Image
Image

നെല്ലും പതിരും (കഥ: സിംപിൾ ചന്ദ്രൻ)

Published on 16 March, 2025
നെല്ലും പതിരും (കഥ: സിംപിൾ ചന്ദ്രൻ)

"കൊച്ചാട്ടോ ഇതെങ്ങോട്ടാ ഈ വഴിക്ക്? ഒത്തിരിയായല്ലോ കണ്ടിട്ട്? സുഖായിരിക്കുന്നോ?''

''ആ, വല്യ കുഴപ്പമൊന്നുമില്ലാതെ പോണു. ഒത്തിരിനാളായിട്ട് പോണം പോണംന്നു വിചാരിച്ചിരുന്നിട്ട്  ഏറ്റുമാനൂരമ്പലത്തിലൊന്നു പോയതാ. നീയെങ്ങോട്ടാ, ഇന്നവധിയാരുന്നോ?''

''ഇന്നൊരു ലീവെടുത്തതാ, പോസ്റ്റാഫീസു വരെ പോവാ.. ''

''വല്ല കഥേം അയയ്ക്കാനാരിക്കും, അല്യോടീ മോളേ. ആഗ്രഹം കൊണ്ടു ചോദിച്ചതാ. നിൻ്റെഴുത്തും കൂട്ടോമൊക്കെ ഇപ്പഴുമുണ്ടോ? വീക്കിലീലൊന്നും കാണാറില്ലല്ലോ?''

''എടയ്ക്കും പെഴയ്ക്കുമൊക്കെ എഴുതാറുണ്ട്. അധികോം ഫേസ് ബുക്കിലാ. നേരം കിട്ടണ്ടായോ?കൊച്ചാട്ടനിപ്പഴും  വീക്കിലിയൊക്കെ വരുത്തുന്നുണ്ടല്യോ? ഇച്ചേയി സമ്മതിക്കുവോ?''

''അവളു വഴക്കാ. പെൻഷൻകാശ് ഇതിനേയുള്ളു എന്നും പറഞ്ഞ്..
എന്നാലും ശീലിച്ചതല്ലേ. വയസായെന്നും വച്ച് അങ്ങനങ്ങു നിർത്താൻ പറ്റുവോ? ഇപ്പം എല്ലാമൊന്നും വായിക്കത്തില്ല. കണ്ണു പിടിക്കത്തില്ല. എന്നാലും കഥ കണ്ടാ വായിക്കും. ജാനകിക്കൊച്ചേയീടെ മോൻ ദേവൻ നിന്നേക്കാ മുന്നേ എഴുതിക്കോണ്ടിരുന്നതല്ലേ.. പണ്ടെങ്ങാണ്ട് ഒന്നുരണ്ടെണ്ണം  വീക്കിലീക്കണ്ടതാ. പിന്നെ കണ്ടിട്ടില്ല. ഇപ്പഴത്തെ പ്രധാന വാരികേലെയൊക്കെ ഓരോരോ ചവറുകഥ വായിക്കുമ്പം ഞാനോർക്കും നിങ്ങടെയൊക്കെ വല്ലതും വന്നാരുന്നേൽ കാണുന്ന എന്നേപ്പോലൊള്ളോർക്ക് ഒരഭിമാനോം സന്തോഷോമൊക്കെ ആയേനേല്ലോന്ന്. നല്ലോണം എഴുതുന്ന നിങ്ങക്കൊക്കെ  ഈ ഫേസ്ബുക്കിലും അവിടേമിവിടേമൊക്കെ ഇടാതെ വീക്കിലിക്കാർക്കൊക്കെ അയച്ചുകൊടുക്കാൻ വയ്യേ,  ഇപ്പം കവറിലിട്ട് അയയ്ക്കുകപോലും വേണ്ടല്ലോ എല്ലാത്തിലും അഡ്രസിൻ്റെകൂടെ  മെയിലഡ്രസും ഒണ്ടല്ലോ. ''

"എൻ്റെ കൊച്ചാട്ടാ, അതൊക്കെ ഒരുതരം പ്രഹസനവാ. ഈ പ്രമുഖം എന്നു പറയുന്ന വീക്കിലിക്കാരൊക്കെ അവർക്കു പരിചയോം സ്വാധീനോം ഉള്ളോരുടെ മാത്രമേ ഇടുന്നൊള്ളു. അതിൽ എഴുത്തിൻ്റെ മികവോ പ്രസിദ്ധീകരണയോഗ്യതയോ ഒന്നും നോക്കത്തില്ല. എന്തയയ്ക്കുന്നു എന്നല്ല ആരയയ്ക്കുന്നു എന്നു നോക്കിയാന്നു ചുരുക്കം. "

''ആഹാ, അങ്ങനെ നേരിട്ടുമേടിച്ച് ഇടാനാന്നേൽ പിന്നെന്തിനാടീ മോളേ ഇങ്ങനെ രചനകൾ ക്ഷണിക്കുന്നത്! മനുഷ്യരെ പറ്റിക്കാനോ? "

"പിന്നല്ലാതെ ! ഈ അയയ്ക്കുന്നോരെല്ലാം അവരുടെ എഴുത്ത് പ്രസിദ്ധീകരിച്ചു കാണണംന്നു കരുതിയല്യോ അയയ്ക്കുന്നത്. ചുരുങ്ങിയപക്ഷം  വായിച്ചുനോക്കീട്ട് കൊള്ളാമോ ഇല്ലയോ എന്നെങ്കിലും ഒരു മറുപടി കൊടുക്കാനുള്ള സംവിധാനോം മര്യാദേം കാണിക്കണ്ടേ, എവിടുന്ന്? പിന്നെ വേറെ ചില നമ്പരുകളും ഇവരിൽ ചിലരുടെ കയ്യിലുണ്ട്. ഇന്നാളൊരു കൂട്ടര് വിളിച്ചേച്ചു പറയുവാ ഒരു രചന കിട്ടീട്ടൊണ്ട് അവരടെ അഞ്ചാറു പ്രസിദ്ധീകരണങ്ങൾ ഒന്നിച്ച് ഒരു കൊല്ലത്തേക്ക് സബ്സ്ക്രൈബ് ചെയ്യണം. അതുംപോര അഞ്ചാറു പേരെക്കൊണ്ട് എടുപ്പിക്കുകേം ചെയ്യണംന്ന്!  അയച്ചിട്ട് ഒന്നൊന്നരക്കൊല്ലമായകൊണ്ട് ഞാൻതന്നെ മറന്നുപോയതാ. അപ്പം ഞാൻ തിരിച്ചു ചോദിച്ചു ആട്ടെ എൻ്റെ രചന പ്രസിദ്ധീകരണയോഗ്യമാണോ എന്ന്. അതിന് ഒരു മറുപടിയും പറഞ്ഞില്ല. എനിക്കു താത്പര്യമില്ല എന്നു തോന്നീട്ടാരിക്കും  വിട്ടു കളഞ്ഞു. ഭാഗ്യത്തിന് വേറെ എടപാടൊന്നും പറഞ്ഞില്ല. അല്ലേലും പ്രസിദ്ധീകരിക്കാൻ  യോഗ്യമാണെങ്കി മതി അതല്ലാതെ നിബന്ധന വച്ചിട്ടുള്ള ഒരെടപാടും നമുക്കു വേണ്ട.''

"അയ്യോടീ, അങ്ങനാന്നേ ഇതിലൊക്കെ രചനകൾ വന്നോരെ നമ്മളപ്പം എങ്ങനെ കാണണം? സത്യസന്ധമായിട്ടു വന്നവരെപ്പോലും സംശയത്തിൻ്റെ നിഴലീ ക്കാണണ്ടായോ?"

"പിന്നല്യോ, ശരിക്കും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാ ഇതിൻ്റെയൊക്കെ തലപ്പത്തിരിക്കുന്നോര് ചെയ്യുന്നത്. ഈ പ്രമുഖം എന്ന സ്ഥാനം ചുമ്മാതങ്ങ് ഉണ്ടായതല്ലല്ലോ! കാലാകാലങ്ങളായിട്ട് മുൻഗാമികൾ എന്തുമാത്രം പാടുപെട്ട് മികച്ച എഴുത്തുകൾ വായിക്കാനുള്ള ഇടമാക്കി വളർത്തിയെടുത്ത് ഉണ്ടാക്കിയതാ.  ആ നിലവാരം പ്രതീക്ഷിച്ച് വായിക്കുന്നോരെ നിരാശപ്പെടുത്തിയാ വാരിക വീണു പോകില്ലേ? ആരെ തോൽപ്പിക്കാനാണ് ! ശരിയാ., നമ്മളയയ്ക്കുന്നത് വന്നില്ലേൽ നമുക്ക് വിഷമം തോന്നും. ഒരുമാതിരി എഴുതുന്നോരുടെയെല്ലാം ആഗ്രഹമാ നല്ല പ്രസിദ്ധീകരണത്തിൽ വന്നു കാണണംന്ന്. എന്നുവച്ച് വന്നില്ലേൽ നമ്മൾ ആത്മഹത്യ ചെയ്യാനൊന്നും പോകുന്നില്ല. പണിയെടുത്ത് ജീവിക്കും. എഴുതാൻ തോന്നുമ്പോ എഴുതും. പൊന്നേപ്പോലെ മേടിച്ചിടുന്ന ഏതെങ്കിലും ചെറിയ പ്രസിദ്ധീകരണങ്ങളിലോ ഇനി അതല്ല ഓൺലൈൻ മീഡിയേലോ ഇടുകേം കിട്ടുന്ന ചെറിയചെറിയ അംഗീകാരങ്ങളിൽ തൃപ്തിപ്പെടുകേം ചെയ്യും. അത്രതന്നെ!''

''ഇതൊക്കെത്തന്നെയാരിക്കും ദേവൻ്റേം പ്രശ്നം. അവര് കൊല്ലത്തോട്ടു താമസം മാറിയേപ്പിന്നെ അവൻ്റെ വിശേഷമൊന്നും അറിയുന്നില്ല.''

''ദേവൻ ചേട്ടനെ ഞാനീയിടയ്ക്ക് ഒരു മീറ്റിംഗിനു പോയപ്പം കണ്ടാരുന്നു. എന്നോടൊത്തിരി വർത്താനമൊക്കെ പറഞ്ഞു. ചേട്ടൻ ഒരു പുസ്തകമൊക്കെ ഇറക്കി. അതിന് ഒരു ചെറിയ അവാർഡും കിട്ടി. വല്യ അക്കാദമി അവാർഡൊന്നുമല്ലേലും നാലുപേര് കേട്ടാൽ കുറയ്ക്കാത്ത ഒന്നാ.. "

"അവന് കിട്ടുമെടീ മോളേ, അത്രയ്ക്ക് നല്ല എഴുത്തല്യോ അവൻ്റേത് ! ചെറുതോ വലുതോ എന്നല്ല ഒരംഗീകാരം അവനു കിട്ടിയതുകേട്ട് എനിക്ക് ഒത്തിരി സന്തോഷം തോന്നുന്നു."

''രസമതല്ല കൊച്ചാട്ടാ , അവാർഡ് മേടിക്കാൻ ചെന്നപ്പം കൂട്ടത്തിൽ സമ്മാനം കിട്ടിയ ആരോ ചെറുപ്പക്കാർ പറയുന്നത് ദേവൻ ചേട്ടൻ കേട്ടത്രേ ഈ വയസൻമാർക്ക് നമ്മടെ  കൂടെ മത്സരിക്കാൻ നാണമാവില്ലേ, വല്ലയിടത്തും അടങ്ങിയിരുന്നൂടേന്ന്.. "

"അതെന്തൊരു പറച്ചിലാ. അവനനുഭവിച്ച കഷ്ടപ്പാടുവല്ലോം ഇവറ്റകൾക്കറിയാമോ? നല്ലപ്രായം മുഴുവൻ അലച്ചിലാരുന്നു. ഒരു കുടുംബം കരകേറ്റാൻ ഒറ്റയ്ക്ക് നടുവൊടിച്ചോനാ അവൻ. എല്ലാമൊരുകരയ്ക്കടുപ്പിച്ചു വന്നപ്പഴേക്കും ഈ പ്രായമായി. എന്നിട്ടുമവന് എഴുതാൻ പറ്റുന്നുണ്ടല്ലോ. വിട്ടുകളഞ്ഞില്ലല്ലോ. അതിനവനെ സമ്മതിക്കണം!"

"അതങ്ങനാ കൊച്ചാട്ടാ
എഴുത്തിൻ്റെ ചൂര് ഉള്ളിലുണ്ടേൽ എത്ര പ്രാരാബ്ധത്തിൻ്റെ അത്തറു പൂശി മറച്ചാലും എന്നെങ്കിലും പുറത്തുവരികതന്നെ ചെയ്യും.
ഞാനൊക്കെത്തന്നെ വീടും പിള്ളാരും ജോലീം ഒക്കെക്കൂടി കൂട്ടിക്കെട്ടാൻ പറ്റാതെ  എത്രകാലം എഴുതാതിരുന്നു! ഇപ്പം കൊച്ചുങ്ങളു രണ്ടും കാക്കക്കേടുമാറിയപ്പഴാ വീണ്ടും വല്ലോം കുത്തിക്കുറിക്കാൻ തുടങ്ങിയത്. ''

''ഇപ്പഴീ ഫേസ് ബുക്കും കുന്ത്രാണ്ടവും ഒക്കെ വന്ന കൊണ്ടല്യോ പുതിയ പിള്ളേരൊക്കെ ചറുപറാ എഴുതുന്നതും അതൊക്കെ നാലു പേരറിയുന്നതും !"

"അതു നേരാ, നവമാദ്ധ്യമ കാലത്തു ജനിച്ചൂന്നുള്ളതാ ഈ പിള്ളേരുടെയൊക്കെ നേട്ടം! പണ്ടൊക്കെ കട്ടും പാത്തും വേണാരുന്നു വല്ലോം എഴുതാനും വായിക്കാനും! അതൊക്കെ ഏതാണ്ടും കൊള്ളരുതാഴിക പോലല്ലേ അന്നൊക്കെ കണക്കാക്കുന്നത്. അതീന്നൊക്കെ കഴിവും അവസരവും സാഹചര്യവും ഭാഗ്യവും ഒത്തെണങ്ങി പേരെടുത്തുവന്നോര് വിരലിലെണ്ണാവുന്നോരല്ലേയുള്ളു കൊച്ചാട്ടാ.. ബഷീറിനേം എംടിയേം മാധവിക്കുട്ടിയേം സുഗതകുമാരിയേം പോലൊള്ള വളരെക്കൊറച്ചുപേര്! അതിനേക്കാളൊക്കെ കഴിവുള്ള എത്രയോപേര് ഇപ്പറഞ്ഞതൊക്കെ ഒത്തുകിട്ടാതെ പുറംലോകമറിയാതേം എങ്ങുമെത്താതേം പോയിട്ടുണ്ട്! കൊച്ചാട്ടനോർക്കുന്നില്യോ കോളേജ് മാഗസിനിലെങ്ങാണ്ട് ദേവൻ ചേട്ടൻ്റെ കഥ വന്നത് ആരോ പറഞ്ഞറിഞ്ഞിട്ട് ജാനകിയപ്പച്ചി നെഞ്ചത്തടിച്ചോണ്ട് കൊച്ചാട്ട നോട് സങ്കടം പറയാൻ വന്നത് ? എഴുത്തും കൊണ്ടു നടന്ന് നശിക്കാനാന്നോ ഇവനെ ഞാൻ കടം മേടിച്ച് പഠിപ്പിക്കാൻ വിടുന്നേന്നും പറഞ്ഞ് .. "

"പിന്നില്ലിയോ, അന്ന് കൊച്ചേയിയെ സമാധാനിപ്പിക്കാൻ ഞാൻ പെട്ടപാട് ! 
എന്തിനധികം, നീ തന്നെ കൊച്ചമ്മാവനും അമ്മായീം കാണാതല്ലാരുന്നോ തരം കിട്ടിയാ വീക്കിലി വായിക്കാനും വല്ലോം എഴുതിയത് കാണിക്കാനും എൻ്റടുത്തോട്ട് വന്നോണ്ടിരുന്നത്. 
എഴുത്തും കൊണ്ടു നടന്നാ ഗതി പിടിക്കത്തില്ലെന്നൊരു ആധിയാരുന്നു അന്ന് മനുഷേർക്കെങ്കി ഇന്ന് എഴുതിയെങ്ങാൻ ഗതിപിടിച്ചു പോകുമോന്നുള്ള ആധി! രണ്ടും ഫലത്തിലൊന്നു തന്നെ! എന്തൊരു വിരോധാഭാസം!"

"ശരിയാ! യ്യോ വിഷയം എഴുത്തായകൊണ്ട് വർത്തമാനം പറഞ്ഞോണ്ടു നിന്നത്  വെയിലത്താന്നുപോലുമോർത്തില്ല! കൊച്ചാട്ടൻ വീട്ടിലോട്ടു വാ, ചോറുണ്ടേച്ച് ഇച്ചിരെ വെയിലാറീട്ട് വൈകുന്നേരം പോകാം. "

"വേണ്ടടീ മോളേ പിന്നൊരിക്കലാട്ടെ.
പോണം. അവക്കു തീരെ വയ്യ. രണ്ടു കാൽമുട്ടിനും നീരാ. നടന്ന് പണിയൊന്നും ചെയ്യാൻ വയ്യ. നേരത്തെ ചെന്നില്ലേ ശരിയാകത്തില്ല. എന്തായാലും ഒത്തിരി നാളുകൂടി നിന്നെക്കണ്ടല്ലോ. സന്തോഷമായി. എന്തുതന്നായാലും എഴുത്തു വിട്ടുകളയല്ലെന്നേ എനിക്കു പറയാനൊള്ളു. ദേവനെ കാണുവോ വിളിക്കുവോ ചെയ്യുവാണേ അവനോടും പറയണം കേട്ടോ. ആരോ എന്തോ പറയട്ടെ. വാളെടുത്തോരെല്ലാം വെളിച്ചപ്പാടാകുവോ? അതൊക്കെ ഉള്ളീന്നു വരണം! നെല്ലും പതിരും തിരിച്ചറിയുന്ന കാലം വരും. വരാതെവിടെപ്പോകാൻ!"
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക