Image
Image

വഖഫ് ബില്ല് രാജ്യസഭയിലും പാസായി; മുനമ്പത്ത് ആഹ്ലാദപ്രകടനം

Published on 03 April, 2025
വഖഫ് ബില്ല് രാജ്യസഭയിലും പാസായി; മുനമ്പത്ത്   ആഹ്ലാദപ്രകടനം

ന്യൂഡല്‍ഹി: 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷം  വഖഫ് ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസാക്കി . 128 പേര്‍ ബില്ലിനെ അനുകൂലിച്ചു. 95 പേര്‍ എതിര്‍ത്തു. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.

വഖഫ് ഭേദഗതി ബില്‍ പാസായതിന് പിന്നാലെ സമരക്കാര്‍ മുനമ്പത്ത് മുദ്രാവാക്യം വിളിയും ആഹ്ലാദപ്രകടനവും നടത്തി.

ബുധനാഴ്ചയാണ് ബില്ല് ലോക്‌സഭയില്‍ പാസാക്കിയിരുന്നത്.

ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ എടുത്തുമാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചര്‍ച്ചയില്‍ സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. വഖഫ് ഭേദഗതി ബില്ല് മുനമ്പം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും മുനമ്പം പ്രശ്‌നവുമായി ബന്ധപ്പെട്ട ചില ഭേദഗതികള്‍ ഉണ്ടാകും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ. മാണി എംപിയും പറഞ്ഞു. അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ ഘടനമാറ്റുന്ന നടപടികളില്‍ തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുനമ്പം ജനതയ്ക്ക് എതിരാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.

ക്രൈസ്തവ സംഘടനകള്‍ ബില്ലിന് പിന്തുണ നല്‍കി.  മുനമ്പത്ത് നിന്ന് എല്ലാവരേയും ഒഴിപ്പിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിച്ചത്.  

വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം അസംബന്ധമാണെന്ന് മന്ത്രി പറഞ്ഞത് വലിയ പ്രതിഷേധത്തിന് വഴിവെച്ചതിനെ തുടര്‍ന്ന് ആ വാക്ക് പിന്‍വലിക്കുന്നു എന്ന് പറഞ്ഞ് അര്‍ഥശൂന്യമെന്ന് തിരുത്തി.

എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ നിയമസഭയാണ് കേരളത്തിന്റേതെന്നും ജോര്‍ജ് കുര്യന്‍ ആരോപിച്ചു.

ഇടുക്കി ബിഷപ്പിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞടുപ്പ് പരാജയത്തെ തുടര്‍ന്ന് ആക്രമിച്ചു. ഇവരാണ് ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ആക്രമിക്കുന്നു എന്ന് പറയുന്നത്. തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രൈസ്തവരുടെ വോട്ടുകൊണ്ടുകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനമാണിപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഇഷ്ടപ്പെടാത്തതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക