ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണറെപ്പോലെ രാഷ്‌ട്രപതിക്കും മൂന്നുമാസ സമയപരിധി ബാധകമെന്നും വീറ്റോ അധികാരമില്ലെന്നുമുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ കേന്ദ്ര സർക്കാർ. ഹർജി നൽകാനുള്ള നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായാണ് വിവരം. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് കേന്ദ്രം പറയുന്നത്.
വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന് മുൻപാകെയാണ് കേന്ദ്രം ഹർജി നൽകുക. ഈ മാസം എട്ടിന് പുറപ്പെടുവിച്ച വിധിയിലാണ് നിയമസഭ പാസാക്കുന്ന ബില്ലിനുമേൽ സുപ്രീംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതി സമയപരിധിക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
രാഷ്ട്രപതിയുടെ അനുമതി ആവശ്യമെന്ന് ചൂണ്ടിക്കാട്ടി ബില്ലുകൾ തടഞ്ഞുവയ്ക്കുന്നത് അധികാര ദുർവിനിയോഗമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.