച്ചു ചെല്ലാൻ ഒരു വീടും അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടെങ്കിൽ എന്ന് ഉള്ളിൽ കേഴുന്ന മക്കൾക്ക് 'അച്ഛൻ മരിച്ചുപോയ പെൺകിടാങ്ങൾ' എന്ന കവിത സമർപ്പിക്കാം.
സ്ത്രീ ഉണ്ടെങ്കിലേ കുടുംബം ഉള്ളൂ എന്ന് കവി അടിവരയിടുന്നു. ഒരു സ്ത്രീയുടെ ജീവിതം ഇല്ലാതെ പുരുഷൻ പടച്ചു കൂട്ടുന്ന എല്ലാം കെട്ടിടങ്ങൾ മാത്രമാണ്. അതൊരു വീടാവണമെങ്കിൽ ഒരു ഓഫീസ് ആവണമെങ്കിൽ സമൂഹവും രാജ്യവും ആവണമെങ്കിൽ സ്ത്രീയുടെ സ്നേഹവും സഹനവും ആവോളം ഒഴുകണം. സ്നേഹമായി മാറുന്ന ഓരോ സ്ത്രീയ്ക്കും 'ഭാനുമതി'യുടെ കവിതാലോകത്തേക്ക് സ്വാഗതം.
ഭാനുമതി
കവിതകൾ
മാക്ബത് പബ്ലിക്കഷൻസ്
+91 85476 49848 ഈ നമ്പറിൽ പുസ്തകം ലഭ്യമാണ്.
വില 140/