വത്തിക്കാന്‍: ദീര്‍ഘായുസ്സ് ഇന്നിന്റെ വലിയ വെല്ലുവിളികളില്‍ ഒന്നാണെന്ന് വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പ്രസ്താവിച്ചു.
മാര്‍ച്ച് 24-ന്, തിങ്കളാഴ്ച, ആയുര്‍ദൈര്‍ഘ്യത്തെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട വത്തിക്കാന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദ്യശാസ്ത്രപരം മാത്രമല്ല, സാമ്പത്തികശാസ്ത്രം, സംസ്‌കാരം, നൈതികത, ആദ്ധ്യാത്മികത എന്നിവ ഉള്‍പ്പെടുന്ന സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്നതാണ്.
''വത്തിക്കാന്‍ ആയുര്‍ദൈര്‍ഘ്യ ഉച്ചകോടി: കാല ഘടികാരത്തെ വെല്ലുവിളിക്കല്‍'' എന്നതായിരുന്നു ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഈ സമ്മേളനത്തിന്റെ വിചിന്തന പ്രമേയം.
വാര്‍ദ്ധക്യം മറച്ചുവെക്കേണ്ട ഒരു പ്രശ്‌നമാണെന്ന മട്ടില്‍ പരിമിതികളെയും ബലഹീനതകളെയും നിഷേധിക്കുന്നതായ പ്രവണതയുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും എന്നാല്‍, ജീവിതം ഒരു ദാനമാണെന്നും അസ്തിത്വത്തിന്റെ ഓരോ ഘട്ടത്തിലും അതിനു മൂല്യം ഉണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു. യഥാര്‍ത്ഥ പൂര്‍ണ്ണത കണ്ടെത്തുന്നത് വര്‍ഷങ്ങളുടെ എണ്ണത്തിലല്ല, മറിച്ച് ബന്ധങ്ങളുടെ ഗുണനിലവാരത്തിലാണ്, നല്‍കുന്നതും സ്വീകരിക്കുന്നതുമായ സ്‌നേഹത്തിലാണ്, ഒരു സമൂഹത്തിന്റെ ഭാഗമാകുന്നതിന്റെ അഗാധ അര്‍ത്ഥത്തിലാണ്, എന്നത് മറന്നുകൊണ്ട്, ജൈവിക അമര്‍ത്യതയുടെ പിന്നാലെ പോകുന്ന ഒരു പുരോഗതിയെന്ന മിഥ്യാധാരണയില്‍ നാം നിപതിക്കരുതെന്നു അദ്ദേഹം മുന്നറിയിപ്പേകി.
ആകയാല്‍ ശാസ്ത്രീയ-സാങ്കേതിക പുരോഗതികള്‍ വ്യക്തിയുടെ സമഗ്രപുരോഗതിയും മാനവാന്തസ്സിന്റെയും സാര്‍വ്വത്രിക സാഹോദര്യത്തിന്റെയും സേവനവും ലക്ഷ്യം വയ്ക്കുന്നതായിരിക്കണമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്‌ബോധിപ്പിച്ചു. ദീര്‍ഘായുസ്സ് ഏതാനും കുറച്ചുപേര്‍ക്കുള്ള ആനുകൂല്യമോ സാമൂഹ്യ അസമത്വത്തിന്റെ നൂതന രൂപമോ ആയി ഭവിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങളും വാര്‍ദ്ധക്യത്തിലെത്തിയവരും തമ്മിലുള്ള ബന്ധങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ കര്‍ദ്ദിനാള്‍ പരോളിന്‍ തലമുറാന്തര ഐക്യദാര്‍ഢ്യത്തിലേക്കാനയിക്കുന്നതിനും വ്യക്തിവാദസംസ്‌കൃതിയെ തള്ളിക്കളയുന്നതിനും ഇത് ആവശ്യമാണെന്ന് പ്രസ്താവിച്ചു.