ന്യൂയോര്‍ക്ക്: മന്‍ഹാട്ടനിലെ മാഡിസണ്‍ അവന്യൂവില്‍ ഓഗസ്റ്റ് 18-ന് നടക്കുന്ന ഇന്ത്യാ ദിന പരേഡില്‍ ബോളിവുഡ് നടി വിദ്യാ ബാലന്‍ ഗ്രാന്റ് മാര്‍ഷലായിരിക്കും. സൗത്ത് ഇന്ത്യന്‍ താരങ്ങളായ ശരത് കുമാര്‍, ഭാര്യയും നടിയുമായ രാധിക എന്നിവര്‍ ഗസ്റ്റ് ഓഫ് ഓണര്‍മാരായിരിക്കും.
പാലക്കാട് സ്വദേശിയായ വിദ്യാ ബാലന്റെ കുടുംബം മുംബൈയില്‍ താമസമാക്കിയതാണ്. പഴശിരാജ എന്ന മലയാളം ചിത്രത്തില്‍ എടച്ചേന കുങ്കനെ അവിസ്മരണീയമാക്കിയ ശരത് കുമാര്‍ തമിഴിലും തെലുങ്കിലും സൂപ്പര്‍ സ്റ്റാറാണ്. പഴയ തമിഴ് നടനായ എം.കെ. രാധയുടെ പുത്രിയായ രാധിക, നടന്‍ പ്രതാപ് പോത്തന്റെ മുന്‍ ഭാര്യയാണ്.
വിദ്യാ ബാലന്‍: ഒറ്റപ്പാലത്തു നിന്നും ബോളിവുഡിന്റെ ഉയരങ്ങളിലേക്ക്
ബോളിവുഡില്‍ സൂപ്പര്‍നായകന്‍മാരെപ്പോലെ സൂപ്പര്‍ നായികമാരുമുണ്ട്. വിവാഹം കഴിഞ്ഞ് നായിക ഭര്‍ത്താവിന്റെ വീട്ടിലൊളിക്കുന്ന പതിവൊന്നും ഹിന്ദി സിനിമയിലില്ല. ഐശ്വര്യാ റായ്, പ്രീയങ്കാ ചോപ്ര, കരീനാ കപൂര്‍, കത്രീനാ കൈഫ് തുടങ്ങിയവരൊക്കെ ഇന്ന് ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നായികമാരൊക്കെ ഒരു സിനിമ സ്വന്തമായി ചുമലിലേറ്റാന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ടാണ് മറ്റു ഭാഷകളില്‍ നിന്നും ബോളിവുഡ് നായികമാര്‍ വ്യത്യസ്തരാകുന്നത്. എന്നാല്‍ ഇവരില്‍ നിന്നും ഒരുപടി വേറിട്ടു നില്‍ക്കുന്ന വിദ്യാബാലന്‍ എന്ന നായിക. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹീറോയിനായി മാറാന്‍ കഴിഞ്ഞു എന്നതാണ് വിദ്യാബാലന്റെ വിജയം. സൗന്ദര്യ മത്സര വേദിയില്‍ കിരീടം ചൂടി പിന്നീട് മണിരത്‌നം സിനിമയില്‍ തുടങ്ങി ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി ബോളിവുഡിന്റെ നെറുകയില്‍ ഗ്ലാമറില്‍ തിളങ്ങുന്ന ഐശ്വര്യാ റായിക്ക് പോലും അവകാശപ്പെടാന്‍ കഴിയില്ല അഭിനേത്രി എന്ന നിലയില്‍ വിദ്യാബാലന്റെ നേട്ടം.
വിദ്യക്ക് പറയാന്‍ താരകുടുംബത്തില്‍ ജനിച്ചതിന്റെ പിന്‍ബലമില്ല. സൗന്ദര്യ മത്സരവേദിയില്‍ കിരീടം ചൂടിയതിന്റെ ഗ്ലാമറുമില്ല. മോഡലിംഗ് കരീയറിന്റെ പാരമ്പര്യവുമില്ല. എന്തിന് മുംബൈയിലെ ചലച്ചിത്ര ലോകത്ത് മുന്‍പരിചയങ്ങളൊന്നുമില്ല. യഥാര്‍ഥത്തില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ പോലുമല്ല. എന്നിട്ടും വിദ്യാബാലന്‍ ഇന്ന് ബോളിവുഡ് സിനിമയുടെ നെറുകയിലാണ്. ഹിന്ദി സിനിമയിലെ "ലേഡി അമീര്‍ഖാന്‍' എന്ന് വിദ്യാബാലന്‍ വിശേഷിപ്പിക്കപ്പെടുന്നത് പ്രതിഭയുടെയും അഭിനയ മികവിന്റെയും പിന്‍ബലത്തിലാണ്. പ്രതിഭ ഒന്നുകൊണ്ടു മാത്രം ഉയരങ്ങള്‍ കീഴടക്കിയ പെണ്‍കുട്ടിയുടെ കഥയാണ് യഥാര്‍ഥത്തില്‍ വിദ്യയുടേത്. ആത്മവിശ്വാസം ഒന്നുകൊണ്ടു മാത്രം വിജയങ്ങള്‍ സ്വന്തമാക്കിയവള്‍.
ഇന്ന് ലോകമറിയുന്ന ബോളിവുഡ് താരം വിദ്യാബാലന്‍ ജനിച്ചത് ഒറ്റപ്പാലത്താണ്. അതെ, അവര്‍ ഒരു മലയാളി തന്നെയാണ്. പി.ആര്‍ ബാലന്റെയും സരസ്വതി ബാലന്റെയും മകള്‍. മലയാളവും, തമിഴും സംസാരിച്ചിരുന്ന ഒറ്റാപ്പാലത്തെ വീട്ടില്‍ നിന്നും മുംബൈയിലെത്തിയാണ് വിദ്യയുടെ വിദ്യാഭ്യാസം നടന്നത്. ഏറ്റവും രസകരമായ സംഗതി ഇന്ന് ലോകമറിയുന്ന ഹിന്ദി ചലച്ചിത്ര താരത്തിന്റെ ജന്മദേശം മലയാള സിനിമയുടെ തറവാട് എന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റപ്പാലത്തായിരുന്നു എന്നതാണ്. ഒറ്റപ്പാലംകാര്‍ക്ക് ചലച്ചിത്ര ഷൂട്ടിംഗ് ഒരു നിത്യകാഴ്ചയാണ്. ഒറ്റപ്പാലത്ത് വേരുകളുള്ള ഒരാള്‍ക്ക് സിനിമയെന്നത് സ്വപ്നമായി മാറുക സ്വാഭാവികമായ കാര്യവും. വിദ്യാബാലനും അങ്ങനെ തന്നെയാണോ സംഭവിച്ചതെന്നറിയില്ല. പക്ഷെ വിദ്യ തിരിച്ച് കേരളത്തിലേക്കെത്തിയത് കാമറക്ക് മുമ്പില്‍ ചായമിടാനായിരുന്നു. അതും ഒറ്റപ്പാലത്ത് തന്നെ.
ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു യഥാര്‍ഥത്തില്‍ വിദ്യാബാലന്‍ എന്ന അഭിനേത്രി. ചക്രം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി ലോഹി തിരഞ്ഞെടുത്തത് വിദ്യാബാലനെയായിരുന്നു. വിദ്യയുടെ ആദ്യ സിനിമ. സിനിമക്കായിട്ടുള്ള ഏറെക്കാലത്തെ ശ്രമങ്ങള്‍ക്ക് ശേഷമായിരുന്നു വിദ്യക്ക് ചക്രം എന്ന മോഹന്‍ലാല്‍ ചിത്രം ലഭിച്ചത്. മലയാളത്തിലെ സൂപ്പര്‍ താരത്തിനൊപ്പം തുടക്കം. ഒപ്പം ദിലീപ് സഹതാരവും. പക്ഷെ ചിത്രം പാതിവഴിയില്‍ മുടങ്ങി. തിരക്കഥ പൂര്‍ത്തിയാവാത്തതിനാല്‍ മോഹന്‍ലാല്‍ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു എന്ന് പറയപ്പെടുന്നു. അതല്ല മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരവും ദിലീപ് എന്ന വളര്‍ന്നു വരുന്ന യുവതാരവും തമ്മിലുള്ള ഈഗോയായിരുന്നു ചിത്രം മുടക്കിയതെന്നും പറഞ്ഞു കേട്ടിരുന്നു. എന്തായാലും ചിത്രം പാതിവഴിയില്‍ മുടങ്ങിയത് ഏറ്റവും തിരിച്ചടിയായത് വിദ്യക്കായിരുന്നു. ഭാഗ്യദോഷിയായ നായിക എന്ന ലേബല്‍ അന്ധവിശ്വാസം കൊടികുത്തി വാഴുന്ന മലയാള സിനിമാ ലോകം വിദ്യക്ക് പതിച്ചു നല്‍കി. മലയാള സിനിമയിലെ എക്കാലത്തെയും പതിവാണത്. ഏതെങ്കിലും സിനിമ മുടങ്ങുകയോ, പരാജയപ്പെടുകയോ ചെയ്താല്‍, ആ സിനിമയിലെ നായിക പുതുമുഖമാണെങ്കില്‍ എല്ലാ കുറ്റവും ദോഷവും നായികയുടെ തലയിലാവും. സംവിധായകനും നായകനുമൊക്കെ പൊടിയുംതട്ടിപോകുകയും ചെയ്യും.
വിദ്യാബാലന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. മോഹന്‍ലാലിന്റെ നായികയായി ചക്രത്തിലേക്ക് കരാര്‍ ചെയ്യപ്പെട്ടപ്പോള്‍ ആറോളം സിനിമകളിലേക്ക് വിദ്യയെ മലയാളത്തില്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ചക്രം മുടങ്ങിയതോടെ ഈ സിനിമകളില്‍ നിന്നെല്ലാം വിദ്യയെ ഒഴിവാക്കി, ഒരു കാരണം പോലും പറയാതെ. അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞിരുന്ന നിരവധിപ്പേര്‍ വിദ്യയെ നിഷ്കരുണം ഒഴിവാക്കി. തന്റെ കരിയറിന്റെ തുടക്കില്‍ നിരവധി തിരിച്ചടികള്‍ നേരിട്ടുവെന്ന് അടുത്തിടെ വിദ്യ തന്നെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. അഭിനയിക്കാന്‍ അറിയാത്ത സൗന്ദര്യമില്ലാത്ത ഭാഗ്യദോഷിയായ ഒരുവളെ എങ്ങനെ നായികയാക്കും എന്നായിരുന്നുവത്രേ പലരും ചോദിച്ചിരുന്നത്. അതിനു ശേഷം മാസങ്ങളോളം താന്‍ കണ്ണാടിയില്‍ നോക്കുന്നത് പോലും നിര്‍ത്തിയിരുന്നുവെന്ന് വിദ്യ പറയുന്നു.
മലയാളത്തില്‍ സംഭവിച്ച നഷ്ടത്തില്‍ നിന്നും വീണ്ടുമൊരു നഷ്ടത്തിലേക്കാണ് വിദ്യ ചെന്നെത്തിയത്. ഇത്തവണ തിരിച്ചടി കിട്ടിയത് തമിഴ് സിനിമയില്‍ നിന്നാണ്. എന്‍. ലിഗുസ്വാമി സംവിധാനം ചെയ്ത റണ്‍ എന്ന സിനിമയിലേക്കാണ് വിദ്യ തമിഴില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ യാതൊരു കാരണങ്ങളും പറയാതെ സംവിധായകന്‍ വിദ്യയെ സിനിമയില്‍ നിന്ന് ഒഴിവാക്കി. പകരം മീരാജാസ്മിനെ നായികയായി തിരഞ്ഞെടുത്തു. വിദ്യയുടെ അനുവാദം പോലും ചോദിക്കാതെ അവരെ വെറുമൊരു സഹനടിയുടെ വേഷത്തിലേക്ക് ചുരുക്കുകയും ചെയ്തു സംവിധായകന്‍. ഇതില്‍ മനസുമടുത്ത് വിദ്യ റണ്‍ എന്ന പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ശ്രീകാന്ത് നായകനായ മനസെല്ലാം എന്ന തമിഴ് ചിത്രം. ഇത്തവണയും വിദ്യക്ക് ഭാഗ്യം തെളിഞ്ഞിരുന്നില്ല. അവസാന നിമിഷം തൃഷ വിദ്യക്ക് പകരും ചിത്രത്തില്‍ നായികയായി. അതോടെ എവിടെയും ഭാഗ്യമില്ലാത്ത നായികയെന്ന വിളിപ്പേര് വിദ്യക്ക് കൂട്ടായി. എന്നാല്‍ തിരിച്ചടികള്‍ക്ക് ഇവിടെയും അവസാനമുണ്ടായില്ല.
സിനിമയില്‍ സൂപ്പര്‍നായികയാവാന്‍ മനസിലുറച്ച് എത്തിയ വിദ്യക്ക് പിന്നെയും ചലച്ചിത്രലോകം എതിരു തന്നെയായിരുന്നു. 2003ല്‍ മണിരത്‌നത്തിന്റെ ആയുധ എഴുത്ത് എന്ന ചിത്രത്തിലേക്ക് വിദ്യയെ തിരഞ്ഞെടുത്തതായിരുന്നു. പക്ഷെ ഇവിടെയും വിദ്യക്ക് വിനയായത് മീരാജാസ്മിന്‍ തന്നെ. അവസാന നിമിഷം മീര മണിരത്‌നം ചിത്രത്തിലെ നായികയായി.
ഇതിനു ശേഷമാണ് വിദ്യക്ക് ഒരു ചിത്രത്തില്‍ അഭിനയിക്കാനും ചിത്രം പൂര്‍ത്തിയാക്കാനും കഴിയുന്നത്. മലയാളത്തില്‍ മുകേഷ് നായകനായ കളരിവിക്രമന്‍ എന്ന ചിത്രം. സിനിമയിലേക്ക് എത്തുമ്പോള്‍ വിദ്യ ഒരിക്കലും ആഗ്രഹിച്ച തരത്തിലുള്ള ഒരു മികച്ച പ്രോജക്ട് ആയിരുന്നില്ല കളരി വിക്രമന്‍. ഒരു രണ്ടാംനിര ചിത്രം മാത്രം. എങ്കിലും ഒരു പിടിവള്ളിക്ക് വേണ്ടിയാവണം വിദ്യ അന്ന് ആ പ്രോജ്കട് സ്വീകരിച്ചത്. പക്ഷെ ഭാഗ്യക്കേട് അവിടെയും തീര്‍ന്നിരുന്നില്ല. കളരിവിക്രമന്‍ ഒരിക്കലും റീലീസായതേയില്ല. പെട്ടിയില്‍ ഉറങ്ങാനായിരുന്നു ആ ചിത്രത്തിന്റെ വിധി.
ഇതോടെയാണ് വിദ്യ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിന്നും മുംബൈയിലേക്ക് തിരിച്ചു പോകുന്നത്. അവിടെ പരസ്യ ചിത്രങ്ങളില്‍ മോഡലായി മാറി വിദ്യ. മോഡലിംഗ് രംഗത്ത് അങ്ങനെ വിദ്യ ഒരു കരിയര്‍ നേടിയെടുത്തു. ഏതാണ്ട് അറുപതോളം പരസ്യ ചിത്രങ്ങളിലെ നായികയായി. ഇതിനിടയില്‍ ഒരു ബംഗാളി ചിത്രത്തില്‍ വിദ്യക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. ഭാലോ ദേഖോ (2003)എന്ന ബംഗാളി ചിത്രം, വിദ്യയുടെ ആദ്യ തീയറ്റര്‍ റീലീസ്.
ശേഷം 2005ലാണ് വിദ്യക്ക് ആദ്യ ഹിന്ദി സിനിമ ലഭിക്കുന്നത്. വിദ്യ അഭിനയിച്ച നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രദീപ് സര്‍ക്കാറാണ് വിദ്യക്ക് ബോളിവുഡില്‍ ആദ്യ അവസരം നല്‍കുന്നത്. പരസ്യചിത്ര സംവിധായകനായിരുന്നു പ്രദീപ് സര്‍ക്കാറിന്റെ ആദ്യ ചലച്ചിത്ര സംരംഭമായിരുന്നു പരിനിതാ (2005). വിദ്യ ഈ ചിത്രത്തിലെ നായികയായി തിരഞ്ഞെടുക്കപ്പെട്ടു. സെയ്ഫ് അലിഖാനായിരുന്നു ചിത്രത്തിലെ നായകന്‍. ഒപ്പം സഞ്ജയ് ദത്തും. ശരത് ചന്ദ്ര ചന്ദോപ്ധ്യായ എന്ന പ്രമുഖ ബംഗാളി സാഹിത്യകാരന്റെ പരിനിതാ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ സിനിമ. അതുകൊണ്ടു തന്നെ ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഒരു ആത്മവുള്ള ചിത്രം തന്നെ വിദ്യക്ക് ലഭിച്ചു എന്ന് പറയണം. ലളിത എന്ന ഗായികയായി ചിത്രത്തില്‍ വിദ്യ മനോഹരമായി തിളങ്ങി, ബോളിവുഡ് സിനിമക്ക് അഭിനയമറിയുന്ന പുതു നായികയെ ലഭിച്ചു. നിരൂപകര്‍ വിദ്യയുടെ പ്രകടനത്തെ ആവോളം പ്രശംസിച്ചു.
തൊട്ടടുത്ത വര്‍ഷം തന്നെ വിദ്യാബാലന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ലഗോരഹോ മുന്നാഭായ് റലീസിനെത്തി. അതോടെ കൊമേഴ്‌സ്യല്‍ ഹീറോയിനായി വിദ്യ മാറി. സൗന്ദര്യമില്ലെന്ന് പറഞ്ഞ് കളിയാക്കിയവര്‍ ഗുഡ്‌മോണിംഗ് മുംബൈ എന്ന് പറഞ്ഞുകൊണ്ട് നിറഞ്ഞു ചിരിക്കുന്ന മുന്നാഭായിയിലെ റേഡിയോജോക്കിയായി വിദ്യയെ കണ്ടപ്പോള്‍ അമ്പരന്നു കാണും. അത്രത്തോളം സുന്ദരിയായിരുന്നു വിദ്യ മുന്നാഭായിയില്‍. തുടര്‍ന്ന് മണിരത്‌നം ചിത്രമായ ഗുരുവില്‍ വിദ്യ അഭിനയിച്ചു. അതോടെ വിദ്യയെ പുറംതള്ളിയ തെന്നിന്ത്യന്‍ സിനിമാ ലോകവും വിദ്യയുടെ പ്രതിഭയെ നേരിട്ട് കണ്ടറിഞ്ഞു.
പിന്നീട് പ്രീയദര്‍ശന്റെ ഭൂല്‍ഭലയ്യയായിരുന്നു വിദ്യയുടെ പ്രധാന ചിത്രം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായിരുന്നു ഇത്. എന്നാല്‍ മണിച്ചിത്രത്താഴില്‍ ശോഭനയുടെ ഗംഗ എന്ന കഥാപാത്രം കണ്ടുപരിചയിച്ചവര്‍ക്ക് വിദ്യ ശോഭനക്കൊപ്പം എത്തിയോ എന്ന് സംശയം തോന്നി. എന്നാല്‍ താരതമ്യമില്ലാതെ നോക്കിയാല്‍ വിദ്യ മോശമാക്കിയതുമില്ല. പിന്നീട് അമിതാഭ് ബച്ചന്റെ പാ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ വിദ്യ അഭിനയിച്ചു.
2011ല്‍ നോ വണ്‍ കില്‍ഡ് ജെസികാ എത്തിയതോടെയാണ് വിദ്യയുടെ അഭിനയ പ്രതിഭ പുതിയ ഉയരങ്ങളിലേക്ക് കടന്നത്. നോ വണ്‍ കില്‍ഡ് ജെസികയില്‍ റാണിമുഖര്‍ജിയും വിദ്യയുമായിരുന്നു നായികമാര്‍. ഒരു ഹീറോയും ചിത്രത്തിലുണ്ടായിരുന്നില്ല. പക്ഷെ ചിത്രം വന്‍ വിജയമായി. അഭിനയമറിയുന്ന നായിക എന്ന ലേബല്‍ വിദ്യക്ക് ഈ ചിത്രത്തോടെ സ്വന്തമായി. തുടര്‍ന്ന് സില്‍ക്ക്‌സ്മിതയുടെ ജീവിതകഥ പറഞ്ഞ ഡെര്‍ട്ടിപിക്ചര്‍ എന്ന ചിത്രം വിദ്യയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചു. മികച്ച അഭിനയത്തിന് ദേശിയ പുരസ്കാരം നേടിക്കൊണ്ട് ഒരിക്കല്‍ തന്നെ തള്ളിപ്പറഞ്ഞവരോട് വിദ്യ മധുരപ്രതികാരം ചെയ്തു. ഡെര്‍ട്ടി പിക്ചറിന് മറ്റൊരു വിജയം കൂടിയുണ്ടായിരുന്നു. ഒരു നായിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സൂപ്പര്‍ഹിറ്റായി മാറിയ ചിത്രം കൂടിയായിരുന്നു ഡെര്‍ട്ടി പിക്ചര്‍.
എന്നാല്‍ അത്ഭുതം വരാനിരിക്കുന്നതേയുണ്ടായിരുന്നു. 2012ല്‍ കഹാനി എന്ന ചിത്രമായിട്ടാണ് യഥാര്‍ഥ അത്ഭുതം എത്തിയത്. വിദ്യാ ബാലന്‍ എന്ന നായിക കേന്ദ്രകഥാപാത്രമായ മിസ്റ്ററി ത്രില്ലര്‍ ഫിലിമായിരുന്നു കഹാനി. ഒരു നായിക കേന്ദ്രകഥാപാത്രമായി അഭിനയിച്ച് നൂറു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന ആദ്യ ഹിന്ദിച്ചിത്രം എന്ന ക്രെഡിറ്റ് സ്വന്തമാക്കി കഹാനി ചരിത്രം കുറിച്ചു. കാണാതായ ഭര്‍ത്താവിനെ അന്വേഷിച്ച് അപരിചതമായ കൊല്‍ക്കത്താ നഗരത്തില്‍ എത്തിച്ചേര്‍ന്ന ഗര്‍ഭിണിയായ യുവതിയുടെ കഥയാണ് കഹാനി പറഞ്ഞത്. സുജോയ് ഘോഷായിരുന്നു സംവിധായകന്‍. ചിത്രത്തില്‍ മടുക്കു മുതല്‍ വെറും എട്ടു കോടി രൂപ. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട വിദ്യാബാലന്‍ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതും. എന്നാല്‍ കഹാനി നൂറു കോടിക്ക് മുകളില്‍ കളക്ഷന്‍ റിക്കോര്‍ഡ് നേടിയതോടെ ബോളിവുഡിലെ "ലേഡി അമീര്‍ഖാന്‍' എന്ന വിളിപ്പേര് കിട്ടി വിദ്യാബാലന്.
ഇതിനിടയില്‍ നിര്‍മ്മാതാവ് സിദ്ധാര്‍ഥ് റോയ് കപൂറുമായി വിദ്യ പ്രണയത്തിലായി. യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ സിഇഓ സിദ്ധാര്‍ഥുമായി കഴിഞ്ഞ ഡിസംബറില്‍ വിദ്യ വിവാഹിതയായി. എന്നാല്‍ വിവാഹം അഭിനയത്തിന് ഒരിക്കലും തടസമാകില്ലെന്ന് വിദ്യാബാലന്‍ വ്യക്തമാക്കി. സിനിമയില്‍ സജീവമായി തന്നെയുണ്ടാകുമെന്ന് ആരാധര്‍ക്ക് വിദ്യ ഉറപ്പു നല്‍കി. ഇപ്പോള്‍ വിദ്യ നായികയായ ഗഞ്ചാക്കര്‍ എന്ന ചിത്രം തീയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. വിദ്യയെ കേന്ദ്രകഥാപാത്രമാക്കി നാലോളം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഇപ്പോള്‍ മലയാളം പ്രതീക്ഷിക്കുന്നുണ്ടാകും ഒരിക്കല്‍ കൈവിട്ടു കളഞ്ഞ, ഭാഗ്യമില്ലാത്തവള്‍ എന്ന് മുദ്രകുത്തി പുറത്താക്കിയ വിദ്യയെ ഒരിക്കലെങ്കിലും മലയാള സിനിമയില്‍ അഭിനയിക്കാന്‍ എത്തിക്കാന്‍ കഴിയുമോ എന്ന്. സത്യന്‍ അന്തിക്കാടും, ഷാജി കൈലാസും തങ്ങളുടെ സിനിമകളില്‍ വിദ്യയെ നായികയായി ക്ഷണിച്ചെങ്കിലും ബോളിവുഡിലെ തിരക്കുകള്‍ കാരണം വിദ്യക്ക് എത്താനായില്ല. ഒരിക്കലും തന്നെ കൈവിട്ട മലയാളത്തോട് അത്രവേഗം ക്ഷമിക്കാന്‍ വിദ്യക്കും കഴിയില്ലായിരിക്കും. എങ്കിലും സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി എന്ന സിനിമയില്‍ ഒരു ഗാനരംഗത്തില്‍ വിദ്യ അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം ഒരു ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ എത്തിയ വിദ്യ മലയാളത്തോട് പിണക്കമില്ലെന്നും സാഹചര്യം അനുവദിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നും പറഞ്ഞിരുന്നു. അതുകൊണ്ട് തീര്‍ച്ചയായും വിദ്യയെ പ്രതീക്ഷിക്കാം, എതെങ്കിലും ഒരു മികച്ച മലയാള ചിത്രത്തില്‍ ബോളിവുഡ് കീഴടക്കിയ അഭിനയത്തിളക്കവുമായി.
ഐ.ഐ.എഫ്.എ. പുരസ്‌കാരം: വിദ്യാബാലന്‍ മികച്ച നടി, രണ്‍ബീര്‍ നടന്‍
ക്കാവു: ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി
(ഐ.ഐ.എഫ്.എ.) യുടെ മികച്ച നടീനടന്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍
വിദ്യാബാലനും രണ്‍ബീര്‍ കപൂറും സ്വന്തമാക്കി. കഹാനിയിലെ അഭിനയത്തിനാണ്
വിദ്യയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ബര്‍ഫിയിലെ പ്രകടനം രണ്‍ബീറിനെ
പുരസ്‌കാരത്തിന് അര്‍ഹനാക്കി.
അനുരാഗ് ബസു സംവിധാനം ചെയ്ത ബര്‍ഫിയാണ് മികച്ച ചിത്രം. സംവിധാനം, കഥ, സംഗീതം തുടങ്ങിയവയ്ക്കുള്ള പുരസ്‌കാരങ്ങളും ബര്‍ഫി നേടി.
വിദ്യാബാലന്‍ തനിക്കു കിട്ടിയ പുരസ്‌കാരം കഹാനിയുടെ സംവിധായകന്‍ സുജോയ്
ഘോഷിനു സമര്‍പ്പിച്ചു. രണ്‍ബീര്‍ പുരസ്‌കാരം സ്വീകരിക്കാനെത്തിയിരുന്നില്ല.
സംവിധായകന്‍ അനുരാഗ് ബസുവാണ് അദ്ദേഹത്തിനുവേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങിയത്.
മികച്ച ജോഡിക്കുള്ള അവാര്‍ഡ് ദീപികയ്ക്കും രണ്‍ബീറിനുമാണ്. യാമി ഗൗതം
(മികച്ച പുതുമുഖ നടി), ആയുഷ്മാന്‍ ഖുറാന (മികച്ച പുതുമുഖ നടന്‍), ഗൗരി
ഷിന്‍ഡെ (പുതുമുഖ സംവിധായകന്‍) തുടങ്ങിയവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.
ചൈനയിലെ മക്കാവുവിലായിരുന്നു അവാര്‍ഡ് ചടങ്ങ് സംഘടിപ്പിച്ചത്.