കോട്ടയം തെള്ളകം സ്വദേശിനി ഷൈനി തന്റെ രണ്ടു പെണ്കുഞ്ഞുങ്ങളെയും കൂട്ടി റെയിൽവേ ട്രാക്കിൽ പാഞ്ഞുവന്ന ട്രെയിനിന്റെ മുൻപിൽ നിന്ന്, സമൂഹ മനസാക്ഷിക്ക് ചോദ്യചിഹ്നമായി ചിതറിത്തെറിച്ച സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ പ്രേരണയാൽ മുഖ്യ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കയാണല്ലോ. ഈ സംഭവത്തിൽ ഷൈനിയുടെ ഭർത്താവും പുരോഹിതനായ ഭർതൃസഹോദരനും ആണ് മുഖ്യ പ്രതികൾ എന്നാണ് അറിയുന്നത്. എന്നാൽ ഷൈനിയുടെ പിതാവ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കുന്നത് കണ്ടാൽ നമ്മൾ ഞെട്ടിപ്പോകും. കാരണം, സമൂഹമാകെ മനസ്സാക്ഷി മരവിച്ചു നിൽക്കുമ്പോൾ, അദ്ദേഹത്തിന്റെ സ്വരത്തിലോ ഭാവത്തിലോ ശരീര ഭാഷയിലോ ചങ്കു പിളർത്തേണ്ട ഈ സംഭവത്തിന്റെ യാതൊരു ദുഖലക്ഷണവും കണ്ടില്ല. പല അവസരങ്ങളിലും അയാൾ ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. തന്റെ മകളുടെയും പേരക്കുട്ടികളുടെയും ദാരുണമരണം നടന്ന് കുഴിമാടത്തിലേക്കിറക്കി വച്ചിട്ടു 24 മണിക്കൂർ പോലും ആയിട്ടില്ലെന്ന സത്യം മനസ്സിലാക്കുമ്പോൾ നാം വിചാരിക്കുന്നതിനപ്പുറം എവിടെയോ എന്തൊക്കെയോ സത്യങ്ങൾ കുഴിച്ചു മൂടപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ.
എന്നാൽ ഈ വിഷയത്തെപ്പറ്റി വീണ്ടും എഴുതാൻ എന്നെ പ്രേരിപ്പിച്ചതിന്റെ ഒരു കാരണം ക്രിസ്തീയ സഭയിലെ ഒരു ബിഷപ്പിൻറെ പ്രസ്താവനയാണ്. ഇപ്പോൾ നോമ്പു കാലമായതിനാൽ വിശ്വാസികളെ ആത്മീയമായി ഉയർത്തി ഈ അൻപതു ദിവസം എയറിൽ നിർത്താനായി നടത്തുന്ന ഒരു ധ്യാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹം പ്രസംഗം തുടങ്ങിയതു തന്നെ "ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തു. അതിന്റെ കാരണമെന്താണ് എന്ന് തെരക്കാതെ ഇപ്പോൾ മാധ്യമങ്ങൾ ചർച്ച വഴിതിരിച്ചു വിടുകയാണ്...." ഈ സംഭവത്തിൽ സഭയിലെ ഒരു വൈദികൻ വില്ലനാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതാണ് അദ്ദേഹത്തെ ഇങ്ങനെ പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ‘അങ്ങനെ സഭയിലെ ഒരു വൈദികൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാന്യമായി അയാളെ ശിക്ഷിക്കണം’ എന്ന് പറയാനുള്ള ആർജ്ജവമില്ലാതെ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ്. "ഒരു സ്ത്രീ" എന്നാണ് സംബോധന ചെയ്‌തത്. ആ സ്ത്രീയുടെ പേരു പോലും അങ്ങേർക്കറിയില്ലെന്നു തോന്നുന്നു. 'സഹോദരി' എന്നെങ്കിലും പറയാനുള്ള മിനിമം ബഹുമാനമെങ്കിലും ഇദ്ദേഹം കാണിക്കണമായിരുന്നു.
ജീവിതത്തിൽ മുട്ടാവുന്ന സർവ്വ വാതിലുകളും മുട്ടിയിട്ടും തുറക്കപ്പെടാതെ, മേലനങ്ങി അദ്ധ്വാനിച്ചു ജീവിക്കാൻ നോക്കിയിട്ടും നടക്കാതെ, സ്വന്തം കുടുംബത്തിൽ നിന്നും പോലും ഒരു കൈത്താങ്ങു ലഭിക്കാതെ, ആഴക്കടലിലേക്കു മുങ്ങിയപ്പോളാണ് ഷൈനി ഈ സാഹസത്തിനു മുതിർന്നത്. മുടങ്ങാതെ കുർബ്ബാനയ്ക്കു പോയിരുന്ന ഷൈനി പള്ളിയിലെ അച്ചനോട് തന്റെ വിഷമങ്ങൾ പറഞ്ഞിരുന്നതായി അടുത്തുള്ള ഒരു സ്ത്രീ പറയുന്നത് കേട്ടു. സഭയും ദേവാലയവും അശരണർക്ക് അത്താണിയാണെന്നാണ് വയ്‌പ്. പക്ഷേ, സ്വന്തം സഭയിൽ ഇത്രയും കഷ്ടപ്പെടുന്ന ഒരു കുടുംബമുള്ള കാര്യം അവർ അറിഞ്ഞില്ല. എന്നാൽ, സഭയിലെ ഒരച്ചൻ ഇങ്ങനെ ഒരു മ്ലേച്ചൻ ആണെന്ന് സമൂഹം വിളിച്ചു പറഞ്ഞത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അതാണ് വർഗ്ഗ സ്നേഹം!
ഇങ്ങനെയുള്ള ചിന്താഗതിയാണ് ഇന്നത്തെ ക്രിസ്തീയ സഭകളുടെ അപജയത്തിനു കാരണം. ഗതികേടുകൊണ്ട് കഷ്ടപ്പാടുകൾ പുരോഹിതന്മാരുടെ അടുക്കൽ 'കുമ്പസാരം' എന്ന കൂദാശയിലൂടെ രഹസ്യമായി ഒന്ന് പങ്കിട്ടാൽ ആശ്വാസം ലഭിക്കുമെന്ന് കരുതുന്ന പലർക്കും ഇവർ എട്ടിന്റെ പണി നൽകിയിട്ടുണ്ട്. ആ കാരണം കൊണ്ടു മാത്രം ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുള്ളവർ പോലുമുമുണ്ട്. അരമനകളുടെ ആഢംബരത്തിൽ സുഖജീവിതം നയിച്ച് തിന്നുകൊഴുക്കുന്ന ഇക്കൂട്ടർക്ക് ജീവിക്കാൻ പെടാപ്പാടു പെടുന്ന പാവം ജനതയെപ്പറ്റി അറിയില്ല. അറിയാൻ ആഗ്രഹവുമില്ല. ഇവരുടെ അറിവിലേക്ക് പറയാൻ ഒരു കാര്യമേയുള്ളൂ. നോമ്പു കാലത്ത് നിങ്ങളുടെ ധ്യാനപ്രസംഗങ്ങൾ കൊണ്ട് ആർക്കും ഒരു ഗുണവും ഉണ്ടാകുന്നില്ല എന്ന സത്യം നിങ്ങൾ തിരിച്ചറിയണം. നോമ്പു കാലം എന്നാൽ പുരോഹിത വർഗ്ഗത്തിന് കൊയ്ത്തു കാലം എന്നാണ് ഇപ്പോൾ മനസ്സിലാക്കേണ്ടത്. 50 ദിവസം ഇറച്ചിയും മീനും കഴിക്കാതിരുന്നാൽ സ്വർഗ്ഗത്തിലേക്കുള്ള വഴി തുറക്കില്ല. ഇല്ലാത്ത സ്വർഗ്ഗത്തിന്റെ പേര് പറഞ്ഞു നിങ്ങൾ വിശ്വാസികളെ ചൂഷണം ചെയ്‌തു സ്വന്തമായോ സഭയ്ക്ക് വേണ്ടിയോ വാരിക്കൂട്ടുന്നു. എന്നാൽ, ഷൈനിയെപ്പോലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തു പിടിക്കാൻ നിങ്ങൾക്കാകുന്നില്ലായെങ്കിൽ നിങ്ങൾ വെറും മുഴങ്ങുന്ന ചെമ്പോ തിളങ്ങുന്ന കൈത്താളങ്ങളോ മാത്രമാണ്. നിങ്ങൾ പണിയുന്ന സൗധങ്ങൾ കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നടിയും, സംശയമില്ല.
ഇതിലൊക്കെയുപരി, സ്വന്തം സഹോദരങ്ങളും മാതാപിതാക്കളുമാണ്. മാധ്യമങ്ങളിൽ നിന്നറിഞ്ഞത്, ഒരു സഹോദരൻ അമേരിക്കയിലും ഒരു സഹോദരൻ ഓസ്ടേലിയയിലും ആണെന്നാണ്. പിതാവ് പറഞ്ഞത്, "അവരൊക്കെ അവരുടെ കുടുംബങ്ങളുമായി കഴിയുന്നു' എന്നാണ്. സ്വന്തം സഹോദരിക്ക് ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും ഇവർക്കൊന്നും ഒരു ചെറിയ സഹായം ചെയ്യാനായില്ലല്ലോ. ഇവരൊക്കെ ആ അപ്പന്റെ മക്കൾ തന്നെയാണെന്ന് ആ അപ്പന്റെ സംസാരത്തിൽ നിന്നും മനസ്സിലായി. ഇനി ഇവർക്ക് രക്തബന്ധം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഷൈനിയുടെ അവസ്ഥ അറിയാമല്ലോ. ആ കുഞ്ഞുങ്ങളുടെ ഭാവിയെക്കരുതിയെങ്കിലും അൽപ്പം സഹായം ചെയ്യാമായിരുന്നില്ലേ?
അവരോടും ഒരു കാര്യമേ പറയാനുള്ളൂ. നിങ്ങളുടെ കുഞ്ഞുങ്ങൾക്കു വേണ്ടി സമ്പാദിച്ചു കൂട്ടുന്നതിൽ നിന്നും അത്രയും കുറഞ്ഞു പോകുമല്ലോ എന്ന വിഷമമാണെങ്കിൽ ഒരു കാര്യം മനസ്സിലാക്കുക. നിർത്താതെ ഹോണടിച്ച് അലറിവിളിച്ചു കൊണ്ട് ആ ട്രെയിൻ അടുത്തു വന്നു കൊണ്ടിരുന്നപ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു നിന്ന ആ രണ്ടു പിഞ്ചോമനകളുടെ നെഞ്ചിനുള്ളിൽ പടു പടാ അടിക്കുന്ന ആ ഹൃദയമിടിപ്പും നിമിഷങ്ങൾക്കുള്ളിൽ അത് പൊട്ടിത്തെറിക്കുന്ന ശബ്ദവും നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലേ? നിങ്ങൾ അവരെ പുറംകാലുകൊണ്ട് ചവുട്ടിയെറിഞ്ഞു വാരിക്കൂട്ടിയതൊക്കെ നിങ്ങളുടെ അടുത്ത തലമുറയ്ക്ക് അനുഭവിക്കാനാകും എന്നെന്താണുറപ്പ്? നിങ്ങൾ സഹോദരങ്ങൾ ആണെന്ന് പറയാൻ ലജ്ജിക്കണം. കാലം ഒന്നിനും കണക്കു ചോദിക്കാതെ കടന്നു പോകില്ലെന്നോർക്കണം.
__________________