കൊളംബിയ യൂണിവേഴ്സിറ്റി ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾക്കു വഴങ്ങി. $400 മില്യൺ ഗ്രാന്റ് റദ്ദാക്കി പ്രസിഡന്റ് ട്രംപ് കനത്ത സമ്മർദം കൊണ്ടുവന്ന ശേഷമാണിത്.
മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യൻ, ആഫ്രിക്കൻ സ്റ്റഡീസ് ആൻഡ് സെന്റർ ഫോർ പലസ്തീൻ സ്റ്റഡീസ് എന്നിവയുടെ കരിക്കുലം പുനരവലോകനം ചെയ്യാൻ യൂണിവേഴ്സിറ്റി പുതിയ നേതൃത്വത്തെ നിയമിക്കും.
ക്യാമ്പസിലെ 36 പോലീസ് ഉദ്യോഗസ്ഥർക്ക് വിദ്യാർഥികളെ അറസ്റ്റ് ചെയ്യാനും പുറത്താക്കാനും അധികാരം നൽകുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.
ക്യാമ്പസുകളിൽ ഇനി മാസ്‌ക് നിരോധിക്കും. പുറത്തു നിന്നുള്ളവർ ക്യാമ്പസിൽ പ്രശ്നം ഉണ്ടാകാതിരിക്കാൻ ആണിത്.
യഹൂദ വിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങേറിയ ക്യാമ്പസുകളിൽ അവ നിയന്ത്രിക്കാനാണ് ട്രംപ് കർശന നടപടി എടുത്തത്. പലസ്തീൻ അനുഭാവികളായ വിദ്യാർഥി നേതാക്കളെ തിരഞ്ഞു പിടിക്കയും ചെയ്തു.
ഫെഡറൽ പണം തുടർന്നു ലഭിക്കാൻ യൂണിവേഴ്സിറ്റി ചെയ്യേണ്ട 9 കാര്യങ്ങൾ ട്രംപ് ഭരണകൂടം കഴിഞ്ഞയാഴ്ച്ച ഉന്നയിച്ചിരുന്നു. വെള്ളിയാഴ്ച്ച വരെയാണ് സമയം അനുവദിച്ചത്.
ഹാമിൽട്ടൺ ഹാൾ കൈയേറിയ വിദ്യാർഥികളെ പുറത്താക്കുക, അവരുടെ ബിരുദം റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനം. മുഖം മൂടി ധരിച്ചു ക്യാമ്പസിൽ കയറി അക്രമം കിട്ടിയവർ പുറത്തു നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് മാസ്‌ക് നിരോധിക്കാൻ ആവശ്യപ്പെട്ടത്.
അതേ സമയം, സ്കൂൾ കെട്ടിടങ്ങളിലോ പഠനം നടക്കുന്ന മറ്റു സ്ഥലങ്ങളിലൊ പ്രതിഷേധ പ്രകടനം നിരോധിച്ചിട്ടില്ല. പൊതുവിൽ അവ സ്വീകാര്യമല്ലെന്നു മാത്രമേ പറയുന്നുള്ളു.
വിദ്യാർഥികൾക്കു പ്രവേശനം നൽകാനുള്ള നയങ്ങൾ പുനഃപരിശോധിക്കും. അടുത്തിടെയായി യഹൂദ, ആഫ്രിക്കൻ വിദ്യാർഥികളുടെ വരവ് കുറഞ്ഞിട്ടുണ്ട്.
ക്യാമ്പസ് കൂടുതൽ സുരക്ഷിതമാക്കുമെന്നു ഇടക്കാല പ്രസിഡന്റ് കത്രീന ആംസ്ട്രോങ് അറിയിച്ചു. "നമുക്ക് പ്രശ്നങ്ങളുണ്ട്," അവർ പറഞ്ഞു. "പക്ഷെ അവ നമ്മുടെ പ്രത്യേകതയല്ല.
"പരസ്പരം ഏറെ ബഹുമാനിക്കുന്ന പണ്ഡിതരായ ആളുകളുടെ സമൂഹമാണ് നമ്മൾ. ലോകത്തെ ഏറ്റവും സർഗശക്തിയുള്ള, ഏറ്റവും മിടുക്കരായ കുട്ടികളെ നമ്മൾ പഠിപ്പിക്കുന്നു. ഏറ്റവും വലിയ വെല്ലുവിളികൾ നേരിടാൻ നമുക്കുള്ള കഴിവിൽ എനിക്ക് ഏറെ വിശ്വാസമുണ്ട്."
Columbia University obliges Trump