കാലിഫോര്‍ണിയ: 35 വര്‍ഷമായി യുഎസില്‍ സ്ഥിരതാമസമാക്കിയിരുന്ന ദമ്പതികളെ ഇമിഗ്രേഷന്‍ അധികൃതര്‍ കൊളംബിയയിലേക്കു നാടുകടത്തിയത് ക്രൂരമായെന്ന് . ഗ്ലാഡിസ് ഗോണ്‍സേല്‍സ് (55), ഭര്‍ത്താവ് നെല്‍സണ്‍ ഗോണ്‍സേല്‍സ് (59) ദമ്പതികളുടെ മക്കള്‍ വെളിപ്പെടുത്തി. എന്നിവരെ ഫെബ്രുവരി 21നാണ് ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത്. യുഎസ് പൗരത്വമുള്ള മൂന്നു പെണ്‍മക്കള്‍ക്ക് കലിഫോര്‍ണിയയില്‍ കഴിയാം. മാതാപിതാക്കളെ മാത്രമാണു രേഖകളില്ലെന്ന പേരില്‍ യുഎസ് ഇമിഗ്രേഷന്‍ കസ്റ്റംസ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറസ്റ്റ് ചെയ്ത് മൂന്നരയാഴ്ച തടവില്‍ പാര്‍പ്പിച്ചശേഷം നാടുകടത്തിയത്.
സാന്റ അനയിലെ കോടതിയില്‍ കഴിഞ്ഞ മാസം പതിവുപോലെ എത്തിയതായിരുന്നു മാതാപിതാക്കളെന്ന് മകള്‍ സ്റ്റെഫാനി ഗോണ്‍സാലസ് രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ''2000 മുതല്‍ എല്ലാ വര്‍ഷവും അവര്‍ അങ്ങനെ പോകുന്നതാണ്. മാതാപിതാക്കള്‍ ഒരിക്കല്‍പ്പോലും നിയമം ലംഘിച്ചിട്ടില്ല. ഒരു അപ്പോയ്ന്റ്‌മെന്റ് പോലും മുടക്കിയിട്ടില്ല. നാലു ദശകത്തോളമായി ഇവിടെയൊരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു. മൂന്നു പെണ്‍മക്കളെ വളര്‍ത്തി സമൂഹത്തിനു നല്‍കി. ആദ്യ പേരക്കുട്ടിയെ അടുത്തിടെ അവര്‍ക്കു ലഭിച്ചു. ഈ സംഭവം ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. അവരെ ഇപ്പോള്‍ ക്രിമിനലുകളെപ്പോലെയാണ് കണക്കാക്കുന്നത്. ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ചു, നാടുകടത്തി. ഇതു ഞങ്ങളുടെ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകിടം മറിച്ചു'' - മകള്‍ പറഞ്ഞു.
നാടുകടത്തപ്പെടുമെന്ന് അവര്‍ക്ക് അറിയാമായിരുന്നുവെന്ന് ദമ്പതികള്‍ക്കായി 2018 മുതല്‍ ഹാജരാകുന്ന ഇമിഗ്രേഷന്‍ അഭിഭാഷക മോണിക്ക ക്രൂംസ് പറഞ്ഞു. ''നാട്ടിലേക്കു പോകാന്‍ അവര്‍ ഒരുക്കവുമായിരുന്നു. എന്നാല്‍ ഈ രീതിയില്‍ അല്ല അവര്‍ മടക്കം പ്രതീക്ഷിച്ചിരുന്നത്. കൃത്യമായി നികുതി അടച്ചിരുന്നു. പൗരത്വം നേടാനായി എല്ലാ മാര്‍ഗങ്ങളും നോക്കിയിരുന്നു. രാജ്യം വിട്ടുപോകണമെന്ന് 2018 മുതലാണ് ഇവരെ ഇമിഗ്രേഷന്‍ അധികൃതര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയത്. യുഎസിലെ അവരുടെ ജീവിതം നിയമപരമാക്കാനാകില്ലെന്നും രാജ്യം വിടണമെന്നുമായിരുന്നു അവരുടെ ആവശ്യം'' - മോണിക്ക പറഞ്ഞു.
ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു. ''1989 നവംബറിലാണ് ഇരുവരും കലിഫോര്‍ണിയയിലെ സാന്‍ സിദ്രോ വഴി യുഎസിലെത്തിയത്. താമസം നിയമപരമാക്കാന്‍ അവര്‍ എല്ലാ മാര്‍ഗങ്ങളും നോക്കി. സ്വയം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് 2000ല്‍ ഇമിഗ്രേഷന്‍ കോടതി ഇവരോട് ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ അവര്‍ പോയില്ല. അങ്ങനെയുള്ളവര്‍ സ്വന്തം ചെലവില്‍ രാജ്യം വിടേണ്ടതാണ്'' - ബന്ധപ്പെട്ടവര്‍ പറഞ്ഞു.