Image
Image

ബഹിരാകാശ നിലയത്തിലേക്കു വീണ്ടും യാത്ര ചെയ്യാൻ തയാറാണെന്നു വില്യംസും വിൽമോറും

സണ്ണി മാളിയേക്കൽ Published on 01 April, 2025
ബഹിരാകാശ നിലയത്തിലേക്കു വീണ്ടും യാത്ര ചെയ്യാൻ തയാറാണെന്നു വില്യംസും വിൽമോറും

ഹൂസ്റ്റൺ (ടെക്സസ്): സ്റ്റാർലൈനർ വാഹനത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു വീണ്ടും യാത്ര ചെയ്യാൻ തയാറാണെന്നു സുനിത വില്യംസും ബുച്ച് വിൽമോറും. കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കുമെന്നും ഇരുവരും പ്രഖ്യാപിച്ചു.

286 ദിവസത്തെ ബഹിരാകാശ വാസത്തിനുശേഷം  കഴിഞ്ഞ 18നു തിരിച്ചെത്തിയ ഇരുവരും 12 ദിവസത്തിനു ശേഷം ആദ്യമായി ഒരു വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ ബഹിരാകാശനിലയത്തിലെയും തിരിച്ചുള്ള യാത്രയിലെയും അനുഭവങ്ങളും പങ്കുവച്ചു. ഇരുവരെയും വഹിച്ച് ബഹിരാകാശനിലയത്തിലെത്തിയ സ്റ്റാർലൈനറിനു സാങ്കേതിക തകരാറുകളുണ്ടായതിനെത്തുടർന്നു നാസ അവരെ തിരികെ എത്തിക്കുകയായിരുന്നു.

ആദ്യ ദിവസം വെല്ലുവിളികൾ നേരിട്ടതായി സുനിത വില്യംസ് വെളിപ്പെടുത്തി. പിന്നീട് ഫിസിക്കൽ ട്രെയ്നിങ്, ന്യൂട്രീഷൻ വിദഗ്ധരുടെ മേൽനോട്ടത്തിൽ വെയ്റ്റ് ലിഫ്റ്റിങ്, സ്ക്വാട്സ് അടക്കമുള്ള വ്യായാമങ്ങൾ തുടങ്ങി. ഇതുവരെ മൂന്നു മൈൽ ദൂരം ഓടി.

ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വന്ന സമയങ്ങളിലെല്ലാം ഗവേഷണങ്ങൾ തുടരുകയായിരുന്നു. അസ്ഥിക്കും മസിലുകൾക്കുമുണ്ടാകുമായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദിവസം പോലും മുടങ്ങാതെ വ്യായാമം ചെയ്തു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ശക്തനായി തോന്നിയത് ഈ ബഹിരാകാശ ജീവിതത്തിലായിരുന്നെന്നു വിൽമോർ വിശേഷിപ്പിച്ചു.

ഒരിക്കൽപ്പോലും നിരാശരായില്ല. നാസയുടെ ‘ടീം വർക്ക്’ ഗുണം ചെയ്തു. അവിടെയായിരിക്കുമ്പോഴും തിരികെ എത്തിയ ശേഷവും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു ലോകത്തിനുള്ള കരുതലിന് ഇരുവരും നന്ദി പറയുകയും ചെയ്തു.

ബഹിരാകാശ പേടകം ശരിക്കും കഴിവുള്ളതാണ്. പരിഹരിക്കേണ്ട രണ്ട് കാര്യങ്ങൾ ഉണ്ടായിരുന്നു. "ആളുകൾ അതിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്, പക്ഷേ ഇത് ഒരു മികച്ച ബഹിരാകാശ പേടകമാണ്, മറ്റ് ബഹിരാകാശ പേടകങ്ങൾക്ക് ഇല്ലാത്ത നിരവധി കഴിവുകളുണ്ട്. ആ കാര്യം വിജയകരമാണെന്ന് കാണുകയും ആ പ്രോഗ്രാമിന്റെ ഭാഗമാകുകയും ചെയ്യുന്നത് ഒരു ബഹുമതിയാണ്," വില്യംസ് കൂട്ടിച്ചേർത്തു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക