(വനിതാദിനം ആചരിച്ചുകൊണ്ടു ഈ കവിത ഞാൻ എന്റെ സഹോദരിക്ക് സമർപ്പിക്കുന്നു.)
ഇന്നെന്റെ കണ്മുന്നിൽ പൊയ്‌പ്പോയ കാലത്തിൻ
ഉടയാത്ത കണ്ണാടി പ്രതിബിംബങ്ങൾ
കണ്ണെത്തും ദൂരത്തു മിന്നി തിളങ്ങുന്ന
അരുവിയിൽ നീന്തുന്ന താറാവുകൾ
തെങ്ങോലപ്പഴുതിലൂടെത്തി നോക്കുന്നൊരാ
കിരണങ്ങൾ സ്വർണ്ണക്കര നെയ്യുന്നു
മനോഹരമീ ദൃശ്യ സൗന്ദര്യമെന്നുടെ
ഹൃദയത്തിൽ എഴുതുന്നു പ്രണയകാവ്യം
ഒരു കപ്പു കാപ്പിയുമായെൻ അനിയത്തി
വന്നെത്തി ചാരത്തു ഇരുന്നിടുന്നു
ഏടതിയിങ്ങനെ സ്വപ്ന നിമഗ്നയായ്
എന്തൊക്കെ കുത്തികുറിച്ചിടുന്നു
അവളുടെ ചോദ്യങ്ങൾക്കുത്തരമായി ഞാൻ
നൽകി എൻ അക്ഷരപൂജാമൃതം
വിട്ടുപോകുന്നില്ല ബാല്യകൗമാരങ്ങൾ
കമനീയ കാഴ്ചകൾ കണ്ടിടുമ്പോൾ
ഓടി അടുത്തും കൊണ്ടോടിമറയുന്നു
ഓർമ്മകൾ കൂട്ടമായി ഒറ്റയായി
എഴുതുവാനായിരം കൂട്ടമുണ്ടെങ്കിലും
എഴുതുവതെന്നും ഞാൻ സ്നേഹഗീതം
ഇന്നലെ രാത്രിയെൻ ശയ്യാഗൃഹത്തിൽ ഞാൻ
കണ്ടു കിനാക്കൾ ഘോഷയാത്ര
നക്ഷത്രദീപങ്ങൾ മുന്നിൽ പിടിച്ചവർ
പങ്കുവയ്ക്കാനെത്തി സ്വപനങ്ങളെ
അയവിറക്കാനെന്തു സുഖമാണാ കാലങ്ങൾ
അവളും പറഞ്ഞെന്റെ മനസ്സുപോലെ
**********