Image
Image

നാടു കടത്താൻ 1798-ലെ നിയമം ട്രംപ് പ്രയോഗിച്ചതു കോടതി തത്കാലത്തേക്കു തടഞ്ഞു (പിപിഎം)

Published on 16 March, 2025
നാടു കടത്താൻ 1798-ലെ നിയമം ട്രംപ് പ്രയോഗിച്ചതു കോടതി തത്കാലത്തേക്കു തടഞ്ഞു (പിപിഎം)

രാജ്യത്തിന്റെ വിദേശീയരായ ശത്രുക്കളെ നാടുകടത്താൻ 1798ൽ നിന്നുള്ള ഏലിയൻ എനിമീസ് ആക്റ്റ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് എടുത്തു പ്രയോഗിച്ചു. അപൂർവമായി യുദ്ധകാലത്തു മാത്രം നാലു പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള നിയമം കൊണ്ട് അദ്ദേഹം ലക്‌ഷ്യം വയ്ക്കുന്നത് ട്രെൻ ദേ അറഗ്വാ എന്ന കുപ്രസിദ്ധ വെനെസ്‌വേലൻ കുറ്റവാളി സംഘത്തെയാണ്.

യുഎസ് പൗരന്മാർ അല്ലാത്തവരും ഗ്രീൻ കാർഡ് ഇല്ലാത്തവരുമായ 14 വയസിനു മുകളിലുള്ള വെനെസ്‌വേലക്കാരെ നാടു കടത്താൻ ഈ നിയമം ഉപയോഗിക്കുക എന്നതാണ് ഉദ്ദേശ്യം. വെനെസ്‌വേലൻ വംശജരെ പിടികൂടുകയും വിദേശ ശത്രുക്കളായി പരിഗണിച്ചു പുറത്താക്കുകയും ചെയ്യും എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

വിമാനങ്ങൾ തിരിച്ചിറക്കാൻ കോടതി

എന്നാൽ ഈ നിയമം അനുസരിച്ചു നാടുകടത്തുന്നത് ഫെഡറൽ ഡിസ്ട്രിക്ട് ജഡ്‌ജ്‌ ജെയിംസ് ബോസ്‌ബെർഗ് ശനിയാഴ്ച താൽകാലികമായി തടഞ്ഞു. കോടതി മുൻപാകെ വിഷയം അവതരിപ്പിക്കാതെ നാടുകടത്താൻ ആളുകളെ വിമാനങ്ങളിൽ കയറ്റിയിട്ടുണ്ടെങ്കിൽ ആ വിമാനങ്ങൾ തിരിച്ചിറക്കണമെന്നു അദ്ദേഹം ഉത്തരവിടുകയും ചെയ്തു.

ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ ചീഫ് ജഡ്‌ജ്‌ 14 ദിവസത്തേക്കാണ് തടഞ്ഞിട്ടുള്ളത്. വെള്ളിയാഴ്ച്ച അദ്ദേഹം വിശദമായി വാദം കേൾക്കും.

"ഈ ആളുകളെ കയറ്റിയ വിമാനങ്ങൾ യുഎസിൽ നിന്നു പുറപ്പെടുന്നതായി അറിയുന്നു. അവ തിരിച്ചിറക്കേണ്ടതാണ്," അദ്ദേഹം തന്റെ ഉത്തരവിൽ പറയുന്നു. "ഇക്കാര്യത്തിൽ നടപടി ഇനി വൈകാൻ പാടില്ലെന്നു ഞാൻ തിരിച്ചറിയുന്നു. അവരെ നാടുകടത്താൻ അല്പം വൈകിയാൽ ഈ രാജ്യത്തിനു അപകടമൊന്നും ഉണ്ടാവാനില്ല."  

നാടുകടത്തേണ്ടവർ കസ്റ്റഡിയിൽ തന്നെ തുടരുമെന്നു അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ സിവിൽ ലിബെർട്ടീസ് യൂണിയനും ഡെമോക്രസി ഫോർവേഡും ചേർന്നാണ് കോടതിയിൽ പോയത്.

വെള്ളിയാഴ്ച്ച ഒപ്പു വച്ച ഉത്തരവ് നടപ്പാക്കുന്നതിനു മുൻപ് ശനിയാഴ്ച്ച രാവിലെ കോടതി വാദം കേട്ടു. ജഡ്‌ജിന്റെ ഉത്തരവിനെതിരെ ട്രംപ് ഭരണകൂടം ഉടൻ തന്നെ അപ്പീൽ സമർപ്പിച്ചു.  

ട്രെൻ ദേ അറഗ്വായും എംഎസ്-13 സംഘവും

ജനുവരിയിൽ ട്രെൻ ദേ അറഗ്വാ സംഘത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പു വച്ചിരുന്നു. അതോടെ അവരെ നാടുകടത്താൻ ഇമിഗ്രെഷൻ അധികൃതർക്കു വഴിതെളിഞ്ഞു.

ട്രംപിന്റെ ഉത്തരവിൽ പറയുന്നത് ട്രെൻ ദേ അറഗ്വായും എൽ സാൽവദോറിൽ നിന്നുള്ള എംഎസ്-13 ക്രിമിനൽ സംഘവും യുഎസ് ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും സമ്പദ് വ്യവസ്ഥയ്ക്കും 'അസാധാരണ ഭീഷണി ഉയർത്തുന്നു' എന്ന് ട്രംപിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്തു പേൾ ഹാർബർ ആക്രമണം ഉണ്ടായപ്പോൾ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ് ഈ നിയമം ഉപയോഗിച്ചിരുന്നു. അതിനു ശേഷം ഒരു പ്രസിഡന്റും ഉപയോഗിച്ചിട്ടില്ല.

ഇമിഗ്രെഷൻ കോടതികളുടെ നടപടിക്രമങ്ങൾ ഒഴിവാക്കി സംഘാംഗങ്ങളെ വേഗത്തിൽ നാട് കടത്താൻ ഈ നിയമം ഉപയോഗിക്കാം. 300 പേരെ ഈ വിധത്തിൽ നാടുകടത്താൻ വൈറ്റ് ഹൗസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.

Trump invokes 1798 law, judge stays action

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക