ഭീകര ബന്ധം ആരോപിച്ചു വിസ റദ്ദാക്കപ്പെട്ടതോടെ സ്വയം നാടുവിട്ട കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇന്ത്യക്കാരിയായ പിഎച്. ഡി. വിദ്യാർഥിനി രഞ്ജനി ശ്രീനിവാസൻ യുഎസ് അധികൃതരുടെ കടുത്ത ശിക്ഷാ നടപടികളെ ഭയക്കുന്നതായി ‘ദ ഹിന്ദു ഓൺലൈൻ’ നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.
കാനഡയിൽ അജ്ഞാത കേന്ദ്രത്തിൽ കഴിയുന്ന ശ്രീനിവാസൻ പക്ഷെ അവിടം സുരക്ഷിതമാണെന്നു കരുതുന്നില്ല. ഇന്ത്യയിലേക്കു മടങ്ങണം എന്നാണ് ആഗ്രഹമെന്നു യുവതി പറഞ്ഞു. കൊളംബിയയുമായി ചർച്ച നടത്തിയിട്ടൊന്നും കാര്യമില്ല.
"ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, ഞാൻ ഫുൾബ്രൈറ്റ് സ്കോളറാണ്," ഇസ്ലാമിക ഹമാസ് ഭീകരരുമായി ബന്ധം ആരോപിക്കപ്പെട്ട ഹിന്ദുമത വിശ്വാസി പറഞ്ഞു. "അവർ പറയുന്ന സമയത്തു ഞാൻ ബംഗളുരുവിൽ ഗവേഷണം നടത്തുകയായിരുന്നു. എനിക്കു ഒരു ഭീകര സംഘടനയുമായി ബന്ധമില്ല."
അഞ്ചു വർഷമായി കൊളംബിയ യൂണിവേഴ്സിറ്റിയിൽ ടീച്ചിംഗ് അസിസ്റ്റന്റ് കൂടിയായ അവരുടെ പിഎച് ഡി പ്രോഗ്രാം തീരാൻ ആറുമാസം മാത്രമേ ബാക്കിയുള്ളു.
എന്തൊക്കെ കുറ്റങ്ങളാണ് അവർ ചുമത്തിയതെന്നു അറിയില്ല
ഐ സി ഇ ഏജന്റുമാർ തന്റെ താമസസ്ഥലത്തു റെയ്ഡ് നടത്തിയത് ഞെട്ടലോടെയാണ് ശ്രീനിവാസൻ ഓര്മിക്കുന്നത്. എന്തൊക്കെ കുറ്റങ്ങളാണ് അവർ ചുമത്തിയതെന്നു അറിയില്ല. യൂണിവേഴ്സിറ്റിയിൽ നിന്നു പുറത്താക്കി.
കൊളംബിയ ക്യാമ്പസിൽ നിന്നു മാറി താമസിച്ചെങ്കിലും വെള്ളിയാഴ്ച്ച മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തപ്പോൾ ഭീതി വർധിച്ചെന്നു ശ്രീനിവാസൻ പറഞ്ഞു. അതോടെ കാര്യങ്ങൾ അതീവ ഗുരുതരമാണെന്നു ബോധ്യപ്പെട്ടു. പിന്നീടാണ് കാനഡയിലേക്കു മാറിയത്.
"എന്നെ നാടുകടത്താൻ കാരണങ്ങൾ ഒന്നുമില്ല," ശ്രീനിവാസൻ പറഞ്ഞു. "എന്നാൽ അവർക്കു എന്തെങ്കിലുമൊക്കെ ആരോപണങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് എന്റെ അഭിഭാഷകർ പറയുന്നു."
ബർണാഡ് കോളജിലെ തന്റെ വിദ്യാർഥികൾക്കും തന്റെ അഭാവം ബുദ്ധിമുട്ടുണ്ടാക്കുമെന്നു ശ്രീനിവാസൻ ഓർമിച്ചു.
see also: