നവ സഹസ്രാബ്‌ദത്തിലെ ആദ്യ വിശുദ്ധനെ വാഴ്ത്താൻ കത്തോലിക്കാ സഭ തയ്യാറെടുക്കുമ്പോൾ 15 വയസുകാരന്റെ ഭൗതിക ശരീരം കാണാൻ പൗരാണിക ഇറ്റാലിയൻ നഗരമായ അസീസിയിലേക്കു ജനം ഒഴുകി തുടങ്ങി. അടുത്ത മാസമാണ് 'ദൈവത്തിന്റെ ഇൻഫ്ലുവെൻസർ' എന്നു വിളിക്കപ്പെട്ടിരുന്ന കാർലോ അക്യൂട്ടീസിനെ വാഴ്ത്തുക.
അസീസിയിൽ സാന്താ മരിയ മാഗിയോറെ പള്ളിയിലെ സാംക്ച്വറി ഓഫ് സ്പോയിലേഷനിൽ ആണ് കമ്പ്യൂട്ടർ മാന്ത്രികൻ കൂടി ആയിരുന്ന അക്യൂട്ടീസിന്റെ ഭൗതിക അവശിഷ്ടം സൂക്ഷിച്ചിട്ടുള്ളത്.
കൗമാരക്കാരന്റെ മുഖം പതിച്ച സുവനീറുകൾ കടയിൽ വിൽക്കുന്നുമുണ്ട്.
ബ്രിട്ടനിൽ ജനിച്ച കത്തോലിക്കാ വിശ്വാസി യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള ഓരോ അത്ഭുതവും രേഖപ്പെടുത്തിയ വെബ്സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. മിലാനിൽ വീടില്ലാത്തവർക്കും വിശക്കുന്നവർക്കും സഹായം എത്തിച്ചിരുന്ന അക്യൂട്ടീസ് 2006 ഒക്ടോബർ 12നാണു രക്താർബുദം മൂലം മരിച്ചത്. ഭൗതിക അവശിഷ്ടം അസീസി പള്ളിയിൽ അടക്കിയത് 2019 ഏപ്രിലിൽ ആണ്.
മരണത്തെ അതിജീവിച്ച ഖ്യാതിയാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. 2020ൽ അക്യൂട്ടിയുടെ ഒരു അതിശയം വത്തിക്കാൻ അംഗീകരിച്ചു. ആറു വയസുള്ള ബ്രസീലിയൻ കുട്ടിക്കു 2013ൽ അപൂർവമായ ഒരു പാൻക്രിയാറ്റിക് രോഗത്തിൽ നിന്നു മോചനം ലഭിച്ചത് അക്യൂട്ടീസിന്റെ ഭൗതികാവശിഷ്ടം സ്പർശിച്ച ശേഷമാണെന്ന് തെളിഞ്ഞു.
മറ്റൊരിക്കൽ, കാൻസർ ബാധിച്ച ഒരു സ്ത്രീക്ക് അക്യൂട്ടീസിന്റെ സംസ്കാരത്തിൽ പങ്കെടുത്തപ്പോൾ രോഗമുക്തി കൈവന്നു. പിന്നീട് രണ്ടു സ്ത്രീകൾക്കു കൂടി അങ്ങിനെയുള്ള ആശ്വാസം ലഭിച്ചതായി കേട്ടുവെന്നു അക്യൂട്ടീസിന്റെ 'അമ്മ പറയുന്നു.
"എല്ലാം ഒരു നിഗൂഢതയാണ്. ഞാൻ ദൈവത്തിന്റെ വിരൽ സ്പർശം അറിയുന്നു. സ്വന്തം മകനെ നഷ്ടമാവുന്നത് ഏറെ കഠിനമാണ്. എന്നാൽ മറ്റുള്ളവരെ വിശ്വാസം തിരിച്ചറിയാൻ അവൻ സഹായിക്കുന്നു എന്നത് സന്തോഷകരമാണ്."
രണ്ടാമതൊരു അതിശയം കൂടി
ഒക്ടോബറിൽ അക്യൂട്ടീസിനെ അനുഗ്രഹീതനായി പ്രഖ്യാപിച്ചിരുന്നു. 2024 മെയിൽ രണ്ടാമതൊരു അതിശയം കൂടി വത്തിക്കാൻ അംഗീകരിച്ചു. 2022ൽ ഫ്ലോറൻസിൽ സൈക്കിളിൽ നിന്നു വീണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കോസ്റ്റ റിക്കൻ യുവതി വലേറിയയുടെ ജീവൻ രക്ഷിച്ചത് അക്യൂട്ടീസിന്റെ ആത്മാവാണെന്നു തെളിയിക്കപ്പെട്ടു. അതോടെ 'വിശുദ്ധൻ' എന്നു വിളിക്കപ്പെടാൻ യോഗ്യത നേടി.
വലേറിയ രക്ഷപെടുമെന്നു ഡോക്ടർമാർക്കു തീരെ വിശ്വാസം ഉണ്ടായിരുന്നില്ല. അവരുടെ 'അമ്മ അസീസിയിൽ അക്യൂട്ടീസിന്റെ വിശ്രമ സ്ഥാനത്തേക്കു തീർഥാടനം നടത്തി. അവർ പ്രാർഥിച്ചു കൊണ്ടിരിക്കെ വലേറിയ പെട്ടെന്നു ചലിക്കയും ഒരാഴ്ച്ച കഴിഞ്ഞു സംസാരിച്ചു തുടങ്ങുകയും ചെയ്തു. അവരുടെ തലച്ചോറിലെ മുറിവ് മാഞ്ഞുവെന്നു സ്കാനിംഗിൽ വ്യക്തമായി. ഒരു മാസത്തിനുള്ളിൽ അമ്മയോടൊപ്പം അസീസിയിൽ പോകാൻ വലേറിയക്കു കഴിഞ്ഞു.
1981നും 1996നും ഇടയിൽ ജനിച്ച ആദ്യ കത്തോലിക്കാ വിശുദ്ധൻ ആവും അക്യൂട്ടീസ്. ഏപ്രിൽ 25-27നു പള്ളിയിൽ കൗമാരക്കാരുടെ ജൂബിലി ആഘോഷിക്കുമ്പോൾ അക്യൂട്ടീസിനെ വിശുദ്ധനായി വാഴ്ത്തും.
പാവങ്ങൾക്കു വേണ്ടി ജീവൻ ഉഴിഞ്ഞു വച്ച അസീസിയിലെ ഫ്രാൻസിസിന്റെ ആരാധകൻ ആയിരുന്നു അക്യൂട്ടീസ്. അതു കൊണ്ടാണ് അവിടെ തന്റെ ഭൗതിക അവശിഷ്ടം സൂക്ഷിക്കാൻ അക്യൂട്ടീസ് ആവശ്യപ്പെട്ടത്.
സമീപത്തെ സെന്റ് ഫ്രാൻസിസ് ബസിലിക്കയിലാണ് അക്യൂട്ടീസിന്റെ ഹൃദയം സൂക്ഷിച്ചിട്ടുള്ളത്.
Teen Italy to be first millennial saint