Image

ദൃശ്യം പറയാതെ പറയുന്ന  സന്ദേശം  (ഗിരിജ ഉദയൻ മുന്നൂർക്കോട്)

Published on 16 March, 2021
ദൃശ്യം പറയാതെ പറയുന്ന  സന്ദേശം  (ഗിരിജ ഉദയൻ മുന്നൂർക്കോട്)

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. കുടുംബത്തിന്റെ മാഹാത്മ്യമാണ് ഈ ചിത്രത്തിലും ഉയർത്തിപ്പിടിക്കുന്നത്. ഭാര്യയെയും രണ്ടു പെൺ മക്കളെയും പ്രതിസന്ധി ഘട്ടങ്ങളിൽ ചേർത്ത് പിടിക്കുന്ന കുടുംബ നാഥൻ. അബദ്ധത്തിൽ സംഭവിച്ചു പോകുന്ന ചെയ്യാത്ത തെറ്റിന് മകളോ ഭാര്യയോ ക്രൂശിക്കപ്പെടരുതെന്ന് വാശി പിടിക്കുന്ന ജോർജ്‌കുട്ടിയാണ് ഒരു പുരുഷന്റെ പ്രതീകമായി ഞങ്ങളെല്ലാം മനസ്സിൽ കൊണ്ട് നടക്കുന്നത്. കേരളത്തിലെ ഒരു ശരാശരി  കുടുംബത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് മാറ്റുമ്പോഴും നഷ്ടപ്പെടുത്താത്ത ബന്ധങ്ങളുടെ ഊഷ്മളത. പുരുഷന്റെ സംരക്ഷണത്തിലും സ്നേഹത്തിലുമാണ് ഭാര്യയും രണ്ടു പെൺകുട്ടികളും സുരക്ഷിതമായി കഴിയുന്നത്. 

പുരോഗമനവാദികൾക്ക് ദഹിക്കാത്ത പ്രമേയം.  ഇവിടെ ചിലർക്ക് സ്ത്രീയെ പ്രതിഷേധത്തിന്റെ മൂർത്തീഭാവമായി ചിത്രീകരിച്ചാലാണ് ആവേശം കൊള്ളുവാൻ  കഴിയുന്നത്. എന്തൊരു വെറുപ്പിക്കലായിരുന്നു കടന്നു പോയ ദി ഗ്രേറ്റ് ഇന്ത്യ കിച്ചൺ എന്ന അടുക്കള സിനിമ കാട്ടി കൂട്ടിയത്.... 

മകൻ തെറ്റുകാരൻ ആണെന്നറിഞ്ഞിട്ടും പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന സ്ത്രീ കഥാപാത്രവും ഈ ചിത്രത്തിലുണ്ട്. പക്ഷെ സത്യം വിജയിക്കുമെന്നും തെറ്റിനെ എക്കാലവും മൂടി വയ്ക്കാനാവില്ലെന്നും ചിത്രം പറയാതെ പറയുന്നത് കൊണ്ട് സമൂഹത്തിൽ തെറ്റായ സന്ദേശങ്ങളോ വെറുപ്പിക്കലോ നൽകാത്ത ഒരു ഫാമിലി എന്റർടൈനർ ആയി കാണാവുന്ന  സിനിമ.വിജയ ഘടകത്തിനായി ചേർത്തിരിക്കുന്ന അതിഭാവുകത്വം  ഒഴിച്ചാൽ ചിത്രം സമൂഹത്തിനോട് ചേർന്ന് നിൽക്കുന്ന സിനിമ. അത് കൊണ്ട് തന്നെയാണ് ആറു വർഷങ്ങൾക്ക് ശേഷമുള്ള  റോഡുകളുടെ വികസനവും നാടിന്റെ പുരോഗതിയും പരോക്ഷമായി പരാമർശിച്ചു കൊണ്ട് ചിത്രം  കാലിക പ്രസക്തി നില നിർത്തുന്നത് 

കൂടാതെ സമൂഹ മാധ്യമങ്ങളിൽ കണ്ടൊരു പരാമർശവും ഇതോടൊപ്പം ചേർത്ത് വയ്ക്കുന്നു.  സ്ത്രീ അഭിഭാഷക അടുക്കള മാത്രമല്ല സ്ത്രീയുടെ ലോകം എന്നും കാണിച്ചു തന്നു..അതു മാത്രമല്ല   മീനയുടെ നിഷ്കളങ്കത തിരിച്ചറിഞ്ഞ സരിത എന്ന പോലീസ്സ് ഓഫീസർ ഒടുവിൽ കണ്ണൂ തുടക്കുന്ന രംഗമുണ്ട്. കുടുംബത്തിന്റെ സ്നേഹം നിസ്സഹായാവസ്ഥ എന്നിട്ടും തളരാതെ ജോർജ്ജുകുട്ടി പട പൊരുതുന്നു. ഇന്നത്തെ കാലഘട്ടത്തിൽ പലരും സ്വന്തം പെൺമക്കൾക്കു എന്തെങ്കിലും പ്രശ്നം വന്നാൽ കൂട്ടമായി ആത്മഹത്യ ചെയ്യും. എന്നാൽ ഇവിടെ തളരാതെ അടി പതറാതെ ജോർജ്ജ് കുട്ടി എന്ന നായകൻ പിടിച്ചു നിന്നു . ഇമ്പമുള്ളതാണ് കുടുംബം എന്നു കാണിച്ചു തന്ന സിനിമ . . ഇഷ്ടമായ തിരക്കഥ . ജിത്തു ജോസഫ് നിങ്ങളൊരു സംഭവമല്ല ഒന്നൊന്നര സംഭവമാണ്. ആന്റണി പെരുമ്പാവൂരിനും ആശംസകൾ

സ്ത്രീയുടെ വസ്ത്രത്തിൽ തൊട്ട് എന്തു ചെയ്താലും കുഴപ്പമില്ലെന്ന് വിധിച്ച ബോംബെ ഹൈക്കോടതി ജഡ്ജിയെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച പുരോഗമനവാദികളാണ് ഇന്ത്യയിലുള്ളത്.  ആ സ്ത്രീയെ  ഈ  സിനിമയിലെ കോടതി രംഗങ്ങൾ  നിർബന്ധമായും കാണിക്കണം. കപട സദാചാരവാദികൾ നിത്യജീവിതത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന  അനീതികൾക്കെതിരെ   ഇന്ന് വരെ ശബ്ദിച്ചു കണ്ടില്ല.......  #shame

ഗിരിജ ഉദയൻ മുന്നൂർക്കോട്

Join WhatsApp News
tmammen 2021-03-16 19:23:38
എന്ന് ഒരു വിനീത വിധേയ.
Sudhir Panikkaveetil 2021-03-17 01:05:19
ദ്ര്യശ്യം-2 എന്നു ചേർക്കണമായിരുന്നോ? വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരു സിനിമയെ വിലയിരുത്തിയിരിക്കുന്നു. നല്ല സിനിമ എന്ന് മാധ്യമങ്ങൾ വാഴ്ത്തുമ്പോഴും ഇങ്ങനെ ഒരു എഴുത്തുകാരിയുടെ അഭിപ്രായം ജനങ്ങൾ കൂടുതൽ വിലമതിക്കും. അതുകൊണ്ട് ഈ സിനിമാനിരൂപണം പ്രശംസാർഹം. ഒറ്റ വരിയിൽ ചില കഥാപാത്രങ്ങളെ പരിചയ പ്പെടുത്തുന്നത് ശ്രദ്ധേയം. "മകൻ തെറ്റുകാരൻ ആണെന്നറിഞ്ഞിട്ടും പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന സ്ത്രീ കഥാപാത്രം.".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക