ഡോണൾഡ് ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റ ശേഷം നാടുകടത്തിയവരുടെ എണ്ണം 100,000 കവിഞ്ഞെന്നു ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് ഡിപ്പാർട്മെന്റ് (ഐ സി ഇ) കണക്കുകൾ.
'ന്യൂ യോർക്ക് പോസ്റ്റ്' ഉദ്ധരിക്കുന്ന ഹോംലാൻഡ് സെക്യൂരിറ്റി കണക്കുകൾ അനുസരിച്ചു ഐ സി ഇ ജനുവരി 20 നു ശേഷം 113,000 പേരെ അറസ്റ്റ് ചെയ്തു. 100,000 പേരെയെങ്കിലും നാടുകടത്തി.
അതിൽ ക്രിമിനൽ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ട എത്രപേരുണ്ടെന്നു വ്യക്തമല്ല. അവർക്കെതിരായ കേസുകളുടെ സ്ഥിതിയോ അവർ ഏതു രാജ്യക്കാരാണ് എന്ന കാര്യമോ അറിയില്ല. ഭൂരിപക്ഷം ആളുകളെയും മെക്സിക്കോയിലേക്കാണ് കൊണ്ടുപോയതെന്നാണ് നിഗമനം.
മാർച്ചിൽ കഷ്ടിച്ച് 7,000 പേരാണ് യുഎസ്-മെക്സിക്കോ അതിർത്തിയിൽ എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ അത് 137,000 ആയിരുന്നു. അതായത്, കുറവ് വന്നത് 94% ആണ്. ഫെബ്രുവരിയിൽ അനധികൃതർ 8300 മാത്രം ആയിരുന്നു: 25 വർഷത്തിനിടയിൽ ഏറ്റവും കുറവ്.
അനധികൃത കുടിയേറ്റം ട്രംപിന്റെ പ്രചാരണത്തിൽ മുഖ്യ വിഷയങ്ങളിൽ ഒന്നായിരുന്നു. അധികാരമേറ്റ അന്നു തന്നെ അദ്ദേഹം അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചു. രാജ്യമൊട്ടാകെ അനധികൃതരെ തിരയാൻ തുടങ്ങി.
അനധികൃത കുടിയേറ്റക്കാരുടെ വരവ് ഗണ്യമായി കുറഞ്ഞു. ഹോംലാൻഡ് സെക്യൂരിറ്റി വൃത്തങ്ങൾ അതിനെ 'ട്രംപ് ഇഫക്ട്' എന്നു വിളിക്കുന്നു.
100,000 illegals deported after Trump took charge