Image
Image

ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശപഠന മോഹങ്ങൾക്ക് തിരിച്ചടിയായി യുകെയും ഓസ്‌ട്രേലിയയും ; വീസ ചാർജ് 13 ശതമാനം വരെ വർധിപ്പിച്ച് ഇരുരാജ്യങ്ങളും

Published on 04 April, 2025
ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശപഠന മോഹങ്ങൾക്ക് തിരിച്ചടിയായി യുകെയും ഓസ്‌ട്രേലിയയും ; വീസ ചാർജ് 13 ശതമാനം വരെ വർധിപ്പിച്ച് ഇരുരാജ്യങ്ങളും

ന്യൂഡൽഹി: യുകെയിലെക്കും ഓസ്‌ട്രേലിയയിലെക്കും പോകാൻ പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർക്ക് ചെലവു കൂടും. ഇരുരാജ്യങ്ങളും രാജ്യാന്തര അപേക്ഷകർക്കുള്ള വീസ ചാർജുകളും ട്യൂഷൻ ഫീസുകളും 13 ശതമാനം വരെ വർധിപ്പിച്ചു. ഈ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. വിദേശത്ത് സന്ദർശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാർക്കുള്ള ഹ്രസ്വകാല സന്ദർശക വീസ, തൊഴിൽ സ്പോൺസർഷിപ്പുകൾ, ദീർഘകാല യൂണിവേഴ്‌സിറ്റി കോഴ്സുകൾ തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും.

യുകെയിലെ വീസ ഫീസിലെ പ്രധാന മാറ്റങ്ങൾ

യുകെയിൽ ആറ് മാസത്തെ സ്റ്റാൻഡേർഡ് വിസിറ്റർ വീസയ്ക്ക് 115 പൗണ്ടിൽ നിന്ന് ( ഏകദേശം 12,700 രൂപ) 127 പൗണ്ട് (ഏകദേശം 14,000 രൂപ) ആക്കി വർധിപ്പിച്ചു.

ദീർഘകാല വീസകളിൽ രണ്ട് വർഷത്തേതിന് 52,392 രൂപയും അഞ്ച് വർഷത്തേതിന് 93,533 രൂപയും 10 വർഷത്തിന് 16,806 രൂപയും എന്നിങ്ങനെയാണ് പുതിയ നിരക്ക്.

സ്റ്റുഡന്റ് വീസയ്ക്ക് 524 പൗണ്ട് (ഏകദേശം 57,796 രൂപ) ആയി ഉയർന്നു.

6-11 മാസത്തെ ഇംഗ്ലീഷ് കോഴ്‌സുകൾക്കുള്ള ഹ്രസ്വകാല പഠന വിസയ്ക്ക് 23,604 രൂപ വേണ്ടിവരും.

തൊഴിൽ വിഭാഗത്തിൽ, മൂന്ന് വർഷത്തെ സ്കിൽഡ് വർക്കർ വീസയ്ക്ക് 769 പൗണ്ട് (എകദേശം 84,820 രൂപ) ആയി ഉയർന്നു. ഇന്നൊവേറ്റർ ഫൗണ്ടർ വിസയ്ക്ക് 1,274 പൗണ്ട് (ഏകദേശം140,520 രൂപ) ആയി ഉയർന്നു.ഒരു സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റിന് ഇപ്പോൾ 525 പൗണ്ട് ചെലവാകും.

ഓസ്ട്രേലിയൻ വീസ ഫീസിലെ പ്രധാന മാറ്റങ്ങൾ

സ്റ്റുഡന്റ് വീസയുടെ ഫീസ് 1,600 ഓസ്ട്രേലിയൻ ഡോളറിൽ നിന്ന് (85,600 രൂപ) 1,808 ഓസ്ട്രേലിയൻ ഡോളറായി (96,800 രൂപ) ഉയരും. സന്ദർശക, തൊഴിൽ വീസകളിലും സമാനമായ വർധനവുണ്ടായിട്ടുണ്ട്. വർധനവിനു ശേഷം, വർക്ക് വീസയ്ക്ക് ഏകദേശം 1,130 ഓസ്ട്രേലിയൻ ഡോളർ (60,490 രൂപ) ആണ് ഫീസാവുക. ഫെബ്രുവരിയിൽ തന്നെ നടപ്പാക്കിയതാണു താൽകാലിക ഗ്രാജ്വേറ്റ് വീസ ഫീസ് വര്‍ധന. പ്രാഥമിക അപേക്ഷകരുടെ അടിസ്ഥാന അപേക്ഷാ ഫീസിലെ മാറ്റം 15 ശതമാനത്തോളമാണ്.

ട്യൂഷൻ ഫീസ് വർധനവ്

യുകെയിൽ 2017 മുതൽ മരവിപ്പിച്ചിരുന്ന ട്യൂഷൻ ഫീസ് ഉയർത്താൻ സർക്കാർ അനുമതി നൽകി. 2025–26 അധ്യയന വർഷത്തില്‍ പഠനം ആരംഭിക്കുന്ന വിദ്യാർഥികളെയാണ് ഈ ഫീസ് വർധന പ്രധാനമായും ബാധിക്കുക. നിലവിലെ 10,20,265 രൂപ എന്ന വാർഷിക പരിധി അഞ്ച് വർഷത്തിനുള്ളിൽ 11,58,139 രൂപ ആയി ഉയരും. ഓസ്‌ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ മിക്ക കോഴ്‌സുകൾക്കും പ്രതിവർഷം 31.5 ലക്ഷത്തോളം വരും. “അന്താരാഷ്ട്ര വിദ്യാർഥികളിൽ നിന്നുള്ള വരുമാനം ചെലവ് സമ്മർദ്ദങ്ങൾക്ക് കാരണമായെന്ന് സർവകലാശാല വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക