ഫ്‌ളോറിഡ: ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം ഡ്രാഗണ്‍ പേടകത്തിൽ സുരക്ഷിതമായി ഭൂമിയിലെത്തി. വൈകിട്ട് 5 .57 നു മെക്‌സിക്കോ ഉള്‍ക്കടലിലാണ് പേടകം സുരക്ഷിതമായി പതിച്ചത് . ഉടൻ തന്നെ റിക്കവറി കപ്പല്‍ എത്തി. യാത്രികരെ കപ്പലിലേക്ക് മാറ്റി കരയിലെത്തിക്കും.
ഡ്രാഗൺ പേടകത്തിൽ കഴിഞ്ഞ ദിവസം പോയ നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും ആണ് ബുച്ച് വില്‍മോറിനും റിനും സുനിതക്കും പുറമെ പേടകത്തിലുള്ളത്. മറ്റു രണ്ടു പേരെ സ്പേസ് സ്റ്റേഷനിൽ ആക്കി.
സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍മൂലം അത് നടന്നില്ല.
ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കിയത്. സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.