ഓട്ടവ: ഏപ്രില്‍ 28ന് നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യയും ചൈനയും ഇടപെടാന്‍ സാധ്യതയുണ്ടെന്ന് കാനഡ. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിന് പിന്നാലെയാണ് കാനഡയുടെ പുതിയ പരാമര്‍ശം.
എന്നാല്‍ തിരഞ്ഞെടുപ്പിലെ ഇടപെടലിനെ കുറിച്ചുള്ള ആരോപണങ്ങള്‍ ഇന്ത്യയും ചൈനയും നേരത്തെ തന്നെ നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ഇടപെടാന്‍ ചൈന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയേക്കാമെന്ന് കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വനേസ ലോയ്ഡ് പറയുന്നു. കനേഡിയന്‍ സമൂഹങ്ങളിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെടാനുള്ള ഉദ്ദേശ്യവും കഴിവും ഇന്ത്യന്‍ സര്‍ക്കാരിനുമുണ്ടെന്നും വനേസ കൂട്ടിച്ചേര്‍ത്തു.
2019, 2021 തിരഞ്ഞെടുപ്പുകളില്‍ ചൈനയും ഇന്ത്യയും നടത്തിയ ഇടപെടലുകളോടു കാനഡ മന്ദഗതിയിലായിരുന്നു പ്രതികരിച്ചതെന്ന് ജനുവരിയില്‍ പുറത്തിറങ്ങിയ ഒരു ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. എന്നാല്‍ കാനഡയുടെ പുതിയ ആരോപണത്തില്‍ ഇന്ത്യ, ചൈന എന്നിവ ഇതുവരെയും പ്രതികരിച്ചിട്ടില്ല.