മലപ്പുറത്ത് വീട്ടില്‍ പ്രസവം നടത്തിയ യുവതി അമിത രക്തസ്രാവം മൂലം മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആലപ്പുഴ സ്വദേശി സിറാജുദ്ദീന്റെ ഭാര്യ പെരുമ്പാവൂര്‍ സ്വദേശിനി അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവമായിരുന്നു അസ്മയുടേത്.
അസ്മയുടെ മരണവിവരം അയല്‍വാസികളെ പോലും അറിയിക്കാതെ സിറാജുദ്ദീന്‍ ആംബുലന്‍സ് വിളിച്ച് കുഞ്ഞിനെയും ഭാര്യയുടെ മൃതദേഹവുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു.
വിവരമറിഞ്ഞ് അസ്മയുടെ കുടുംബം സിറാജുദ്ദീനെതിരേ പോലീസില്‍ പരാതി നല്‍കി. പ്രസവവേദന ഉണ്ടായിട്ടും അസ്മയെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഭര്‍ത്താവ് തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.
പോലീസ് എത്തിയാണ് യുവതിയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഒന്നരവര്‍ഷമായി ചട്ടിപ്പറമ്പില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു കുടുംബമെന്ന് വീടിന്റെ ഉടമ സൈനുദ്ദീന്‍ പറഞ്ഞു. അയല്‍വാസികളുമായി വലിയ ബന്ധം കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്ന് സൈനുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
യുട്യൂബ് ചാനലിലൂടെ സിറാജുദ്ദീന്‍ പ്രഭാഷണം നടത്താറുണ്ട്. കാസര്‍കോട് പള്ളിയില്‍ ജോലിയാണെന്നാണ് തന്നോടു പറഞ്ഞിട്ടുള്ളതെന്നും വീട്ടുടമ പറയുന്നു. അതേസമയം ഭാര്യാവീട്ടുകാരുടെ മര്‍ദ്ദനമേറ്റ് സിറാജുദ്ദീന്‍ ആശുപത്രിയിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.