സ്‌പേസ്എക്സ്ക്രൂ-10 മിഷൻ ഞായറാഴ്ച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി (ഐ എസ് എസ്) വിജയകരമായി ഡോക്ക് ചെയ്തു. ഇതോടെ ഒൻപതു മാസമായി ബഹിരാകാശത്തു കുടുങ്ങി കഴിയുന്ന നാസ യാത്രികർ സുനിത വില്യംസിനും ബുച് വിൽമോറിനും മടക്കയാത്രയ്ക്കുള്ള വഴിയൊരുങ്ങി.
വെള്ളിയാഴ്ച്ച ടെക്സസിൽ നിന്നു വിക്ഷേപിച്ച പേടകം ഞായറാഴ്ച്ച ഇ എസ് ടി: 12:05എ എമ്മിനാണ് ഐ എസ് എസിൽ എത്തിയത്. ഭൂമിയിൽ നിന്ന് 28 മണിക്കൂർ 30 മിനിറ്റ് യാത്ര.
നാലു യാത്രികരാണ് ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ ഉടമയിലുള്ള സ്‌പേസ്എക്സ് പേടകത്തിൽ ഉണ്ടായിരുന്നത്. നാസയുടെ രണ്ടു പേർ, ഒരു ജാപ്പനീസ്, ഒരു റഷ്യൻ.
ഒരു മണിക്കൂറിനു ശേഷം അവർ ഐ എസ് എസിൽ പ്രവേശിച്ചപ്പോൾ വിൽമോർ അവരെ സ്വാഗതം ചെയ്തു.
അന്യഗോള ജീവിയുടെ മുഖം മൂടി ധരിച്ചാണ് ക്രൂ-10 അംഗങ്ങളിൽ ഒരാൾ പ്രവേശിച്ചത്. വില്യംസും വിൽമോറും അവരെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു.
"നന്ദി ഹ്യുസ്റ്റൺ, നന്ദി," വില്യംസ് പറഞ്ഞു. "ഇതൊരു മഹത്തായ ദിവസമാണ്. ഞങ്ങളുടെ സുഹൃത്തുക്കളെ ഇവിടെ സ്വീകരിക്കാൻ ഏറെ സന്തോഷമുണ്ട്."
കഴിഞ്ഞ വർഷം ജൂണിൽ ബോയിങ്ങിന്റെ പ്രഥമ ബഹിരാകാശ ദൗത്യത്തിലാണ് വില്യംസും വിൽമോറും പറന്നത്. ആ സ്റ്റാർലൈനർ തകരാറായതോടെ അവർ അവിടെ കുടുങ്ങി.
മടക്കയാത്രയ്ക്കു കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിൽ സ്‌പേസ്എക്‌സിൽ പോയ രണ്ടു പേർ വില്യംസിന്റെയും വിൽമോറിന്റെയും കൂടെ മടക്കയാത്രയിൽ ഉണ്ടാവും.
സെപ്റ്റംബറിൽ വില്യംസും വിൽമോറും സ്‌പേസ്എക്‌സിൽ മടങ്ങുക എന്ന ആശയം നാസ തള്ളിയത് പേടകം സുരക്ഷിതമല്ല എന്ന നിഗമനത്തിലാണ്. അങ്ങിനെ മടക്കയാത്ര ഫെബ്രുവരിയിലേക്കും പിന്നീട് മാർച്ചിലേക്കും നീട്ടി. സ്‌പേസ്എക്സിന്റെ പുതുപുത്തൻ ക്യാപ്സ്യൂളിനു വ്യാപകമായ റിപ്പയർ വേണ്ടി വന്നതിനാലാണ് വീണ്ടും നീട്ടിയത്.
എന്നിട്ടും ബുധനാഴ്ച്ച വച്ചിരുന്ന വിക്ഷേപണം നടന്നില്ല. ഹൈഡ്രോളിക്‌സ് പ്രശ്നം ആയിരുന്നു കാരണം.
SpaceX Crew-10 docks with ISS