ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ റിസോർട്ടിൽ നിന്നു കാണാതായ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി സുദിക്ഷ കൊണാങ്കിയുടെ (20) കൂടെ ഏറ്റവും ഒടുവിൽ ഉണ്ടായിരുന്ന അമേരിക്കൻ പൗരൻ ജോഷ്വ റൈബിന്റെ (22) പാസ്പോർട്ട് ഡൊമിനിക്കൻ അധികൃതർ പിടിച്ചെടുത്തതായി റിപ്പോർട്ട്. റൈബിനു തിരിച്ചു യുഎസിലേക്കു പോകാൻ തടസമൊന്നുമില്ലെന്നു രണ്ടു ദിവസം മുൻപ് പറഞ്ഞ അന്വേഷണ സംഘത്തിനു പുതുതായി എന്തെങ്കിലും സൂചനകൾ ലഭിച്ചിട്ടുണ്ടാവാം എന്നാണ് നിഗമനം.
അയോവ നിവാസിയായ സെന്റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥി റൈബ് പറയുന്നത് അധികൃതരുമായി താൻ സഹകരിക്കുന്നുണ്ടെന്നാണ്. "ഞാൻ വരെ സഹായിക്കാൻ ശ്രമിക്കയാണ്. കടൽ അപകടകരമാണ്." റൈബിനൊപ്പം ഇപ്പോൾ പോലീസ് എസ്കോര്ട്ടുകൾ സ്ഥിരമായുണ്ട്.
"അയാൾക്കു സ്ഥലം വിടാൻ അനുമതിയില്ല," റൈബിന്റെ അഭിഭാഷകർ പറഞ്ഞു.
മിനസോട്ടയിൽ കോളജ് വിദ്യാർഥിയും ഗുസ്തി ചാമ്പ്യനുമായ റൈബിനൊപ്പം പുന്റ കാനയിലെ റിയു റിസോർട്ടിലെ ബീച്ചിൽ കൊണാങ്കിയെ അവസാനമായി കണ്ടത് 10 ദിവസം മുൻപാണ് -- മാർച്ച് 5ന്. സ്പ്രിംഗ് ബ്രേക്കിനു അഞ്ചു കൂട്ടുകാരികളുമൊത്തു വിർജിനിയയിൽ നിന്നു ഡൊമിനിക്കൻ റിപ്പബ്‌ളിക്കിൽ എത്തിയ കൊണാങ്കി അവിടെ വച്ചു പരിചയപ്പെട്ട റൈബുമായി ഉടൻ ഒത്തുകൂടി ബീച്ചിൽ രാത്രി ചെലവഴിച്ചെന്നാണ് റിപ്പോർട്ട്.
കൂട്ടുകാരികളെല്ലാം റിസോർട്ടിലേക്കു മടങ്ങിയപ്പോഴും റൈബും കൊണാങ്കിയും ബീച്ചിൽ തുടർന്നു. പുലർച്ചെ നാലു മണിക്കുള്ള കാമറ ദൃശ്യങ്ങളിലും അവരെ കാണാം.
കൈകോർത്തു കെട്ടിപ്പിടിച്ചു നടക്കുന്നതായാണ് ദൃശ്യങ്ങൾ. അവർ ഒന്നിച്ചു കടലിൽ ചാടിയെന്നു റൈബ് പറയുന്നുണ്ട്. കടലിൽ വച്ച് ചുംബിച്ചു. പിന്നെ കൊണാങ്കി തിരകളിൽ പെട്ടപ്പോൾ വളരെ കഷ്ടപ്പെട്ട് അവളെ കോരിയെടുത്തു കരയിൽ എത്തിച്ചു.
ആ ശ്രമത്തിനിടെ ഒട്ടേറെ കടൽ വെള്ളം കുടിച്ചെന്നും അതേ തുടർന്നു താൻ ഛർദിച്ചെന്നും റൈബ് പറഞ്ഞു. അതോടെ അവശനായി ബീച്ചിൽ കിടന്നുറങ്ങി. ഉണർന്നപ്പോൾ കൊണാങ്കിയെ കണ്ടില്ല. അവൾ റൂമിൽ പോയിക്കാണും എന്നു കരുതി താനും റൂമിലേക്കു മടങ്ങി.
കൊണാങ്കിയുടെതെന്നു കരുതപ്പെടുന്ന വസ്ത്രങ്ങൾ ബീച്ചിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.
Police seize Joshua Riibe's passport